'സ്വർഗത്തിൽ കളി പറയാൻ ഒരാള് വേണം'; ആശുപത്രിക്കിടക്കയിലെ അനുഭവങ്ങൾ പങ്കുവെച്ച് ഡോ. മുഹമ്മദ് അഷ്റഫ്

ആശുപത്രിക്കിടക്കയിലെ അനുഭവങ്ങൾ പങ്കുവെച്ച് പ്രമുഖ കളിയെഴുത്തുകാരൻ ഡോ. മുഹമ്മദ് അഷ്റഫ്. ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞ് ജർമനിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഡോ. മുഹമ്മദ് അഷ്റഫ്. ശസ്ത്രക്രിയയെ കുറിച്ചും ആശുപത്രിക്കിടക്കയിൽ ത​ന്നെ അലട്ടുന്ന ചിന്തകളെയും സ്വപ്നങ്ങളെയും കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നത്.

കേരള സര്‍ക്കാരില്‍ സ്പോര്‍ട്സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് ഡോ. മുഹമ്മദ് അഷ്റഫ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആശുപത്രികിടക്കയിലേ സ്വപ്‌നങ്ങൾ".. സ്വർഗത്തിൽ കളി പറയാൻ ഒരാള് വേണം....!!
ഇത്തവണ പതിവ് പരിശോധനയിലായിരുന്നു എന്റെ പ്രിയപ്പെട്ട ഹൃദയത്തിന്റെ പിണക്കം കണ്ടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി ചെറിയ തോതിലുള്ള നെഞ്ചെരിച്ചിലും കൊച്ചു കൊച്ചു ശ്വാസതടസവും ആയപ്പോൾ കാർഡിയോളോജിയിലെ ഡോ സാനോനിനോ യെ കണ്ടൊരു പരിശോധന ആകണമെന്ന് കരുതി. അദ്ദേഹമാണെങ്കിൽ ഫോർട്ടൂണാ ഡ്യുസൽ ഡോർഫിന്റെ ആരാധകൻ. കണ്ടാൽ ആദ്യ 15 മിനിറ്റ് കടുത്ത തിരക്കിനിടയിലും ഇഷ്ട്ട ടീമിന്റെ നില നിൽപ്പിനെക്കുറിച്ചാകും സംസാരം.
അവരുടേത് നല്ല തുടക്കമായിരുന്നെങ്കിലും സീസൺ കഴിയുംവരെ ശ്വാസം പിടിച്ചിരിക്കേണ്ട അവസ്ഥ ഡോക്ടർ അടക്കമുള്ള ആരാധകർക്കു. അവർ രണ്ടാം ഡിവിഷനിൽ എങ്കിലും തുടരുമോയെന്നറിയാൻ..!
അതുപോലെ കാൽപ്പന്തിനത്തിലെ കീറാമുട്ടി ചോദ്യങ്ങൾ വേറെയും. ആളൊരു ചെറുപ്പക്കാരൻ. സായുവിനെക്കാളേറെ ഈ കളി വിശേഷങ്ങൾ എങ്ങനെ ഒപ്പിച്ചെടുക്കുന്നു എന്ന കുസൃതി ചോദ്യം ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരിക്കും. എന്തായാലും ഇ.സി.ജി കഴിഞ്ഞപ്പോഴേ ഡോക്കറ്റർജിയുടെ പ്രസരിപ്പിനു ഒരു മങ്ങൽ. അതോ എനിക്ക് അപ്പൊ അങ്ങനെ തോന്നിയതോ.!
ഒരു സ്കാൻ കൂടിയാകാമെന്നായി ആശാൻ. അതുകഴിഞ്ഞു വീണ്ടും അങ്ങേർ കളി പിരാന്തനായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ 'നാളെ രാവിലെ യൂണി ക്ലിനിക്കിലേക്ക് ഒന്ന് പോയിക്കോളൂ ഞാൻ വിളിച്ചു ഏർപ്പാട് ചെയ്യാം ഒരു എച്ച്.കെ.യു ആകാം'.
അതായത് അങ്ങേരുടെ ഭാഷയിൽ ഒരു ഹാർട്ട് കത്തിറ്റർ പരിശോധന നമ്മുടെ ആഞ്ജിയോഗ്രാം. 2020 ആഗസ്റ്റ് 22 ലെ നടുങ്ങുന്ന ഓർമ്മ പെട്ടന്നു മനസ്സിന് മുന്നിൽ. എല്ലാം കറുപ്പായതു പോലെ. കുറിപ്പടി ഒക്കെ തയാറാക്കി കൈയിൽ ഏൽപ്പിച്ചിട്ടു ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അത്യാവശ്യ സാധങ്ങളുമായി ഒരു സഞ്ചിക്കൂടി കരുതിക്കോളൂ... എന്നൊരു ഉപദേശവും... പിന്നെ രാവിലെ ഒന്നും കഴിക്കേണ്ടെന്നൊരു താക്കീതും.
പറഞ്ഞതുപോലെ ഒക്കെ ചെയ്തു. രാവിലെ തന്നെ ആശുപത്രിയിലെത്തി. അപ്പോൾ തന്നെ തീയറ്ററിലേക്ക് ആനയിച്ചപ്പോഴേ എനിക്ക് സംഗതി ഏതാണ്ട് പിടി കിട്ടി. കൈക്കുഴ പച്ചക്കു തുരന്നു ട്യൂബു കയറ്റി ഒരു പരിശോധന പത്തു നാല്പതു മിനിറ്റു കൊണ്ട് കാര്യം കഴിഞ്ഞു. 'വിധി പ്രഖ്യാപനം' നാളെ രാവിലെ ഏഴുമണിക്ക് ആഞ്ജിയോ പ്ലാസ്റ്റി ചെയ്യാം... സ്റ്റെന്റ് ഇമ്പ്ലാന്റ് ചെയ്യണം...!
