കൗർട്ടേൻ (ഫിൻലാൻഡ്): ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്രയുടെ ഒരുവർഷത്തോളം നീണ്ട ഇടവേളക്കുശേഷം മത്സരരംഗത്തേക്കുള്ള തിരിച്ചുവരവായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ അത്‍ലറ്റിക്സിലെ ചൂടുള്ള വാർത്ത. ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായ ശേഷം ഏറക്കാലം മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന നീരജ് തിരിച്ചെത്തിയത് റെക്കോഡിലേക്ക് ജാവലിൻ പായിച്ചാണ്.
ഒളിമ്പിക്സ് സ്വർണനേട്ടത്തിലും എത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന തന്റെതന്നെ പേരിലുള്ള ദേശീയ റെക്കോഡ് മറികടന്ന നീരജിന്റെ അടുത്ത ലക്ഷ്യം മറ്റൊന്നാണ്. ജാവലിൻ ത്രോയിൽ ലോകോത്തര താരങ്ങളുടെയെല്ലാം സ്വപ്നദൂരമായ 90 മീ. എന്ന കടമ്പ.
ഏറക്കാലമായി അതിലേക്ക് കണ്ണുപായിക്കുന്ന 24കാരന് ശനിയാഴ്ച നടക്കുന്ന ഫിൻലൻഡിലെ കൗർട്ടേൻ ഗെയിംസിൽ അതിന് സാധ്യമാവുമോ എന്നാണ് അത്‍ലറ്റിക് ലോകം ഉറ്റുനോക്കുന്നത്. ചൊവ്വാഴ്ച തുർക്കുവിൽ നടക്കുന്ന ഇതിഹാസ അത്‍ലറ്റ് പാവോ നൂർമിയുടെ പേരിലുള്ള ഗെയിംസിൽ 89.30 മീ. ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് റെക്കോഡ് പുതുക്കിയത്. കഴിഞ്ഞ മാർച്ചിൽ പട്യാലയിൽ കുറിച്ച 88.07 മീറ്ററാണ് നീരജ് പാവോ നൂർമി ഗെയിംസിൽ മറികടന്നത്. നീരജിന്റെ ഒളിമ്പിക് സ്വർണനേട്ടം 87.58 മീ. എറിഞ്ഞായിരുന്നു. കഴിഞ്ഞ ദിവസത്തെ നീരജിന്റെ 89.30 മീ. സീസണിലെ അഞ്ചാമത്തെ മികച്ച ദൂരമാണ്. ഈ വർഷം 90 മീ. പിന്നിടുമെന്നാണ് നീരജ് പ്രവചിച്ചിരുന്നത്. അത് സാധ്യമായാൽ നേട്ടം കൈവരിക്കുന്ന 21ാമത്തെ താരമാവും നീരജ്.
യു.എസിലും തുർക്കിയയിലും പരിശീലനം നടത്തിയ ശേഷമാണ് നീരജ് ഫിൻലാൻഡിലെത്തിയത്. കൗർട്ടേൻ ഗെയിംസിനുശേഷം ഈ മാസം 30ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഡയമണ്ട് ലീഗിലും നീരജ് മാറ്റുരക്കും. അടുത്ത മാസം 15 മുതൽ 24 വരെ യു.എസിലെ ഒറിഗോണിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് നീരജിന്റെ പ്രധാന ലക്ഷ്യം. തൊട്ടുപിറകെ കോമൺവെൽത്ത് ഗെയിംസുമുണ്ട്. ജൂലൈ 28 മുതൽ ആഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ സംഘത്തിന്റെ നായകൻകൂടിയാണ് നീരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.