ബംഗളൂരു: ലോക ക്ലബ് വോളി ചാമ്പ്യൻഷിപ്പിൽ ജപ്പാൻ ക്ലബ് സൺടറി സൺബേഡ്സ് സെമിഫൈനലിൽ. കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ് സഡ ക്രുസേരോ വോളിയോട് രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തോറ്റെങ്കിലും വിലപ്പെട്ട ഒരു പോയന്‍റ് നേടാനായതാണ് ഏഷ്യൻ ചാമ്പ്യന്മാരെ സെമിയിലേക്ക് നയിച്ചത്. ആദ്യ മത്സരത്തിൽ തുർക്കി ക്ലബ് ഹൾക്ക് ബാങ്ക് സ്പോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത സൺബേഡ്സിന് ഇതോടെ നാല് പോയന്‍റായി. രണ്ടുപോയന്‍റുള്ള ക്രുസേരോ വെള്ളിയാഴ്ച ഹൾക്ക്ബാങ്കിനെ നേരിടും. ഇരു ടീമുകൾക്കും ഈ മത്സരം നിർണായകമാവും.
അഞ്ചു സെറ്റ് നീണ്ട പോരിനൊടുവിലാണ് സൺടറി സൺബേഡ്സ് ക്രുസേരോക്ക് മുന്നിൽ കീഴടങ്ങിയത്. സ്കോർ (25-21, 31-29, 28-30, 22-25, 15-12). വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ചാമ്പ്യൻ ക്ലബ്ബായ സർ സികോമ പെറൂജിയ ബ്രസീലിയൻ ക്ലബ്ബായ ഇതംബ മിനാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. സ്കോർ: (25-18, 26-24, 25-22). പൂൾ എയിൽ ഇരു ടീമുകൾക്കും മൂന്ന് പോയന്‍റ് വീതമാണുള്ളത്. വെള്ളിയാഴ്ച അഹ്മദാബാദിനെ തോൽപിച്ചാൽ പെറൂജിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവും.
സ്കോർ നില പോലെ കൊണ്ടും കൊടുത്തുമുള്ള ഒന്നാന്തരം കളി പുറത്തെടുത്ത ഇരു ടീമുകളും കാണികളെ ആവേശത്തേരിലേറ്റി. ഒന്നാം സെറ്റ് നാല് പോയന്‍റകലെ കൈവിട്ടെങ്കിലും രണ്ടാം സെറ്റിൽ തിരിച്ചുവരവിന്‍റെ സൂചന നൽകിയ ജപ്പാൻകാർ മൂന്നാം സെറ്റ് പിടിച്ചു. ഒന്നാന്തരം ബ്ലോക്കുകളുമായി ഒരുവേള മൂന്നാം സെറ്റിൽ 14-10 എന്ന സ്കോറിൽ ക്രുസേരോ മുന്നിലായിരുന്നു. റഷ്യൻതാരം ദിമിത്രിയുടെ തകർപ്പൻ ഹിറ്റുകളും ഒത്തിണക്കത്തോടെയുള്ള ബ്ലോക്കുകളുമായി സൺബേഡ്സ് സ്കോർ ഒപ്പത്തിനൊപ്പം പിടിച്ചു. അവസാനം സാത്കാംപിന്‍റെ സെർവ് പിഴച്ച് കളത്തിന് പുറത്ത് പതിച്ചപ്പോൾ സൺബേഡ്സിന് സെറ്റ്. ബ്രസീലുകാരെ സമ്മർദത്തിലാക്കി നാലാം സെറ്റും വിലപ്പെട്ട ഒരു പോയന്‍റും പിടിച്ചെങ്കിലും അവസാന സെറ്റിൽ ഒരു ചുവടകലെ സൺബേഡ്സ് വീണു. ക്യൂബൻ ഔട്ട് സൈഡ് ഹിറ്റർ മിഗ്വൽ ലോപസ്, ഒളിമ്പിക് ചാമ്പ്യൻ വാലസ് ഡിസൂസ, ലൂകാസ് സാത്കാംപ് എന്നിവർ അണിനിരന്ന ക്രുസേറോ പവർ സ്മാഷുകളും ഹിറ്റുകളും ഉതിർത്ത് കാണികളുടെ കൈയടിനേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.