മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷന് ഖലീഫ ബിൻ സൽമാൻ പാർക്കിൽ പരമ്പരാഗത തുഴച്ചിൽ മത്സരത്തോടെ തുടക്കം. ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷനൽ സ്പോർട്സ് കമ്മിറ്റി (മാവ്റൂത്ത്) ആണ് പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് മത്സരം സംഘടിപ്പിച്ചത്.
3,000 മീറ്റർ തുഴച്ചിൽ മത്സരം പാർക്കിനോട് ചേർന്ന കടലിൽ ആരംഭിച്ച് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിനു സമീപമാണ് അവസാനിച്ചത്. ഓപണിങ് റേസിൽ ഏകദേശം 132 മത്സരാർഥികൾ പങ്കെടുത്തു. 11 തുഴച്ചിലുകാർ വീതമുള്ള 12 ടീമുകളാണ് പങ്കെടുത്തത്. ടീം സുമൂം മത്സരത്തിൽ വിജയികളായി. എസ്സാർ രണ്ടാമതും അൽ അദീദ് ടീം മൂന്നാം സ്ഥാനത്തുമെത്തി. മത്സരം വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.
ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ടാം റൗണ്ട് റേസുകൾ അടുത്തയാഴ്ച സമാപിക്കും. അവിടെ വിജയിക്കുന്നവർ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ കപ്പ് നേടും. ആദ്യ റൗണ്ടിലെ മികച്ച ടീമുകൾ ഒക്ടോബറിൽ സീസൺ അവസാനത്തോടെ നടക്കുന്ന മത്സരങ്ങൾക്ക് യോഗ്യത നേടും.
ആധുനിക ഡൈവിങ് ഉപകരണങ്ങൾ ഉപയോഗിക്കാതെ 15 മീറ്റർ താഴ്ചയിൽ മുത്തുച്ചിപ്പി ശേഖരിക്കാൻ പ്രഫഷനൽ ഡൈവർമാർ ലക്ഷ്യമിടുന്ന ‘ഗൈസ് അൽ മവ്റൂത്ത്’ എന്ന മത്സരവും ഈ സീസണിൽ നടക്കും. മത്സ്യബന്ധന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത തുഴച്ചിലിനൊപ്പം ഡൈവിങ്ങും മീൻപിടിത്തവും ഇത്തവണ ഉൾപ്പെടുത്തി.
നാസർ ബിൻ ഹമദ് ഫാൽക്കൺറി, ഹണ്ടിങ് ഒമ്പതാമത് സീസൺ നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് @mawroothbh സന്ദർശിക്കുക അല്ലെങ്കിൽ 66944744 എന്ന നമ്പറിൽ വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.