നാവിറങ്ങിപ്പോയ ആദ്യ ചികിത്സയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഓർത്തു കണ്ണു നിറഞ്ഞൊഴുകി. കൂടുതൽ ഒന്നും എഴുതേണ്ടതില്ല. നേരം പുലർന്നപ്പോൾ നമ്മടെ ഫഹദ് ഫാസിലിന്റെ രൂപമുള്ള ഒരു ബോസിനിയാക്കാരൻ നഴ്‌സ്‌ വിളിച്ചുണർത്തി ശാന്തമായിരിക്കാനുള്ള രണ്ടു ഗുളികയും തന്നു. ഒരുമണിക്കൂർ കഴിഞ്ഞു തിയേറ്ററിൽ കയറ്റി.
ഇത്തവണ തുടയുടെ മുകൾ ഭാഗത്തായിരുന്നു തുള. ഒക്കെ അനുഭവിച്ചു പച്ച മാസം കുത്തിത്തുരന്നു കമ്പി കയറ്റി. അത് ധമനികളിലൂടെ ഊർന്നിറങ്ങുന്നതൊക്കെ വിധിയെ പഴിച്ചു അനുഭവിച്ചു. കഴിഞ്ഞ തവണ ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അന്നെന്നെ ബോധമില്ലാതെ വഴിയിൽ നിന്ന് കിട്ടി അവിടെ എത്തിച്ചതായിരുന്നല്ലോ.
ഒക്കെ കഴിഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ കൂട്ടത്തിൽ പ്രായമുള്ള ഒരു ഡോക്ടർ പറഞ്ഞു മൂന്ന് സ്റ്റെന്റ് ഇമ്പ്ലാന്റ് ചെയ്തിട്ടുണ്ട്. കടത്തിയ ട്യൂബ് തുടയിൽ നിന്നൂരി എടുത്തപ്പോൾ ഞാൻ അലറി വിളിച്ചു പോയി. എന്തുമാത്രം വേദനയായിരുന്നതിനു...!!
തിരിച്ചു പോസ്റ്റ് ഒ.പി വാർഡിൽ എത്തിയത് മുതൽ ഞാൻ മറ്റൊരു മനുഷ്യൻ, മറ്റൊരു ലോകത്തു. എന്തോ ആപ്പോഴായിരിക്കണം കുത്തി വച്ച മരുന്നുകൾ പ്രവർത്തിച്ചു തുടങ്ങിയത്. പകൽ മുഴുവൻ ഉറക്കം. മൊത്തം ചോര കലർന്ന ഒരു മഞ്ഞ നിറം. മൂക്ക് തുളക്കുന്ന രൂക്ഷ ഗന്ധം. എന്തോ അപസ്മാരം പിടിച്ച മട്ടിലുള്ള സ്വപ്‌നങ്ങൾ.
ദുസ്വപ്‌നങ്ങൾ എന്നു കേൾക്കാറുണ്ടെങ്കിലും ഇത്തവണത്തേത് ശെരിക്കും അതായിരുന്നു. മരണം ഏതൊക്കെയോ രീതിയിൽ മുന്നിൽ തൊട്ടടുത്തയാളുടെ മൃതദേഹം എന്നെ കാണിക്കാതിരിക്കാൻ ആരോ എന്റെ കണ്ണിൽ എന്തോ കട്ടി കൂടിയത് ഇട്ടു മറക്കുന്നു. ഞാൻ വിളിച്ചു കൂവുന്നു. ശബ്ദം പുറത്തേക്കു വരുന്നില്ല. ആകെ വിയർത്തു കുളിച്ചിരിക്കുന്നു. അയാളെ ചിറകുള്ള ഒരു കറുത്ത കുതിരപ്പുറത്തു കയറ്റി വിടുന്നു.
പിന്നീടാണ് അറിഞ്ഞത് ഏതാണ്ട് രണ്ടു മീറ്ററോളം ഉയരമുള്ള ആ സായുവിനെ വഴിയിൽ നിന്ന് ബോധമില്ലാതെ രണ്ടു ദിവസം മുൻപ് കണ്ടെത്തി ഹെലികോപ്റ്ററിൽ അവിടെ എത്തിച്ചതാണെന്നും. ഒരു പുതിയ ഹൃദയത്തിനായി കാത്തിരിക്കേണ്ടയാളാണെന്നും. കണ്ണടക്കുമ്പോഴൊക്കെ എന്റെ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾ തുടർന്നുകൊണ്ടിരുന്നു.
തിളച്ചു മറിയുന്ന വെള്ളത്തിൽ ശ്വാസം കിട്ടാതെ മുങ്ങി താഴുന്നു പ്രിയപ്പെട്ടവരും പിരിഞ്ഞു പോയവരുമൊക്കെ പല വേഷത്തിൽ മുന്നിൽ. ഓടുന്ന തീവണ്ടിയിൽ നിന്ന് തെറിച്ചു പുറത്തു വീഴുന്നു. വ്യഥയും വിഹ്വലതയും ഉണർത്തുന്ന രംഗംഗങ്ങൾ. എന്താണിതൊക്കെ. സ്വപ്‌ന വിശകലനക്കാരായ കൂട്ടുകാർ ഇതിന്റെ പൊരുൾ പറഞ്ഞു തരുമോ. ഇന്നു അഞ്ചാം ദിവസമാണ് ഞാൻ ഈ കിടക്കയിൽ.




Tags:    
News Summary - sports journalist Dr Mohamed Ashraf Sharing his experiences in the hospital bed after Angioplasty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.