ലണ്ടൻ: യൂറോ കപ്പിന്റെയും കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെയും ആവേശം കെട്ടടങ്ങും മുമ്പെ ലോകം വീണ്ടും ഫുട്ബാൾ ആരവങ്ങളിലേക്ക്. യൂറോപ്പിലെ പ്രമുഖ ലീഗുകൾക്ക് വ്യാഴാഴ്ച തുടക്കമാവും. സ്പെയിനിൽ ലാലിഗ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. വെള്ളിയാഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗ് വണ്ണും കളത്തിലെത്തുന്നത്. ശനിയാഴ്ച ഇറ്റാലിയൻ സീരീ എയും ആഗസ്റ്റ് 23 ജർമൻ ബുണ്ടസ് ലിഗയും തുടങ്ങും.
ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽനിന്ന് സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മഡ്രിഡ് മോഹവില കൊടുത്ത് സ്വന്തമാക്കിയ ഫ്രാൻസ് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ ഇനി ലാ ലിഗ മൈതാനങ്ങളെ കോരിത്തരിപ്പിക്കും. യുവേഫ സൂപ്പർ കപ്പിലൂടെ അത് ലാന്റക്കെതിരെ റയൽ ജഴ്സിയിൽ ഇന്നലെ എംബാപ്പെ എത്തിയിരുന്നു. ഇന്ന് രാത്രി 10.30ന് അത് ലറ്റിക് ക്ലബും ഗെറ്റാഫെയും തമ്മിലാണ് ലാ ലിഗയിലെ ഉദ്ഘാടന മത്സരം. തുടർന്ന് ഒരുമണിക്ക് റയൽ ബെറ്റിസിനെ ജിറോണയും നേരിടും. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ ശനിയാഴ്ച വലൻസിയക്കെതിരെ ആദ്യ അങ്കത്തിനിറങ്ങും. പിറ്റേന്ന് മയ്യോർക്കക്കെതിരെ റയലും തുടങ്ങും.
നാളെ ആരംഭിക്കുന്ന പ്രീമിയർ ലീഗിലെ ആദ്യ കളി മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡും ഫുൾഹാമും തമ്മിലാണ്. പിറ്റേന്ന് ആഴ്സനൽ വോൾവ്സിനെതിരെയും ലിവർപൂൾ സ്ഥാനക്കയറ്റം നേടിയെത്തിയ ഇപ്സ് വിച് ടൗണിനെതിരെയും മത്സരിക്കും. തുടർച്ചയായ അഞ്ചാം കിരീടം തേടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ എതിരാളികൾ കരുത്തരായ ചെൽസിയാണ്. ഞായറാഴ്ചയാണ് ഈ കളി.
ഒരു സമയത്ത് ലയണൽ മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയ വമ്പൻ താരനിരയാൽ സമ്പന്നമായിരുന്നു ലീഗ് വൺ. മെസിക്കും നെയ്മറിനും ശേഷം എംബാപ്പെയും പി.എസ്.ജി വിട്ടതോടെ ഫ്രഞ്ച് ലീഗിന്റെ ജനപ്രീതിക്ക് മറ്റു രാജ്യത്തെ ആരാധകർക്കിടയിൽ ഇടിവ് വന്നിട്ടുണ്ട്. നാളെ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും ലെ ഹാവ്റെയും തമ്മിലാണ് ആദ്യ കളി. 17ന് സീരീ എ ജേതാക്കളായ ഇന്റർ മിലാനെ ജെനോവയും നേരിടുന്നതോടെ ഇറ്റലിയിലും ചൂടുപിടിക്കും. ജർമൻ കിരീട നേട്ടത്തിലൂടെ ചരിത്രത്തിലേക്ക് കയറിയ ബയെർ ലെവർകുസന് 23ന് മൊഞ്ചെൻഗ്ലാഡ്ബാച്ച് എതിരാളികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.