യൂജീൻ (യു.എസ്): ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി വനിത ജാവലിൻ ത്രോയിൽ അനു റാണി ഫൈനലിൽ. ഗ്രൂപ് ബി യോഗ്യത റൗണ്ടിൽ 59.60 മീറ്റർ എറിഞ്ഞാണ് തുടർച്ചയായ രണ്ടാം തവണയും ഉത്തർപ്രദേശുകാരിയായ താരം ലോക ചാമ്പ്യൻഷിപ് മെഡൽ മത്സരത്തിലേക്ക് ടിക്കറ്റെടുത്തത്.
ഫൗളോടെയായിരുന്നു തുടക്കം. രണ്ടാം ശ്രമത്തിൽ എറിഞ്ഞത് 55.35 മീറ്റർ. മൂന്നാമത്തെയും അവസാനത്തെയും ഊഴമെത്തിയപ്പോൾ 60 മീറ്ററിന് വെറും 40 സെന്റി മീറ്റർ മാത്രം കുറവിൽ അനു ജാവലിൻ എത്തിച്ചു. ഗ്രൂപ്പിലെ അഞ്ചാം സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത. രണ്ട് ഗ്രൂപ്പിൽ നിന്നുമായി ആകെ 12 പേർ കടന്നതിൽ എട്ടാമതാണ് അനു. ഫൈനൽ ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 6.50ന് നടക്കും.
ദേശീയ റെക്കോഡുകാരിയായ അനുവിന്റെ കരിയറിലെ മികച്ച ദൂരം 63.82 മീറ്ററാണ്. 62.50 മീറ്റർ കൈവരിക്കുന്നവർക്കോ മികച്ച 12 ഏറുകാർക്കോ ആയിരുന്നു ഫൈനൽ യോഗ്യത. മൂന്നു പേർ മാത്രമാണ് 62.50 കടന്നത്. ജപ്പാന്റെ ഹാരുക കിറ്റാഗുചി (64.32 മീ.) ആണ് മുന്നിൽ. സീസണിലെ മികച്ച പ്രകടനക്കാരി അമേരിക്കയുടെ മാഗീ മോലാൺ 54.19 മീ. മാത്രം എറിഞ്ഞ് ഫൈനലിലെത്താനാവാതെ 22ാം സ്ഥാനക്കാരിയായി മടങ്ങി. നിലവിലെ ചാമ്പ്യൻ ഓസ്ട്രേലിയയുടെ കെൾസേ ലീ ബാർബെർ 61.27 മീറ്ററിൽ അഞ്ചാമതായാണ് അവസാന റൗണ്ടിലേക്ക് കടന്നത്. 2019ൽ ദോഹയിൽ ഫൈനലിലെത്തിയ അനു, 61.22 മീറ്ററിൽ എട്ടാമതായിരുന്നു. 2017ൽ ലണ്ടനിൽ നടന്ന ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിലും മത്സരിച്ചെങ്കിലും യോഗ്യത റൗണ്ടിൽ പത്താമതായി പുറത്തേക്ക് കടന്നു.
വനിത 3000 മീ. സ്റ്റീപ്ൾ ചേസ് ഹീറ്റിൽ പുറത്തായ ഇന്ത്യയുടെ പരുൾ ചൗധരിക്ക് 5000 മീറ്ററിലും നിരാശ. രണ്ടാം ഹീറ്റിൽ ഇറങ്ങിയ പരുൾ, 15:54.03 മിനിറ്റിൽ ഫിനിഷ് ചെയ്ത് 17ാമതായി. ആകെ പ്രകടനമെടുത്താൽ 31ാമതാണ്. ഇതോടെ സെമി ഫൈനൽ പ്രവേശനം ലഭിച്ചില്ല. 15:36.03 മിനിറ്റാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം.
യൂജീൻ: കസഖ്സ്താന്റെ അത് ലറ്റ് നോറ ജെറൂട്ടോക്ക് വനിത 3000 മീ. സ്റ്റീപ്ൾ ചേസിൽ ചാമ്പ്യൻഷിപ് റെക്കോഡോടെ സ്വർണം. എട്ട് മിനിറ്റ് 53.02 സെക്കൻഡിൽ പൂർത്തിയാക്കിയാണ് ഇവർ ചാമ്പ്യൻഷിപ് റെക്കോഡിട്ടത്. ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമയം. ഇത്യോപ്യയുടെ വെർകുഹ ഗെറ്റാച്യൂ 8:54.61 മിനിറ്റിൽ വെള്ളിയും സഹതാരം മെകിഡെസ് അബേഡെ (8:56.08) വെള്ളിയും നേടി. വനിത ഡിസ്കസ് ത്രോയിൽ ചൈനയുടെ ഫെങ് ബിൻ (69.12 മീ.) ഒന്നാം സ്ഥാനക്കാരിയായി. നിലവിലെ ചാമ്പ്യൻ ക്യൂബയുടെ യാമിയേ പെരെസിന് ഏഴാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
യൂജീൻ: പുരുഷ 100 മീറ്റർ ചാമ്പ്യൻ അമേരിക്കയുടെ ഫ്രെഡ് കെർലീ പരിക്കിനെത്തുടർന്ന് 4x100 മീറ്റർ റിലേയിൽ നിന്ന് പിന്മാറി. 200 മീറ്ററിലും സ്വർണ പ്രതീക്ഷയുണ്ടായിരുന്ന താരം സെമി ഫൈനലിൽ ആറാമനായി പുറത്തായി. 800 മീറ്ററിൽ ബ്രിട്ടൻ ഒന്നാം സ്ഥാനം ഉറപ്പിച്ച മാക്സ് ബർഗിനും പരിക്ക് കാരണം മത്സരത്തിനില്ലെന്ന് അറിയിച്ചു.
യൂജീൻ: പുരുഷ ഹോർമോണിന്റെ പേരിൽ വിലക്ക് നേരിട്ട ദക്ഷിണാഫ്രിക്കൻ താരം കാസ്റ്റർ സെമന്യ അഞ്ചു വർഷത്തിന് ശേഷം വീണ്ടും ലോക ചാമ്പ്യൻഷിപ് ട്രാക്കിൽ. 18 പേർ പങ്കെടുത്ത ഹീറ്റിൽ 13മതായതോടെ ഫൈനലിലെത്താനാവാതെ സെമന്യ മടങ്ങി. 800 മീറ്ററിൽ രണ്ട് ഒളിമ്പിക്, മൂന്ന് ലോക ചാമ്പ്യൻഷിപ് സ്വർണ മെഡലുകൾ കഴുത്തിലണിഞ്ഞ താരമാണ് സെമന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.