കുന്നംകുളം (തൃശൂർ): 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കുന്നംകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും. കായികോത്സവത്തിന് മുന്നോടിയായി ദീപശിഖ പ്രയാണം തിങ്കളാഴ്ച രാവിലെ 8.30ന് തൃശൂർ തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽനിന്ന് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം. വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യും.
സീനിയർ ഗ്രൗണ്ടിൽ ഒളിമ്പ്യന്മാരായ പി.ആർ. ശ്രീജേഷ്, ലിജോ ഡേവീസ് തോട്ടാൻ എന്നിവർ ചേർന്ന് ദീപശിഖ തെളിക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് മത്സരങ്ങൾക്ക് തുടക്കമാകും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. വൈകീട്ട് 3.30ന് കുട്ടികളുടെ മാർച്ച് പാസ്റ്റും ദീപശിഖ തെളിയിക്കലും ഉദ്ഘാടന സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സംസ്ഥാന സ്കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യും.
20 വരെയാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷത്തെ മാതൃകയിൽ ഈ വർഷവും പകലും രാത്രിയുമായാണ് മത്സരങ്ങൾ. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി ഇനങ്ങളും 10 ടീം ഇനങ്ങളുമാണ് ഉണ്ടാവുക.
ബഥനി സ്കൂൾ ഗ്രൗണ്ട് ആണ് വാമിങ് അപ് ഏരിയ. കായികോത്സവം മികവുറ്റതാക്കാൻ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കി കുന്നംകുളം പൂർണ സജ്ജമായിട്ടുണ്ട്. ഡിസ്പ്ലേ ബോർഡ്, ഫോട്ടോ ഫിനിഷ് കാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, സ്റ്റാർട്ട് ഇൻഡിക്കേറ്റ് സിസ്റ്റം, എൽ.ഇ.ഡി വാൾ തുടങ്ങിയവ സജ്ജീകരിച്ചു.
സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ ആയിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. 15 സ്കൂളുകളിലായാണ് കുട്ടികളുടെ താമസ സൗകര്യം. കായിക താരങ്ങളുടെ യാത്രക്കായി വിവിധ സ്കൂളുകളിൽനിന്ന് 20 ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
15 വർഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂർ സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 2679 കായിക പ്രതിഭകളാണ് കായികോത്സവത്തിൽ മാറ്റുരക്കുക. മുന്നൂറ്റമ്പതോളം ഒഫിഷ്യലുകൾ, ടീം മാനേജർമാർ, പരിശീലകർ എന്നിവർ മേളയുടെ ഭാഗമാകും.
തിങ്കളാഴ്ച വിവിധ വിദ്യാലയങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ദീപശിഖ പ്രയാണം വൈകീട്ട് അഞ്ചിന് കുന്നംകുളം നഗരം പ്രദക്ഷിണം ചെയ്ത് കായിക മത്സര വേദിയിലേക്ക് എത്തിച്ചേരും. രാവിലെ മുതൽ സംസ്ഥാന സ്കൂൾ കായിക മേളയുടെ രജിസ്ട്രേഷൻ ആരംഭിക്കും. കായിക താരങ്ങളും തിങ്കളാഴ്ച എത്തും. ആദ്യമെത്തുന്ന ടീമിന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
വയനാട് ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ കായിക പ്രതിഭകൾ പങ്കെടുക്കുന്നത്. മത്സര ഫലങ്ങൾ, മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ എന്നിവ സ്റ്റേഡിയത്തിൽ സ്ഥാപിച്ച സ്ക്രീനിലും www.sports.kite.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.
ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരാകുന്ന കുട്ടികൾക്ക് നാല് ഗ്രാം സ്വർണ പതക്കം സമ്മാനമായി നൽകും. സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് 4000 രൂപ വീതം സമ്മാനത്തുക നൽകും.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങൾക്ക് 2000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 1500 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനത്തുക നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.