ആണായും പെണ്ണായും വിന്‍ഡീസ്

കൊല്‍ക്കത്ത: എറിയാതെ പോയ ആ രണ്ട് പന്തിന് യുവരാജ് സിങ് ബെന്‍ സ്റ്റോക്സിനോട് കടപ്പെട്ടിരിക്കുന്നു. അല്ളെങ്കില്‍ ചിലപ്പോള്‍ ഒമ്പതു വര്‍ഷം മുമ്പ് സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ ഒരോവറില്‍ യുവരാജ് തൂക്കിയ ആറ് സിക്സറിന്‍െറ ലോക റെക്കോഡ് കാര്‍ലോസ് ബ്രാത്വെയ്റ്റ് എന്ന അതിമാനുഷന്‍ തട്ടിയെടുത്തേനെ. ബെന്‍ സ്റ്റോക്സിന്‍െറ ഓവറിലെ ആദ്യ നാല് പന്തില്‍ ബ്രാത്വെയ്റ്റ് അടിച്ചെടുത്തത് വെസ്റ്റിന്‍ഡീസിന്‍െറ രണ്ടാം ലോകകപ്പ്. സെമിയില്‍ ആളിക്കത്തി ഇന്ത്യയെ തല്ലിക്കെടുത്തിയ ആവേശവുമായി ഇംഗ്ളണ്ടിനെതിരെ കലാശപ്പോരിനിറങ്ങിയ വിന്‍ഡീസ് അവസാന ഓവറില്‍ ബ്രാത്വെയ്റ്റ് പറത്തിയ നാല് സിക്സറുകളില്‍ ട്വന്‍റി20 ആറാം ലോകകപ്പ് സ്വന്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് തങ്ങളുടെ പെണ്‍നിര കിരീടം സ്വന്തമാക്കിയ മൈതാനത്ത് വെസ്റ്റിന്‍ഡീസിന് ഒറ്റ ദിവസം രണ്ടാം കിരീടം. മര്‍ലോണ്‍ സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ സീരീസായി ഇന്ത്യയുടെ വിരാട് കോഹ്ലിയെയും തെരഞ്ഞെടുത്തു.

അത്യന്തം നാടകീയമായിരുന്നു വിന്‍ഡീസിന്‍െറ ജയം. ബെന്‍ സ്റ്റോക്സ് അവസാന ഓവര്‍ എറിയാനത്തെുമ്പോള്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 19 റണ്‍സ്. ടോപ് സ്കോറര്‍ മര്‍ലോണ്‍ സാമുവല്‍സാകട്ടെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍. മികച്ച രീതിയില്‍ വിന്‍ഡീസിനെ റണ്‍സ് എടുക്കുന്നതില്‍നിന്ന് തടഞ്ഞ ബെന്‍ സ്റ്റോക്സിന്‍െറ പന്തില്‍ അത്രയും റണ്‍സ് വിന്‍ഡീസ് അടിച്ചെടുക്കുമെന്നത് അവിശ്വസനീയം. അതും ബാളുകള്‍ ബീറ്റ് ചെയ്യുന്നത് പതിവായ ബ്രാത്വെയ്റ്റ് പന്ത് നേരിടുമ്പോള്‍. ആത്മവിശ്വാസത്തോടെ സ്റ്റോക്സ് എറിഞ്ഞ ആദ്യ പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നിറങ്ങിയത് ആള്‍ക്കൂട്ടത്തിനിടയിലേക്ക്. അടുത്ത പന്ത് ലോങ് ഓണിന് മുകളിലൂടെ വീണ്ടും സിക്സര്‍. അടുത്ത പന്ത് പറന്നത് ലോങ് ഓഫ് ബൗണ്ടറിക്കു മുകളിലൂടെ ഗാലറിയിലേക്ക്. തുല്യമായ സ്കോര്‍. കിരീടത്തിലേക്ക് വെറുമൊരു റണ്‍ ദൂരം. അടുത്ത പന്ത് ബ്രാത്വെയ്റ്റ് പറത്തിയത് ലോങ് ഓണിന് മുകളിലൂടെ ആള്‍ക്കൂട്ടത്തിന്‍െറ തലക്ക് മുകളിലേക്ക്. ആറ് വിക്കറ്റിന് 161. ഒരു പഴുതുമില്ലാത്ത നാല് സിക്സറുകളില്‍ വിന്‍ഡീസിന് നാല് വിക്കറ്റ് ജയവും ലോക കപ്പ് കിരീടവും.

