ദുബൈ: മകന്റെ പിറന്നാൾ ദിനത്തിൽ വികാരനിർഭര കുറിപ്പുമായി ടെന്നിസ് താരം സാനിയ മിർസ. ഒക്ടോബർ 30ന് സാനിയയുടെ മകൻ ഇസ്ഹാന്റെ അഞ്ചാം പിറന്നാളായിരുന്നു. മകന് പിറന്നാൾ ആശംസ നേർന്ന് സമൂഹ മാധ്യമങ്ങളിലാണ് സാനിയ കുറിപ്പു പങ്കുവെച്ചത്.
‘നിന്നെ എന്നോടൊപ്പം ചേർത്തുവെച്ച് അനുഗ്രഹിച്ചതിന് അല്ലാഹുവിനോട് ഏറെ നന്ദിയുണ്ടെ’ന്ന് കുറിച്ച സാനിയ, നിരുപാധികമായ സ്നേഹം എന്നതുകൊണ്ട് യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത് എന്ന് കാണിച്ചുതന്നതിന് ഇസ്ഹാന് നന്ദി പറയുന്നു. മകനുമൊത്തുള്ള നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചു.
കുറിപ്പിന്റെ പൂർണരൂപം...
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് ജന്മദിനാശംസകൾ. എനിക്ക് ചുറ്റും എത്ര ഇരുട്ടുപരന്നിട്ടുണ്ടെങ്കിലും, നിന്റെ പുഞ്ചിരി എല്ലാം മികവുറ്റതാക്കി മാറ്റുന്നു. നിന്നെ എന്നോടൊപ്പം ചേർത്തുവെച്ച് അനുഗ്രഹിച്ചതിന് അല്ലാഹുവിനോട് ഏറെ നന്ദിയുണ്ട്. നിരുപാധികമായ സ്നേഹം എന്നതുകൊണ്ട് യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത് എന്ന് കാണിച്ചുതന്നതിന് നന്ദി. എന്റെ ഹൃദയം എന്നെന്നേക്കുമായി നിനക്കാണ്.. ഓരോ വർഷവും ഞാൻ നിന്നെ കുറേക്കൂടി ചേർത്തുപിടിക്കും. പറന്നുയരാനായി ചിറകുകൾ കണ്ടെത്താൻ സഹായിക്കുമ്പോൾ കൂടുതൽ ഗാഢമായി നിന്നെ ആലിംഗനം ചെയ്യും...ഇൻശാ അല്ലാഹ്...അല്ലാഹു എപ്പോഴും നിന്നിൽ അനുഗ്രഹം ചൊരിയട്ടെ...
പിതാവും പാക് ക്രിക്കറ്റ് താരവുമായ ശുഐബ് മാലികും ഇസ്ഹാന് പിറന്നാൾ ആശംസ നേർന്നു. ‘ഹാപ്പി ബർത്ത്ഡേ ബേട്ടാ..ബാബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ -ശുഐബ് കുറിച്ചു. ഇസ്ഹാനുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പമുണ്ട്. സാനിയയെയും ഈ ചിത്രത്തിൽ കാണാം. ഏറെ കാലത്തിനുശേഷമാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. മകന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി ദുബൈയിൽ ഒരുമിച്ചതാണ് കുടുംബം. സാനിയയുടെ മാതാപിതാക്കളും സഹോദരിയും ദുബൈയിലെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.