പാരീസ്: ഒളിമ്പിക്സിലെ അയോഗ്യതക്കെതിരായ കായിക കോടതിയിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് വിധി വരും. വെള്ളിമെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് അപ്പീൽ നൽകിയത്. വിനേഷിന് അനുകൂലമായി കായിക കോടതിയിൽ നിന്നും വിധിയുണ്ടായാൽ അവർക്ക് വെള്ളിമെഡൽ നൽകും.
കഴിഞ്ഞ ദിവസം ഭാരക്കൂടുതലിന് അയോഗ്യയാക്കിയതിന് പിന്നാലെ വിനേഷ് ഫോഗട്ടിനെ അവസാനസ്ഥാനക്കാരിയായി ഉൾപ്പെടുത്തുമെന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വെള്ളിമെഡൽ നൽകണമെന്ന ആവശ്യവുമായി വിനേഷ് കായിക കോടതിയെ സമീപിച്ചത്.
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ദിനമാണ് കടന്നു പോയത്. വെള്ളി ഉറപ്പിച്ച് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് കഴിഞ്ഞ ദിവസം അയോഗ്യത വന്നിരുന്നു. ഭാരക്കൂടുതലിന്റെ പേരിലാണ് അവരെ അയോഗ്യയാക്കിയത്.
100 ഗ്രാം ഭാരമായിരുന്നു വിനേഷ് ഫോഗട്ടിന് കൂടുതലുണ്ടായിരുന്നത്. ഇതിനെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.