ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ശ്രമങ്ങൾ ഇതിനകം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി (ഐ.ഒ.സി) ചർച്ചകൾ നടക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം കേന്ദ്ര യുവജനകാര്യ കായിക മന്ത്രി മുൻസുഖ് മാണ്ഡവ്യയും ലോക്സഭയിൽ ചോദ്യത്തിനുള്ള മറുപടിയായി ഇക്കാര്യം അറിയിച്ചിരുന്നു. നീണ്ട നടപടികളിലൂടെയാണ് ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യങ്ങളെ ഐ.ഒ.സി തെരഞ്ഞെടുക്കുന്നത്. പരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങളെയും മോദി പ്രശംസിച്ചു.
‘ഒളിമ്പിക്‌സിൽ ഇന്ത്യൻ പതാക ഉയരത്തിൽ പറക്കാൻ കാരണക്കാരായ യുവാക്കൾ ഇന്ന് നമ്മൾക്കൊപ്പമുണ്ട്. രാജ്യത്തെ 140 കോടി ജനങ്ങൾക്കുവേണ്ടി എല്ലാ കായികതാരങ്ങളെയും അഭിനന്ദിക്കുന്നു. അടുത്തദിവസം ഇന്ത്യയുടെ ഒരു വലിയ സംഘം പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ പാരിസിലേക്ക് യാത്ര തിരിക്കും, എല്ലാ താരങ്ങൾക്കും ആശംസകൾ നേരുന്നു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്, അതിനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ’ -മോദി പറഞ്ഞു.
ഈമാസം 28 മുതലാണ് പാരാലിമ്പിക്സ് ആരംഭിക്കുന്നത്. ടോക്യോ പാരാലിമ്പിക്സിൽ 19 മെഡലുകളാണ് ഇന്ത്യ നേടിയത്. 84 കായിക താരങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.