രണ്ടാം വട്ടവും ലോക കപ്പെന്ന മോഹവുമായി ഇംഗ്ളണ്ട് ഉയര്‍ത്തിയ 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബറ്റുമെടുത്തിറങ്ങിയ വെസ്റ്റിന്‍ഡീസിന്‍െറ തുടക്കം ഞെട്ടിക്കുന്നതായിരുന്നു.  പാര്‍ട്ട്ടൈം ബൗളറായ ജോ റൂട്ടിനെ ഏല്‍പിക്കാനുള്ള ഓയിന്‍ മോര്‍ഗന്‍െറ ഗംഭീരമായ തീരുമാനം. കഴിഞ്ഞ കളിയില്‍ ഇന്ത്യക്കെതിരെ കത്തിക്കയറിയ ജോണ്‍സണ്‍ ചാള്‍സ് ഒരു റണ്‍സ് മാത്രമെടുത്ത് ബെന്‍ സ്റ്റോക്സിന് പിടികൊടുത്തു. അടുത്ത പന്തില്‍ ബൗണ്ടറി. തൊട്ടടുത്ത പന്തിലായിരുന്നു വിന്‍ഡീസ് ശരിക്കും ഞെട്ടിയത്. റൂട്ടിനെ സിക്സിന് പറത്താനുള്ള ഗെയ്ലിന്‍െറ ശ്രമം ബെന്‍ സ്റ്റോക്സിന്‍െറ കൈയില്‍ ഒതുങ്ങി. ശരിക്കും വിന്‍ഡീസ് തോറ്റെന്നുറപ്പിച്ച നിമിഷം.  സെമിയില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ കശക്കിയെറിഞ്ഞ ലെന്‍ഡല്‍ സിമ്മണ്‍സ് വില്ലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ ഇംഗ്ളണ്ട് വിജയമാഘോഷിച്ചുതുടങ്ങി. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന വെസ്റ്റിന്‍ഡീസ് ബാറ്റിങ്ങിനെ ഇംഗ്ളണ്ട് കത്രികപ്പൂട്ടിലിടുന്നതാണ് പിന്നീട് ഈഡന്‍ ഗാര്‍ഡന്‍ കണ്ടത്. ഡൈ്വന്‍ ബ്രാവോയെയും മര്‍ലോണ്‍ സാമുവല്‍സിനെയും അനങ്ങാന്‍ വിടാതെ ഇംഗ്ളണ്ട് വരിഞ്ഞുകെട്ടി.

അതിനിടയില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ സാമുവല്‍സിനെ വിക്കറ്റിന് പിന്നില്‍ പിടികൂടിയെങ്കിലും റീപ്ളേയില്‍ നിലത്തു മുട്ടിയതായി കണ്ടതിനെ തുടര്‍ന്ന് തിരിച്ചു വിളിക്കുകയായിരുന്നു. ഇന്ത്യക്കെതിരെ റീപ്ളേകളില്‍ നോ ബാളുകള്‍ രക്ഷയായെങ്കില്‍ ഇക്കുറി വിന്‍ഡീസിനെ തുണച്ചതും ടി.വി റീപ്ളേ തന്നെ. മടങ്ങിവന്ന സാമുവല്‍സ് പിന്നെ വിജയംവരെ ക്രീസില്‍നിന്ന്  ടോപ് സ്കോറര്‍ ആയി. 66 പന്തില്‍ പുറത്താകാതെ 85 റണ്‍സ്. ഒമ്പത് ഫോറും രണ്ട് സിക്സറും. 27 പന്തിലാണെങ്കിലും ബ്രാവോ നേടിയ 25 റണ്‍സ് വിന്‍ഡീസിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചു. സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ പയറ്റിത്തെളിഞ്ഞ തന്ത്രം വീണ്ടും പരീക്ഷിക്കാന്‍ വെസ്റ്റിന്‍ഡീസിന് രണ്ടാമതൊന്നാലോചിക്കേണ്ടതില്ലായിരുന്നു. ടോസ് വീണപ്പോള്‍ അവര്‍ ബൗളിങ് തന്നെ തെരഞ്ഞെടുത്തു. മാത്രവുമല്ല, ലക്ഷണമൊത്ത ഫാസ്റ്റ് ബൗളര്‍മാര്‍ കൈയിലുണ്ടായിട്ടും ആദ്യ ഓവര്‍ എറിയാന്‍ വിളിച്ചത് സാമുവല്‍ ബദ്രീയെന്ന ലെഗ് സ്പിന്നറെ.

