വിടവാങ്ങൽ മത്സരത്തിൽ മക്കല്ലത്തിന് അതിവേഗ സെഞ്ച്വറി -വിഡിയോ

ക്രൈസ്റ്റ് ചർച്ച്: വിരമിക്കൽ ടെസ്റ്റിൽ സംഹാരതാണ്ഡവമാടി ന്യൂസലൻഡിൻെറ ബ്രണ്ടൻ മക്കല്ലം. ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലത്തിൻെറ റെക്കോർഡ് സെഞ്ച്വറി നേട്ടം. 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തികച്ചത്. വെസ്റ്റിൻഡീസിൻെറ വിവിയൻ റിച്ചാർഡ്സും പാകിസ്താൻെറ മിസ്ബാഹുൽ ഹഖും കൈവശം വെച്ചിരുന്ന റെക്കോർഡാണ് മക്കല്ലം തകർത്തത്. 56 പന്തിലായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. ഇന്നത്തെ മത്സരത്തോടെ ടെസ്റ്റിൽ കൂടുതൽ സിക്സർ അടിക്കുന്ന താരമായും മക്കല്ലം മാറി. 106 സിക്സറാണ് മക്കല്ലം ടെസ്റ്റിൽ ഇതുവരെ നേടിയത്. ഓസീസിൻെറ മുൻ താരം ആദം ഗിൽക്രിസ്റ്റ് നേടിയ 100 സിക്സർ എന്ന റെക്കോർഡാണ് പഴങ്കഥയായത്.

1985ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിവിയൻ റിച്ചാർഡ്സിൻെ പ്രകടനം. 2014ൽ അബൂദാബിയിൽ ഓസീസിനെതിരെയായിരുന്നു മിസ്ബാഹിൻെറ മികച്ച അതിവേഗ സെഞ്ച്വറി നേട്ടം. ടെസ്റ്റിൽ നൂറിന് താഴെ പന്തിൽ സെഞ്ച്വറി നേടിയ താരങ്ങളിൽ മുമ്പും ഇടം നേടിയിട്ടുണ്ട് മക്കല്ലം. 74, 78, 94 പന്തുകളിൽ മക്കല്ലം മുമ്പ് ടെസ്റ്റിൽ സെഞ്ച്വറി അടിച്ചിട്ടുണ്ട്.

71 പന്തിൽ ആറു സിക്സറും 21 ബൗണ്ടറിയും സഹിതം 145 റൺസെടുത്ത് മക്കല്ലം പാറ്റിൻസൻെറ പന്തിലാണ് പുറത്തായത്. അതേസമയം, ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 370 റൺസിന് പുറത്തായി. തുടക്കത്തിലുണ്ടായ തകർച്ചക്കുശേഷം മക്കല്ലവും മറ്റൊരു വെടിക്കെട്ട് ബാറ്റ്സ്മാനായ കോറെ ആൻഡേഴ്സണും ഒന്നിച്ചാണ് ന്യൂസിലൻഡിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ആൻഡേഴ്സൺ 66 പന്തിൽ 72 റൺസെടുത്തു. നാല് സിക്സറാണ് ആൻഡേഴ്സൺ നേടിയത്. വാറ്റ് ലിങ് 57 പന്തിൽ 58 റൺസെടുത്തു.

ആൻഡേഴ്സണെ നഥൻ ലിയോണും വാറ്റ് ലിങിനെ ജാക് സൺ ബേർഡും പുറത്താക്കി. നഥൻ ലിയോൺ മൂന്നും ജോഷ് ഹെയ്സൽവുഡ്, ജെയിംസ് പാറ്റിൻസൺ, ബേർഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.