പാരിസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ കായിക കോടതി തള്ളി. ഒറ്റവരി ഉത്തരവാണ് വിനേഷിനു വേണ്ടി ഹാജരായ അഭിഭാഷകർക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. 16ന് രാത്രിക്കു മുൻപ് ഉത്തരവ് വരുമെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഫോഗട്ടിനെ ഒളിമ്പിക്സ് ഫൈനലിൽനിന്ന് അയോഗ്യയാക്കിയതിനെതിരെയാണ് രാജ്യാന്തര തർക്കപരിഹാര കോടതിയെ സമീപിച്ചത്.
ഒളിമ്പിക്സ് ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ എത്തിയശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. മത്സര ദിവസമാണ് ശരീരഭാരം കൂടിയെന്നു കാണിച്ച് അയോഗ്യത പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ ഗുസ്തിയിൽനിന്നും വിനേഷ് വിരമിക്കുകയും ചെയ്തു. എന്നാൽ വെള്ളി തനിക്ക് അർഹതപ്പെട്ടതാണെന്ന് അവകാശപ്പെട്ടാണ് അപ്പീൽ നൽകിയത്. വിനേഷിന് ഇനിയും അപ്പീൽ നൽകാം.
അപ്പീൽ തള്ളിയതിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രംഗത്തെത്തി. ഇത്തരം മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾ അത്‍ലറ്റുകൾ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് ഐ.ഒ.എ വ്യക്തമാക്കി. ‘തീരുമാനം ഞെട്ടലും നിരാശയുമുണ്ടാക്കുന്നു. ഇത് കായിക സമൂഹത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. 100 ഗ്രാമിന്റെ ചെറിയ പൊരുത്തക്കേടും അനന്തരഫലങ്ങളും വിനേഷിന്റെ കരിയറിൽ മാത്രമല്ല അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു’-ഐ.ഒ.എ പ്രസിഡന്റ് പി.ടി. ഉഷ പ്രസ്താവനയിൽ പറഞ്ഞു.
സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെ കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. സുസാക്കിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ തോല്‍വി കൂടിയാണിത്.
നേരത്തെ ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും ഭാരപരിശോധനാ വേളയിൽ വിനേഷ് വെല്ലുവിളി നേരിട്ടിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറുകയായിരുന്നു. പാരിസ് ഒളിമ്പിക്സിൽ ആറ് മെഡലോടെ 71-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.