രണ്ടാം പന്തില്‍ ദാ, കിടക്കുന്നു കൂറ്റനടിക്കാരന്‍ ജാസണ്‍ റോയിയുടെ കുറ്റി. സ്കോര്‍ബോര്‍ഡ് ഒന്നു മിന്നിയിട്ടുപോലുമുണ്ടായിരുന്നില്ല അപ്പോള്‍. അടുത്ത ഓവറില്‍ ഒരു റണ്‍സ് മാത്രമെടുത്ത അലക്സ് ഹെയില്‍സ് ഫ്ളിക് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ബദ്രീയുടെ കൈയില്‍ കുടുങ്ങി പുറത്ത്. മറുവശത്ത് ജോ റൂട്ടിന് കൂട്ടായി ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ എത്തിയെങ്കിലും അഞ്ച് റണ്‍സ് മാത്രമെടുത്തപ്പോഴേക്കും കഥ കഴിഞ്ഞു. ബദ്രീയുടെ പന്തില്‍ സ്ട്രേറ്റ് ഡ്രൈവിന് മുതിര്‍ന്ന മോര്‍ഗന്‍ സ്ളിപ്പില്‍ ഗെയ്ലിന്‍െറ കൈയില്‍ ഒതുങ്ങുകയായിരുന്നു. സ്കോര്‍ മൂന്ന് വിക്കറ്റിന് 23 റണ്‍സ്.
ജോസ് ബട്ലറെ കൂട്ടിന് കിട്ടിയപ്പോള്‍ ജോ റൂട്ട് ആളിപ്പടര്‍ന്നത് ഇംഗ്ളണ്ടിന് തുണയായി. പതറിയ ഇന്നിങ്സിനെ ഈ കൂട്ടുകെട്ടാണ് നേരേ നിര്‍ത്തിയത്. 12ാമത്തെ ഓവറിലാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. അതിനിടയില്‍ 40 പന്തില്‍ വിലപ്പെട്ട 60 റണ്‍സ് സഖ്യം പടുത്തുയര്‍ത്തുകയും ചെയ്തു. ബ്രാത്വെയ്റ്റിനെ ഉയര്‍ത്തിയടിച്ച ബട്ലറെ അതിര്‍ത്തിയില്‍ കാവല്‍ നിന്ന ഡൈ്വന്‍ ബ്രാവോ അനായാസം പിടികൂടി. 29 പന്തില്‍ 36 റണ്‍സായിരുന്നു ബട്ലറുടെ സംഭാവന. ഒരു ബൗണ്ടറിയും മൂന്ന് സിക്സറും ബട്ലര്‍ അടിച്ചുപറത്തി.

സ്കോര്‍ 110ല്‍ നില്‍ക്കെ ബെന്‍ സ്റ്റോക്സും റണ്ണൊന്നുമെടുക്കാതെ മോയിന്‍ അലിയും പുറത്തായി. രണ്ട് വിക്കറ്റും ഡൈ്വന്‍ ബ്രാവോക്ക്്. വന്‍ സ്കോറിലേക്ക് കുതിച്ച ഘട്ടത്തില്‍ തുടരെ വിക്കറ്റുകള്‍ വീണത് ഇംഗ്ളണ്ടിന് തിരിച്ചടിയായി. ഒരു റണ്‍ കൂടി ചേര്‍ത്തപ്പോഴേക്കും ജോ റൂട്ടും വീണു. വാലറ്റത്ത് തകര്‍ത്തടിച്ച ഡേവിഡ് വില്ലിയുടെ പ്രകടനമാണ് പിന്നീട് ഇംഗ്ളണ്ടിന് ആശ്വാസമായത്. 14 പന്തില്‍ രണ്ട് സിക്സറും ഒരു ബൗണ്ടറിയുമായി 21 റണ്‍സായിരുന്നു വില്ലിയുടെ സംഭാവന. ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ടിനെ 155ല്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ വിന്‍ഡീസ് വിജയിച്ചു. ബ്രാവോയും ബ്രാത്വെയ്റ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബദ്രീയും റസലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.