തോല്‍പിച്ചു കളഞ്ഞു

മുംബൈ: കളിക്കളത്തിലെ ചെറിയ അശ്രദ്ധപോലും മത്സരഫലത്തെ മാറ്റിമറിക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യ-വിന്‍ഡീസ് സെമിഫൈനല്‍. ഇന്ത്യന്‍ വിജയത്തിനുവേണ്ടി ആര്‍പ്പുവിളിച്ച ആരാധകരെ ഒരു നിമിഷം സ്തബ്ധരാക്കി മൂന്നു തവണ ജീവന്‍ ലഭിച്ച ലെന്‍ഡല്‍ സിമ്മണ്‍സ് ഇന്ത്യന്‍ വിജയം യഥാര്‍ഥത്തില്‍ തട്ടിപ്പറിക്കുകയായിരുന്നു. അമിതമായ ആത്മവിശ്വാസവും ശ്രദ്ധക്കുറവും വ്യക്തികേന്ദ്രീകൃതമായ ടീം ഘടനയുമാണ് സ്വന്തം നാട്ടില്‍ കപ്പുയര്‍ത്താനുള്ള സുവര്‍ണാവസരത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്.ടൂര്‍ണമെന്‍റില്‍ ഫേവറിറ്റുകള്‍ക്കു ചേര്‍ന്ന പ്രകടനമായിരുന്നില്ല ഇന്ത്യയുടേത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഏകപക്ഷീയ തോല്‍വി വഴങ്ങിയ ടീം ബംഗ്ളാദേശിനെതിരെ ഭാഗ്യംകൊണ്ടും പാകിസ്താനെതിരെയും ആസ്ട്രേലിയക്കെതിരെയും കോഹ്ലിയുടെ വണ്‍മാന്‍ ഷോയിലൂടെയുമാണ് സെമി വരെയത്തെിയത്.

അശ്വിന്‍െറയും ഹാര്‍ദിക്കിന്‍െറയും പിഴ
തോല്‍വിക്കുശേഷം ക്രിക്കറ്റ് നിരീക്ഷകരുടെ അവലോകനത്തില്‍ വിരല്‍ചൂണ്ടുന്നത് സ്പിന്നര്‍ ആര്‍. അശ്വിനും ഹാര്‍ദിക് പാണ്ഡ്യക്കും നേരെയാണ്. മത്സരഗതിയെ നിര്‍ണയിച്ച സിമ്മണ്‍സിന് ജീവന്‍ നല്‍കി ക്രീസിലേക്ക് തിരിച്ചുവിളിച്ചത് ഇരുവരുമായിരുന്നു. ഏഴാം ഓവറില്‍ അശ്വിനായിരുന്നു ആദ്യ പ്രതി. കഴിഞ്ഞ മത്സരത്തിലെ മോശം ഫീല്‍ഡിങ്ങിന് പ്രായശ്ചിത്തംചെയ്ത ബുംറ ഓഫ്സൈഡില്‍ അത്യുജ്ജ്വല ക്യാച്ചിലൂടെ സിമ്മണ്‍സിനെ മടക്കിയെങ്കിലും, റിവ്യൂവില്‍ അശ്വിന്‍ ബൗളിങ് ക്രീസിന് വെളിയിലായിരുന്നു. 15ാം ഓവറിലാണ് പാണ്ഡ്യ ചതിച്ചത്. സിമ്മണ്‍സിനെ അശ്വിന്‍ പിടിക്കുമ്പോള്‍ പാണ്ഡ്യയുടെ കാലുകള്‍ ഇന്ത്യയെ ചതിച്ചു. ഫ്രീഹിറ്റ് ബാളില്‍ സിക്സറിനു തൂക്കിയാണ് സിമ്മണ്‍സ് രണ്ടാം ജന്മം ആഘോഷിച്ചത്. ഈ ഏഴു റണ്‍സ് വിന്‍ഡീസ് ജയത്തില്‍ നിര്‍ണായകമായി. മറ്റൊരവസരത്തില്‍ ബൗണ്ടറി ലൈനിനരികില്‍ ജദേജ സാഹസികമായി ക്യാച്ചെടുത്ത് കോഹ്ലിക്ക് മറിച്ചുനല്‍കിയെങ്കിലും കാലുകള്‍ ലൈനില്‍ തട്ടിയിരുന്നു.

