ബംഗളൂരു: കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലോക ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജാപ്പനീസ് ക്ലബായ സൺടറി സൺബേഡ്സിനും ബ്രസീലിയൻ ക്ലബായ ഇതാംബെ മിനാസിനും ആദ്യ ജയം. നേരിട്ടുള്ള സെറ്റുകൾക്ക് ഇരുടീമുകളുടെയും വിജയം. ഉദ്ഘാടന മത്സരത്തിൽ സൺബേഡ്സ് തുർക്കിയ ക്ലബായ ഹൾക്ക്ബാങ്ക് സ്പോറിനെയും (സ്കോർ: 25-23, 25-23, 25-16 ) രണ്ടാം മത്സരത്തിൽ ഇതാംബെ ആതിഥേയരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെയും (സ്കോർ : 25-22, 25-23, 25-19 ) വീഴ്ത്തി.
വമ്പന്മാരായ എതിരാളികൾക്ക് മുന്നിൽ പതറാത്ത കളിയാണ് ആതിഥേയരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കാഴ്ചവെച്ചത്. ആസ്ട്രേലിയക്കാരൻ മാക്സ് സെനികയെ കൂടാതെ മുത്തുസ്വാമി, അശ്വൽ റായ്, അമിത് ബൽവാൻ, മനോജ് മഞ്ജുനാഥ, അംഗമുത്തു എന്നിവർ ഡിഫൻഡേഴ്സിനായി കളത്തിലിറങ്ങി. ഐസക് സാന്റോസും ഗുസ്താവോ ഓർലാന്റോയും പൗളോ വിനീഷ്യസും ഇതാംബെയുടെ പട നയിച്ചു. ആദ്യ സെറ്റിൽ ഇതാംബെ 16 അറ്റാക്കുകൾ തീർത്തപ്പോൾ 10 അറ്റാക്കുകളുമായി ഡിഫൻഡേഴ്സും മോശമാക്കിയില്ല. എന്നാൽ, അവസാനം തുടരെ പോയന്റുകളുമായി ബ്രസീലിയൻ ക്ലബ് ആദ്യ സെറ്റ് പിടിച്ചു.
രണ്ടാം സെറ്റിൽ അമിത് ബൽവന്റെയും അംഗമുത്തുവിന്റെയും അശ്വൽറായിയുടെയും അറ്റാക്കുകളും ഇതാംബെ താരങ്ങളുടെ പിഴവുകളും ചേർന്നപ്പോൾ സ്കോർ 23-24 എന്ന നിലയിലെത്തി. നിർണായക സമയത്ത് ഒന്നാന്തരം ഔട്ട്സൈഡ് ഹിറ്റിലൂടെ പോയന്റ് പിടിച്ച് ഇതാംബെ രണ്ടാം സെറ്റും വരുതിയിലാക്കി. മൂന്നാം സെറ്റിൽ തുടക്കത്തിൽ അഹ്മദാബാദ് ലീഡെടുത്തെങ്കിലും പരിചയസമ്പത്തിന്റെ കരുത്തിൽ തിരിച്ചുവന്ന ഇതാംബെ, സെറ്റും ഗെയിമും പിടിച്ചു. 20 പോയന്റുമായി സാഞ്ചസാണ് ഇതാംബെയുടെ ടോപ് സ്കോറർ. ഡിഫൻഡേഴ്സിനായി അമിത് 13ഉം അംഗമുത്തു ഏഴും പോയന്റ് നേടി.
യൂറോപ്യൻ പ്രതിനിധികളായ തുർക്കി ക്ലബ് ഹൾക്ക് ബാങ്ക് സ്പോർ ക്ലബിനെ തകർത്ത ജപ്പാൻ ക്ലബ് സൺടറി സൺബേഡ്സ്, ലോക ചാമ്പ്യൻഷിപ്പിലെ തങ്ങളുടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ആദ്യ രണ്ടു സെറ്റുകളും ഒപ്പത്തിനൊപ്പം ഹൾക്ക്ബാങ്ക് പൊരുതിയെങ്കിലും മൂന്നാം സെറ്റിൽ തളർന്നു. മൂന്നാം സെറ്റിൽ തിരിച്ചുവരവിനുള്ള ശ്രമവുമായി ഹൾക്ക്ബാങ്ക് തുടക്കത്തിൽ ലീഡുമായി മുന്നേറി. എന്നാൽ, ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ സൺബേഡ്സ് പിന്നീട് എതിരാളികളെ നിലംതൊടാൻ സമ്മതിച്ചില്ല. ഔട്ട്സൈഡ് ഹിറ്ററായ ക്യൂബൻ താരം അലയ്ൻ ജൂനിയറിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു സൺടറിയുടെ കുതിപ്പ്.
ഒമ്പത് അറ്റാക്കിങ് പോയന്റും മൂന്നുവീതം ബ്ലോക്ക്, സെർവ് പോയന്റുകളുമാണ് 22 കാരൻ അലയ്ൻ നേടിയത്. 13 അറ്റാക്കിങ് പോയന്റും ഒരു ബ്ലോക്ക് പോയന്റുമായി ഓപ്പോസിറ്റ് സ്പൈക്കറായ റഷ്യൻ താരം ദിമിത്രി മുസെർകിയേവും മികച്ച പ്രകടനം പുറത്തെടുത്തു. ഹൾക്ക് ബാങ്ക് നിരയിൽ നിർണായകഘട്ടങ്ങളിൽ ക്യാപ്റ്റൻ നിമിർ അബ്ദുൽ അസീസിന്റെ സ്മാഷുകൾ പലതും പിഴച്ചു. നഗേപത് ഇയർവിൻ ഒമ്പതും നിമിർ എട്ടും അറ്റാക്കിങ് പോയന്റുകൾ നേടി. ഔട്ട്സൈഡ് ഹിറ്ററായ പെറിൻ ജോൺഗോർഡോനാണ് 11 അറ്റാക്കിങ് പോയന്റുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.