ആ രാത്രി അതിമനോഹരം, അവിശ്വസനീയം...; അരങ്ങേറ്റ മത്സരത്തിനു പിന്നാലെ എംബാപ്പെ

മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ ജഴ്സിയിൽ സ്വപ്ന സമാനമായ അരങ്ങേറ്റമാണ് ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ നടത്തിയത്. ഒരു ഗോൾ നേടി താരം വരവറിയിച്ചപ്പോൾ, കിരീട നേട്ടത്തോടെ റയലിന് പുതിയ സീസൺ ആരംഭിക്കാനുമായി.

യുവേഫ സൂപ്പർ കപ്പിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കാർലോ ആഞ്ചലോട്ടിയും സംഘവും വീഴ്ത്തിയത്. പി.എസ്.ജിയിൽ ഒട്ടനവധി റെക്കോഡുകൾ സ്വന്തം പേരിലാക്കിയ താരം, സൗജന്യ ട്രാൻസ്ഫറിലാണ് മഡ്രിഡിലേക്ക് എത്തുന്നത്. പി.എസ്.ജിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ്. 308 മത്സരങ്ങളിൽനിന്ന് ക്ലബിനായി 256 ഗോളുകൾ നേടി. 108 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

സൂപ്പർ കപ്പിൽ റയലിന്‍റെ രണ്ടാം ഗോൾ നേടിയത് എംബാപ്പെയായിരുന്നു. ഏറെ പ്രതീക്ഷകളോടെ ക്ലബ് ടീമിലെത്തിച്ച എംബാപ്പെ വരുംദിവസങ്ങളിൽ ലാ ലിഗയിലും ഗംഭീര പ്രകടനവുമായി കളംനിറയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തന്‍റെ ജീവിതത്തിലെ സ്വപ്നമായിരുന്നു റയലിനൊപ്പം കളിക്കുകയെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘റയൽ മഡ്രിഡിന് വേണ്ടി കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്രമാത്രം വിലപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ഇത് അവിശ്വസനീയമാണ്’ -എംബാപ്പെ മത്സരശേഷം പ്രതികരിച്ചു.

റയൽ മഡ്രിഡിൽ അരങ്ങേറ്റം കുറിച്ചതിൽ താരം വലിയ ആവേശത്തിലാണ്. ‘ആ രാത്രി വളരെ മനോഹരമായിരുന്നു. ഏറെ നാളായി ഈ നിമിഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു, ഈ ജഴ്സിയിൽ, ഈ ബാഡ്ജ് ധരിച്ച്, ഈ ആരാധകർക്കുവേണ്ടി പന്തുതട്ടുന്നത്. എനിക്കിത് മഹത്തായ നിമിഷമാണ്. ഞങ്ങൾ ഒരു കിരീടം നേടി, അത് പ്രധാനമാണ്. മഡ്രിഡിൽ, എല്ലായ്പ്പോഴും വിജയിക്കണം’ -ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.

അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടാനായതിൽ വളരെ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു. ഈമാസം 18ന് മല്ലോർക്കക്കെതിരെയാണ് റയലിന്‍റെ സീസണിലെ ആദ്യ ലാ ലിഗ മത്സരം. പി.എസ്.ജിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ ഫോമിലായിരുന്നു താരം. 48 മത്സരങ്ങളിൽനിന്ന് 44 ഗോളുകളാണ് താരം നേടിയത്. 10 അസിസ്റ്റുകളും നടത്തി.

Tags:    
News Summary - Kylian Mbappe speaks out after scoring on Los Blancos debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.