ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഓസീസിന് വിജയം

അഡലെയ്ഡ്: ചരിത്രത്തിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിൽ ആസ്ട്രേലിയക്ക് ജയം. ന്യൂസിലൻഡിനെ മൂന്നു വിക്കറ്റിന് തോൽപിച്ചാണ് ഓസീസിൻെറ ചരിത്ര ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് ഓസീസ് നേടി. ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. രണ്ടാമത്തെ മത്സരം സമനിലയിലായി. സ്കോർ: ന്യൂസിലൻഡ്: 202, 208. ആസ്ട്രേലിയ 224, 187/7. ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിൻെറ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്.

ആദ്യത്തെ ഡേനൈറ്റ് ടെസ്റ്റ് മത്സരം എന്ന നിലയിലാണ് അഡലയ്ഡ് ടെസ്റ്റ് ശ്രദ്ധ നേടിയത്. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിച്ചാണ് കളി നടന്നത്. ജയത്തോടെ ടെസ്റ്റ്, ഏകദിനം, ട്വൻറി20, ഡേ-നൈറ്റ് ടെസ്റ്റ് എന്നിവയിൽ ആദ്യത്തെ വിജയം സ്വന്തമാക്കുന്ന ടീമായി ഓസീസ്.

അഞ്ച് വിക്കറ്റിന് 116 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് മൂന്നാം ദിവസമായ ഇന്ന് കളി പുനരാരംഭിച്ചത്. 208 റൺസിന് ന്യൂസിലൻഡ് പുറത്തായി. 186 റൺസിൻെറ ലീഡാണ് കിവീസ് നേടിയത്. 187 റൺസിൻെറ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിൻെറ തുടക്കം തരക്കേടില്ലായിരുന്നു. എന്നാൽ ഓസീസ് ബാറ്റ്സ്മാൻമാരെ ഇടവേളകളിൽ പുറത്താക്കി കിവീസ് ബൗളർമാർ ഓസീസിന് ഭീഷണിയുയർത്തിയെങ്കിലും ഷോൺ മാർഷ്, ആഡം വോഗസ് എന്നിവർ ഓസീസിനെ കരകയറ്റുകയായിരുന്നു. 49 റൺസെടുത്ത ഷോൺ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഓപണർ ഡേവിഡ് വാർണർ 35 റൺസെടുത്തു. ന്യൂസിലൻഡിന് വേണ്ടി ട്രൻറ് ബൗൾട്ട് അഞ്ച് വിക്കറ്റെടുത്തു.

രണ്ടിന്നിങ്സിലുമായി ഒമ്പതുവിക്കറ്റുകൾ നേടിയ ഓസീസ് താരം ജോഷ് ഹെയ്സൽവുഡാണ് പ്ലെയർ ഓഫ് ദി മാച്ച്. ഡേവിഡ് വാർണറാണ് പ്ലെയർ ഓഫ് ദി സീരീസ്. ഡേ-നൈറ്റ് മത്സരത്തിൽ ആദ്യ അഞ്ച് വിക്കറ്റ് നേട്ടെ കൊയ്ത റെക്കോർഡ് ഹെയ്സൽവുഡിനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.