ബംഗളൂരു: ലോക ക്ലബ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ലബ് സർ സികോമ പെറൂജിയയും ബ്രസീലിയൻ ക്ലബായ ഇതാംബെ മിനാസും ഫൈനലിൽ കടന്നു. ശനിയാഴ്ച കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ പെറൂജിയ നിലവിലെ റണ്ണറപ്പായ തുർക്കിയ ക്ലബ് ഹൾക്ക്ബാങ്ക് സ്പോറിനെയും (സ്കോർ: 25-14, 25-16, 31-29) ഇതാംബെ മിനാസ് ജാപ്പനീസ് ക്ലബായ സൺടറി സൺബേഡ്സിനെയും (സ്കോർ: 22-25, 25-22, 28-30, 25-20, 17-15) തോൽപിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഹൾക്ക്ബാങ്ക് സൺബേഡ്സിനെ നേരിടും. രാത്രി 8.30നാണ് ഫൈനൽ.
കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകൾ അണിനിരന്ന ആദ്യ സെമിയിൽ ആദ്യ രണ്ടു സെറ്റിലും പെറൂജിയയുടെ വ്യക്തമായ മേധാവിത്വമാണ് കണ്ടത്. തകർപ്പൻ ഇടംകൈയൻ ഹിറ്റുകളും സെർവുകളുമായി ഏഴാം നമ്പർ താരം ഹെരീറ ആക്രമണം നയിച്ചു. രണ്ടാം സെറ്റിൽ ഹെരീറക്കൊപ്പം അറ്റാക്കുമായി സെമന്യൂക് കാമിലും ബ്ലോക്കുമായി സൊളെ സെബാസ്റ്റ്യനും ഫോമിലേക്കുയർന്നതോടെ തുർക്കികൾക്ക് അടിതെറ്റി. എന്നാൽ, ജീവന്മരണപോരാട്ടവുമായി മൂന്നാം സെറ്റിനിറങ്ങിയ ഹൾക്ക്ബാങ്ക് ഒന്നാന്തരം പ്രകടനവുമായി തിരിച്ചുവന്നു.
സ്കോർ 29-29ൽ നിൽക്കെ ഹൾക്ക് താരം നിമിറിന്‍റെ അറ്റാക്ക് ബ്ലോക്ക് ചെയ്ത് പെറൂജിയ ലീഡ് പിടിച്ചു. അടുത്ത സെർവിൽ അറ്റാക്കിനായി ഹൾക്ക് താരങ്ങൾ ഒരുങ്ങുംമുമ്പെ വീണുകിട്ടിയ പന്ത് സ്പൈക്ക് ചെയ്ത് പെറൂജിയ മൂന്നാം സെറ്റും ഗെയിമും വരുതിയിലാക്കി.
ഒപ്പത്തിനൊപ്പം മുന്നേറിയ സൺബേഡ്സും ഇതാംബെയും കളി അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാനം ബ്രസീലിയൻ വീര്യത്തിനായിരുന്നു ഫുൾമാർക്ക്. പ്രധാന അറ്റാക്കറായ ഐസക് ആദ്യ സെറ്റിലേ പരിക്കേറ്റുകയറിയിട്ടും ഇതാംബ പൊരുതി ജയം പിടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.