മിര്‍പുര്‍: ഹൃദയങ്ങളെ ജയിക്കുന്നത് മാത്രമല്ല, അനേകമനേകം ‘മിനി’ഹൃദയാഘാതങ്ങളുണ്ടാക്കുന്നതുമാണ് ഇന്ത്യ-പാകിസ്താന്‍ പോര്‍ക്കളങ്ങളെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു. ആദ്യ പന്തു മുതല്‍ ആവേശത്തിന്‍െറ വേലിക്കയറ്റങ്ങളും വേലിയിറക്കങ്ങളുമായി കോടിക്കണക്കിന് ഹൃദയങ്ങള്‍ കണ്ടിരുന്ന ആ പോരാട്ടം ഒടുവില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് സ്വന്തം അതിര്‍ത്തിയോട് ചേര്‍ത്തെഴുതിയപ്പോള്‍ ജയിച്ചത് ക്രിക്കറ്റിന്‍െറ അപ്രവചനീയമായ സൗന്ദര്യം. അവസാന സ്കോര്‍ നില സൂചിപ്പിക്കുന്നതിലും അപ്പുറത്തായിരുന്നു ആ ഏഷ്യാകപ്പ് മത്സരത്തിന്‍െറ നിലവാരം.
83 റണ്‍സില്‍ പാകിസ്താന്‍ ബാറ്റിങ്ങിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയപ്പോള്‍ തീവിതറിയ എതിര്‍ബൗളര്‍മാര്‍ക്കുമുന്നില്‍ മുട്ടുവിറച്ചായിരുന്നു വിജയത്തിലേക്കുള്ള ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ യാത്രയും. 15.3 ഓവറെടുത്താണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയം പിടിച്ചത്. ഇന്ത്യന്‍ ബൗളിങ്ങും വിരാട് കോഹ്ലിയുടെ(49) ബാറ്റിങ്ങും പാക് പടയില്‍ തിരിച്ചുവരവുകാരന്‍ മുഹമ്മദ് ആമിറും(മൂന്നു വിക്കറ്റ്) മത്സരത്തിന്‍െറ മുഴുവന്‍ കൈയടിയും സ്വന്തമാക്കി.
വിലയറിയിച്ച ഇന്ത്യന്‍ ബൗളിങ്
പാകിസ്താന്‍ ബൗളിങ്ങും ഇന്ത്യന്‍ ബാറ്റിങ്ങും തമ്മിലുള്ള മത്സരം-കളിക്കു മുന്നില്‍ വിലയിരുത്തല്‍ എക്കാലത്തെയുംപോലെ തന്നെയായിരുന്നു. പച്ചപ്പേറിയ വിക്കറ്റില്‍ രണ്ടേ രണ്ട് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് പാകിസ്താന്‍െറ മൂന്നു പേസര്‍മാര്‍ക്ക് ചെയ്യാനാകുന്ന അപകടം വിതക്കാനാകുമെന്ന് ആരും കണക്കാക്കിയില്ല. പിച്ചും മഞ്ഞിന്‍െറ സാന്നിധ്യമില്ലാത്ത സാഹചര്യങ്ങളും തന്‍െറ ബൗളര്‍മാര്‍ക്ക് മുതലാക്കാനായിരുന്നു ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. ഷാഹിദ് അഫ്രീദി പറഞ്ഞത് തങ്ങള്‍ക്കായിരുന്നു ടോസെങ്കിലും ബാറ്റിങ്തന്നെ തെരഞ്ഞെടുക്കുമായിരുന്നു എന്നാണ്. എന്നാല്‍, ആ പറച്ചിലിലൊതുങ്ങി പാക് ബാറ്റിങ്. ആദ്യ പന്തുകള്‍ മുതല്‍ ആര്‍ത്തലക്കാന്‍ തുടങ്ങിയ ആശിഷ് നെഹ്റയുടെ തീപന്തുകള്‍. രണ്ടാം പന്തില്‍ ഫോറും പറത്തിനിന്ന മുഹമ്മദ് ഹഫീസിനെ(4) പിന്നാലെ ധോണിയുടെ കൈയിലത്തെിച്ച നെഹ്റ, ഇന്ത്യന്‍ ബൗളര്‍മാരുടെ ദിനത്തിന് ശുഭാരംഭംകുറിച്ചു.
