ഏഷ്യാ കപ്പിൽ യു.എ.ഇക്കെതിരെ ബംഗ്ലദേശിന് 51 റൺസ് ജയം

ധാക്ക: ഏഷ്യാ കപ്പ് ട്വൻറി20 ക്രിക്കറ്റിൽ ആതിഥേയരായ ബംഗ്ലദേശിന് ആദ്യ ജയം. യു.എ.ഇയെ 51 റൺസിനാണ് ബംഗ്ലാ കടുവകൾ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശിൻെറ സ്കോർ 133 റൺസിൽ ഒതുക്കിയെങ്കിലും മറുപടിയായി 17.4 ഓവറിൽ 88 റൺസെടുക്കാനെ യു.എ.ഇക്ക് സാധിച്ചുള്ളൂ. ഇന്നലെ ലങ്കയെയും തുച്ഛമായ സ്കോറിന് പുറത്താക്കിയ യു.എ.ഇ തോൽവി വഴങ്ങുകയായിരുന്നു.

134 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയുടെ മൂന്ന് പേർക്ക് മാത്രമേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. 30 പന്തിൽ അത്രയും റൺസെടുത്ത മുഹമ്മദ് ഉസ്മാനാണ് യു.എ.ഇയുടെ ടോപ്സ്കോറർ. രോഹൻ മുസ്തഫ 18ഉം മുഹമ്മദ് ഷെഹ്സാദ് 12 റൺസുമെടുത്തു. ബംഗ്ലദേശിനുവേണ്ടി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. മഹ്മൂദുല്ല, ഷാക്കിബ്, മഷ് റഫി മുർതസ, മുസ്തഫിസുർറഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ അൽ അമീൻ ഹുസൈനും തസ്കിൻ അഹ്മദും ഒരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ മുഹമ്മദ് നവീദും അഹ്മദ് റാസയും ചേർന്നാണ് കുറഞ്ഞ റൺസിന് പുറത്താക്കിയത്. മുഹമ്മദ് നവീദ് നാല് ഓവറിൽ വെറും 12 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതിൽ ഒരു ഓവർ മെയ്ഡനായിരുന്നു. ലങ്കക്കെതിരായ മത്സരത്തിൽ റൺസ് വിട്ടുകൊടുക്കാൻ പിശുക്കുകാട്ടിയ അഹ്മദ് റാസ ഇന്നും അത് തുടർന്നു. വിക്കറ്റെടുത്തില്ലെങ്കിലും നാലോവറിൽ 17 റൺസ് മാത്രമാണ് റാസ വിട്ടുകൊടുത്തത്. യു.എ.ഇക്ക് വേണ്ടി അംജദ് ജാവേദ് രണ്ട് വിക്കറ്റും ഷെഹ്സാദ്, രോഹൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  

47 റൺസെടുത്ത മുഹമ്മദ് മിഥുൻ ആണ് ബംഗ്ലദേശിൻെറ ടോപ്സ്കോറർ. മഹ്മൂദുല്ല 36 റൺസെടുത്ത് പുറത്താവാതെ നിന്നു. സൗമ്യ സർക്കാർ 21ഉം ഷാക്കിബ് 13ഉം റൺസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.