കാന്‍ബറ: തീരമണയാറായപ്പോള്‍ കപ്പല്‍ മുക്കിയ കപ്പിത്താന്‍െറ കഥ കേട്ടിട്ടുണ്ടോ? ഇന്നലെ കാന്‍ബറയിലെ മനുക ഓവല്‍ സ്റ്റേഡിയത്തില്‍ കണ്ടത് അതായിരുന്നു. അനായാസം ജയത്തിലേക്കെന്ന് എതിരാളികള്‍പോലും ഉറപ്പിച്ച നേരത്ത് അവരെപ്പോലും അമ്പരപ്പിച്ച് നാലാം ഏകദിനം തോല്‍പിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റന്‍ തന്നെ. നാലാം ഏകദിനത്തില്‍ ആസ്ട്രേലിയ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്കോര്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ അനായാസം മറികടക്കുമെന്നുറപ്പിച്ച നേരത്താണ് ഇന്ത്യന്‍ ടീം വെറും 46 റണ്‍സിനുള്ളില്‍ ഒമ്പതു വിക്കറ്റും എറിഞ്ഞുടച്ച് കളി ആസ്ട്രേലിയക്ക് വെച്ചുനീട്ടിയത്. അതിനും മുന്നില്‍നിന്നത് ധോണി തന്നെ.
ജയിക്കാന്‍ 349 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ പിന്തുടരാനുറച്ച് ബാറ്റുമായിറങ്ങിയ ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. എട്ടാമത്തെ ഓവറില്‍ 25 പന്തില്‍ 41 റണ്‍സുമായി രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 65ലത്തെിയിരുന്നു. പിന്നീടായിരുന്നു ധവാനും കോഹ്ലിയും ചേര്‍ന്ന് ക്രീസിന് തീപടര്‍ത്തിയത്. 92 പന്തില്‍ ധവാന്‍ സെഞ്ച്വറി കടന്നു. മറുവശത്ത് ആക്രമിച്ചുകയറുകയായിരുന്നു കോഹ്ലി. 34 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട കോഹ്ലി ടോപ് ഗിയറിലേക്ക് മാറി. സെഞ്ച്വറിയോടടുത്തപ്പോള്‍ ഒട്ടൊന്നു നിയന്ത്രിക്കുകയും ചെയ്തു. മറുവശത്ത് സെഞ്ച്വറി പിന്നിട്ട ആലസ്യത്തില്‍ ശിഖര്‍ ധവാന്‍ വിക്കറ്റ് എറിഞ്ഞുടച്ചു. ഹേസ്റ്റിങ്സിന്‍െറ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് ബെയ്ലി പിടിച്ച് പുറത്താകുമ്പോള്‍ 113 പന്തില്‍ ധവാന്‍ 126 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ സ്കോര്‍ രണ്ടുവിക്കറ്റിന് 37.3 ഓവറില്‍ 277. എട്ടു വിക്കറ്റ് കൈയിലിരിക്കെ അപ്പോള്‍ ജയിക്കാന്‍ വേണ്ടത് 75 പന്തില്‍ 72 റണ്‍സ്.
അതിനെക്കാള്‍ ദുഷ്കരമായ നിരവധി സാഹചര്യത്തില്‍ ടീമിനെ അതിശയകരമായി ജയിപ്പിച്ച ധോണി നാലാമനായി ഇറങ്ങുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, നേരിട്ട മൂന്നാമത്തെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് പിടികൊടുത്ത് റണ്ണൊന്നുമില്ലാതെ ധോണി കരക്കുകയറി. ഹേസ്റ്റിങ്സിന് വിക്കറ്റ്. കളി ജയിപ്പിക്കുമെന്ന് കരുതിയ കോഹ്ലിയാകട്ടെ, ഒരു റണ്‍ കൂടി കഴിഞ്ഞപ്പോഴേക്കും കെയ്ന്‍ റിച്ചാര്‍ഡ്സനെ അലക്ഷ്യമായി അടിച്ചുയര്‍ത്തി സ്റ്റീവന്‍ സ്മിത്തിന്‍െറ കൈകളില്‍ എത്തിച്ച് മടങ്ങി. പിന്നീട് ഗാലറിയിലേക്ക് കൂട്ടയോട്ടമായിരുന്നു.
ഗുര്‍കീരത് സിങ് അഞ്ചു റണ്‍സിന് പുറത്തായി. മറുവശത്ത് രവീന്ദ്ര ജദേജ ഒറ്റക്കായി. ഫീല്‍ഡിങ്ങിനിടയില്‍ കൈവിരലിന് പരിക്കേറ്റ് നാലു തുന്നലുമായി അജിന്‍ക്യ രഹാനെ വന്നതും പോയതും ആരുമറിഞ്ഞില്ല. അതോടെ ഏതാണ്ട് തീരുമാനമായ കളിയില്‍ അവസാനം കാറ്റുവീഴ്ചപോലെ വിക്കറ്റുകള്‍ പൊഴിഞ്ഞു. 50ാം ഓവറില്‍ ഇശാന്ത് ശര്‍മ റണ്ണെടുക്കാതെ പുറത്താകുമ്പോള്‍ 27 പന്തില്‍ 24 റണ്‍സുമായി ജദേജ പുറത്താകാതെ നിന്നു. 68 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്സാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
നേരത്തേ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് അമ്പരപ്പിക്കുന്ന തുടക്കമാണ് ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത് 187 റണ്‍സ്. 107 പന്തില്‍ ഫിഞ്ച് 107 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 93 റണ്‍സിലത്തെിയ വാര്‍ണറുടെ കുറ്റി ഇശാന്ത് ശര്‍മ പിഴുതു. മിച്ചല്‍ മാര്‍ഷ് 33 റണ്‍സെടുത്തപ്പോള്‍ അവസാന വെടിക്കെട്ടില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 29 പന്തില്‍ 51 റണ്‍സും ഗ്ളെന്‍ മാക്സ്വെല്‍ 20 പന്തില്‍ 41 റണ്‍സും അടിച്ചുകൂട്ടി. ഇന്ത്യന്‍ നിരയില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ മാത്രമായിരുന്നു ഏക ആശ്വാസം. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്സണാണ് മാന്‍ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.