ജസ്പ്രീത് ബംറയുടെ അണുവിടവെടിയാത്ത ലൈനും ലെങ്ത്തും കൂടിച്ചേര്‍ന്നപ്പോഴും വരാനിരിക്കുന്ന വന്‍തകര്‍ച്ച പാക് പടയുടെ വിദൂര സ്വപ്നങ്ങളില്‍പോലും ഉണ്ടായിരുന്നില്ല. ബംറയുടെ രണ്ടാം ഓവറില്‍ തുടങ്ങി പാക് നിരയുടെ അവിശ്വസനീയ വീഴ്ച. ഷര്‍ജീല്‍ ഖാന്‍ (7) രഹാനെയുടെ കൈയില്‍. റണ്‍സ് കണ്ടത്തെുന്നതില്‍ പതര്‍ച്ച തുടരുന്നതിനൊപ്പം ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റും പിഴുതപ്പോള്‍ ആറിന് 42 എന്ന ഗതിയിലായി എട്ടാം ഓവറില്‍ പാകിസ്താന്‍. ഖുറം മന്‍സൂറിന്‍െറയും(10) ഷാഹിദ് അഫ്രീദിയുടെയും(2) അവിശ്വസനീയമായ റണ്ണൗട്ടുകളായിരുന്നു ആ വിക്കറ്റുകളില്‍ പാകിസ്താനെ ഏറ്റവും വേദനിപ്പിച്ചത്. നെഹ്റക്കും ബംറക്കും പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും(മൂന്നു വിക്കറ്റ്) യുവരാജ് സിങ്ങും രവീന്ദ്ര ജദേജയും(രണ്ട് വിക്കറ്റ്) ഇന്ത്യന്‍ ബൗളിങ്ങിന്‍െറ അഭിമാനമുയര്‍ത്തി ആഞ്ഞടിച്ചപ്പോള്‍ 17.3 ഓവറില്‍ 83 റണ്‍സില്‍ പാക് ബാറ്റിങ് എരിഞ്ഞടങ്ങി. രണ്ടു പേര്‍ മാത്രം രണ്ടക്കം കടന്ന പാക് പടക്കായി ടോപ് സ്കോററായത് 25 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹ്മദ്.
ആമിര്‍ എന്ന വിസ്മയം
ഒത്തുകളിക്കാരനെന്ന എന്നും വേട്ടയാടുന്ന കറയുമായി അഞ്ചുവര്‍ഷത്തെ ശിക്ഷക്കുശേഷം തിരിച്ചത്തെിയ മുഹമ്മദ് ആമിര്‍ താന്‍ പാകിസ്താന് എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിച്ചാണ് തന്‍െറ സ്പെല്‍ എറിഞ്ഞുതീര്‍ത്തത്. ചെറു സ്കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യന്‍ പടയെ ശരിക്കും വിറപ്പിച്ച താരം, മൂന്നാം ഓവറില്‍ എട്ടു റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യയെ തള്ളിയിട്ടു.
രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും പൂജ്യരായും പിറകെ സുരേഷ് റെയ്നയും(1) മടങ്ങിയപ്പോള്‍ ഞെട്ടിയ ഇന്ത്യന്‍ ആരാധകര്‍ പോലും ആമിറിന്‍െറ മനോഹരമായ ബൗളിങ്ങിനെ വാഴ്ത്തുന്നനിലയിലായിരുന്നു. അവിടന്നങ്ങോട്ട് വിരാട് കോഹ്ലിയുടെയും യുവരാജ് സിങ്ങിന്‍െറയും(14*) ബാറ്റിങ് ഇന്ത്യയെ സുരക്ഷിത തീരത്തത്തെിക്കുന്നതുവരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്നതായിരുന്നു ആദ്യഘട്ടത്തിലെ ഇന്ത്യയുടെ തകര്‍ച്ച. ജയം അടുത്തുനില്‍ക്കെ രണ്ടു വിക്കറ്റുകള്‍കൂടി നഷ്ടമായത് ഒഴിച്ചാല്‍ ആമിറിന്‍െറ സ്പെല്ലിനുശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.