തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനും തുമ്പ സെൻറ് സേവ്യേഴ്സ് കോളജും സഹകരിച്ച് നിർമിച്ച തുമ്പ സെൻറ് സേവ്യേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയം ആദ്യ ബി.സി.സി.ഐ ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. 23 വയസ്സിനുതാഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെൻറാണ് സ്റ്റേഡിയത്തിൽ നടക്കുക. ഒക്ടോബർ 31നും നവംബർ ഏഴിനുമാണ് മത്സരം. ആദ്യമത്സരത്തിൽ കേരളം മഹാരാഷ്ട്രയെയും രണ്ടാംമത്സരത്തിൽ വിദർഭയെയും നേരിടും.
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫസ്റ്റ് ക്ലാസ് സ്റ്റേഡിയമാണ് തുമ്പ സെൻറ് സേവ്യേഴ്സിലേത്. ഇംഗ്ലണ്ടിലെയും ആസ്ട്രേലിയയിലെയും സ്റ്റേഡിയങ്ങളുടെ മാതൃകയിലാണ് നിർമാണം. പവിലിയനുകൾക്കുപകരം മണ്ണ് ഉയർത്തി പുല്ലുപിടിപ്പിച്ച തിട്ടകളാണ് ഒരുക്കിയിരിക്കുന്നത്. മഴവെള്ളം 15 മിനിറ്റിനുള്ളിൽതന്നെ താഴ്ന്നിറങ്ങുംവിധമാണ് ഗ്രൗണ്ടിെൻറ സജ്ജീകരണം. 60 സെ.മീ. ചരിവിലാണ് നിർമിച്ചിരിക്കുന്നത്. ഒക്ടോബർ 31ന് തുടങ്ങുന്ന കേരള–മഹാരാഷ്ട്ര മത്സരം നവംബർ മൂന്നിന് അവസാനിക്കും. കേരളവും വിദർഭയും തമ്മിലുള്ള രണ്ടാംമത്സരം നവംബർ ഏഴിന് തുടങ്ങി 10ന് അവസാനിക്കും.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), മുഹമ്മദ് അസ്ഹറുദ്ദീൻ, നിഖിലേഷ് സുരേന്ദ്രൻ, അക്ഷയ്ചന്ദ്രൻ, ഫാബിദ് ഫാറൂഖ്, ആനന്ദ് ജോസഫ്, അഭിഷേക് മോഹൻ, ബാസിൽ തമ്പി, വിഷ്ണു എൻ. ബാബു, സൽമാൻ നിസാർ, അബ്ദുൽ സഫർ, രഞ്ജിത്ത് ആർ.എസ്, ആഷിഷ് മാത്യു, പി.കെ. മിഥുൻ, അതുൽ ഡയമണ്ട് സൗരി, സാലി വിശ്വനാഥ്. രാജീവ് സേത്ത് ആണ് മാച്ച് റഫറി. അയ്യർ സുബ്രഹ്മണ്യം രാമശേഷൻ, ശർമ രഞ്ജീവ് എന്നിവരാണ് അമ്പയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.