അമിത ആത്മവിശ്വാസം
ക്രിസ് ഗെയ്ലിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ടീം ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങള്‍ ഒതുങ്ങിയെന്നത് നാണക്കേടാണ്. ആദ്യ ഓവറില്‍ ബുംറ ഗെയ്ലിന്‍െറ കുറ്റിതെറിപ്പിച്ച് തന്ത്രം നടപ്പാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും നിസ്സംഗ സമീപനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. മത്സരം അവസാനിച്ചതിനുശേഷം മാത്രം ആഘോഷിക്കുക എന്ന് ബംഗ്ളാദേശിനെതിരെയുള്ള മത്സരശേഷം സുരേഷ് റെയ്ന ട്വിറ്ററില്‍ കുറിച്ചെങ്കിലും വിന്‍ഡീസിനെതിരെ ഗെയ്ല്‍ പുറത്തായപ്പോള്‍ തന്നെ ഇന്ത്യ മാനസികമായി വിജയമൂഡിലായിരുന്നു. ഈയൊരു അലസതയിലേക്കാണ് സിമ്മണ്‍സും ജോണ്‍സണ്‍ ചാള്‍സും ആന്ദ്രെ റസലും പന്തടിച്ചുപറപ്പിച്ചത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാമതു ബൗള്‍ചെയ്യുക എന്നതു കടുപ്പമാണെങ്കിലും 192 റണ്‍സ് എന്നത് മോശമായിരുന്നില്ല. വെറ്ററന്‍ താരം ആശിഷ് നെഹ്റയൊഴികെയുള്ളവര്‍ ലക്ഷ്യബോധമില്ലാതെയാണ് പന്തെറിഞ്ഞത്. ബുംറയും അശ്വിനും ജദേജയും പാണ്ഡ്യയും ഓരോ ഓവറിലും 10 റണ്‍സിനു മുകളിലാണ് വഴങ്ങിയത്.  

ഭാഗ്യപരീക്ഷണം
അവസാന ഓവറില്‍ വിന്‍ഡീസിന് വേണ്ടത് എട്ടു റണ്‍സ്. ക്യാപ്റ്റന്‍ ധോണി അശ്വിനെ പന്തേല്‍പിക്കുമെന്ന് കരുതി. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ച് ബൗളിങ്ങില്‍ ശരാശരിക്കുതാഴെ നിലവാരമുള്ള വിരാട് കോഹ്ലിയെ പന്തേല്‍പിച്ചത് വീഴ്ചയായി. തന്‍െറ ആദ്യ ഓവറില്‍ ചാള്‍സിനെ കോഹ്ലി വീഴ്ത്തിയിരുന്നെങ്കിലും നിര്‍ണായക സമയത്ത് അശ്വിന്‍െറ പരിചയസമ്പത്തിനു പകരം കോഹ്ലിയിലെ ‘ഭാഗ്യ’ത്തെയാണ് ധോണി പരീക്ഷിച്ചത്. തല്ലുവാങ്ങി മടുത്ത ജദേജയെ 19ാം ഓവര്‍ ഏല്‍പിച്ചതും ക്യാപ്റ്റന്‍െറ അമിത ആത്മവിശ്വാസംതന്നെ. പ്രധാന ബൗളറായ അശ്വിന്‍ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. മുന്‍ മത്സരങ്ങളില്‍ പാര്‍ട്ട്ടൈം ബൗളറുടെ റോളില്‍ തിളങ്ങിയ സുരേഷ് റെയ്നയെ ധോണി ഉപയോഗിച്ചതുമില്ല.

കോഹ്ലി ഷോ
ടീം എന്നതില്‍നിന്ന് വിരാട് കോഹ്ലിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചുരുങ്ങുന്നതിന്‍െറ ലക്ഷണങ്ങളായിരുന്നു ട്വന്‍റി20 ലോകകപ്പ് ടൂര്‍ണമെന്‍റ്. കോഹ്ലിയുടെ ഒറ്റയാന്‍ പ്രകടനത്തിന്‍െറ ബലത്തിലാണ് ടീം ഇന്ത്യ സെമി വരെയത്തെിയത്. ഒരുകാലത്ത് സചിനെ കേന്ദ്രീകരിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായിരിക്കും ഈയവസ്ഥ തുടര്‍ന്നാലുള്ള ഗതി. പാകിസ്താനും ആസ്ട്രേലിയക്കുമെതിരെ കോഹ്ലിയുടെ പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത്. അഞ്ചു മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ധസെഞ്ച്വറിയുള്‍പ്പെടെ 136 ശരാശരിയില്‍ 273 റണ്‍സാണ് കോഹ്ലി സ്കോര്‍ ചെയ്തത്. പാകിസ്താനെതിരെ പുറത്താകാതെ 55, ആസ്ട്രേലിയക്കെതിരെ പുറത്താകാതെ 82, വിന്‍ഡീസിനെതിരെ പുറത്താകാതെ 89 എന്നിവയാണ് കോഹ്ലിയുടെ മിന്നും പ്രകടനങ്ങള്‍. ടോപ് സ്കോറര്‍മാരുടെ പട്ടികയിലും കോഹ്ലിയാണ് മുന്നില്‍. ഇതര ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനം ദയനീയമായിരുന്നു. 89 റണ്‍സുമായി ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ധോണിയാണ് രണ്ടാമത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.