വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ്: ജഗദീഷിന്‍െറ മികവില്‍ കേരളത്തിന് ജയം


മംഗളൂരു: ഓപണര്‍ വി.എ. ജഗദീഷിന്‍െറ സെഞ്ച്വറിയുടെ (121) ബലത്തില്‍ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഗ്രൂപ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 60 റണ്‍സ് ജയം.  ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ റെയില്‍വേസിന് 196 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ടോസ് നേടിയ റെയില്‍വേസ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റണ്‍സൊന്നുമെടുക്കാതെ ഓപണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മടങ്ങിയെങ്കിലും സഞ്ജു വി. സാസംണും (35) ജഗദീഷും കേരളത്തെ കരകയറ്റി. രോഹന്‍ പ്രേം (34), ക്യാപ്റ്റന്‍ സചിന്‍ ബേബി (34) എന്നിവരും കേരള സ്കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് പ്രശാന്ത് പരമേശ്വരനും (21) തിളങ്ങി.

തരക്കേടില്ലാത്ത ലക്ഷ്യം തേടിയിറങ്ങിയ റെയില്‍വേസിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തി കേരളം സമ്മര്‍ദത്തിലാക്കി. 77 റണ്‍സെടുത്ത ഓപണര്‍ സൗരഭ് വകാസ്കറും 53 റണ്‍സെടുത്ത മധ്യനിര ബാറ്റ്സ്മാന്‍ അരിന്ദം ഘോഷിനും മാത്രമേ റെയില്‍വേസ് നിരയില്‍ തിളങ്ങാനായുള്ളൂ. കേരള ബൗളിങ് നിരയില്‍ സന്ദീപ് വാര്യര്‍, ഫാബിദ് അഹ്മദ്, പ്രശാന്ത് പരമേശ്വരന്‍, രോഹന്‍ പ്രേം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ കേരളത്തിന് നാലു പോയന്‍റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ കേരളം ഹരിയാനക്കെതിരെ തോറ്റിരുന്നു. മധ്യപ്രദേശിനെതിരെ സൗരാഷ്ട്ര രവീന്ദ്ര ജദേജയുടെ സെഞ്ച്വറി (134) മികവില്‍ ഏഴു റണ്‍സിന് ജയിച്ചു. ജാര്‍ഖണ്ഡിനു വേണ്ടി ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ എം.എസ്. ധോനി 44 റണ്‍സ് നേടിയെങ്കിലും ടീം ആറു വിക്കറ്റിന് തോറ്റു. മറ്റൊരു മത്സരത്തില്‍ വിദര്‍ഭക്കെതിരെ ഡല്‍ഹിതാരം ഗംഭീറിന് ആറു റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരത്തില്‍ ഡല്‍ഹി തോറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.