കോഴിക്കോട്: പ്രൈം വോളി ലീഗിെൻറ അതേസമയത്ത് ദേശീയ ചാമ്പ്യൻഷിപ് പ്രഖ്യാപിച്ച് വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വി.എഫ്.ഐ). മൂന്നു വർഷം മുമ്പ് നടന്ന പ്രൈം വോളി ലീഗിൽ കരാർ തെറ്റിച്ചതിനെ തുടർന്ന് പ്രൈം വോളിയിൽ ഇത്തവണ വി.എഫ്.ഐയെ സംഘാടകരായ ബേസ്ലൈൻ വെഞ്ച്വഴ്സ് സഹകരിപ്പിച്ചിരുന്നില്ല.
പ്രൈം വോളി ലേലത്തിൽ പങ്കെടുക്കരുതെന്ന് പല കളിക്കാരെയും വി.എഫ്.ഐ അധികൃതർ നേരിട്ട് വിളിച്ച് ഭീഷണിസ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്തെ പ്രമുഖ താരങ്ങളെല്ലാം പ്രൈം വോളിയിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെയാണ് വി.എഫ്.ഐ ദേശീയ ചാമ്പ്യൻഷിപ് പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴു മുതൽ 13 വരെ ഭുവനേശ്വറിൽ ദേശീയ പുരുഷ, വനിത സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് നടത്തുമെന്നാണ് അസോസിയേഷൻ സംസ്ഥാന ഘടകങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നത്.
ഫെബ്രുവരി അഞ്ച് മുതലാണ് പ്രൈം വോളി ലീഗ് നടത്തുന്നത്. പ്രൈം വോളിയിലെ കളിക്കാർക്ക് ദേശീയ ചാമ്പ്യൻഷിപ്പിൽ കളിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. കരാർ ഒപ്പിട്ടതിനാൽ പ്രൈം വോളിയിൽനിന്ന് മാറിനിൽക്കാനാകില്ല. പ്രമുഖ താരങ്ങളില്ലാതെ നിറംമങ്ങിയ പുരുഷ ചാമ്പ്യൻഷിപ്പാകും ഇത്തവണയുണ്ടാകുമെന്നത് ഉറപ്പായി.
വി.എഫ്.ഐക്ക് അംഗീകാരം നഷ്ടമായതിനാൽ ചാമ്പ്യൻഷിപ്പുകളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾക്ക് ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല. ചാമ്പ്യൻഷിപ്പുകൾ നടത്തുന്നതിന് വി.എഫ്.ഐക്ക് വിലക്കില്ല.
അതേസമയം, റെയിൽവേയടക്കമുള്ള പ്രമുഖ ടീമുകൾ അംഗീകാരമില്ലാത്ത ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ സാധ്യത കുറവാണ്. കേരള വോളിബാൾ അസോസിയേഷന് സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ അംഗീകാരം നഷ്ടമായിരുന്നു. തുടർന്ന് സ്പോർട്സ് കൗൺസിൽ നേരിട്ടാണ് ചാമ്പ്യൻഷിപ്പുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.