?????? ???? ?????? ????????

ഏഷ്യാ കപ്പ്: ലങ്കയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

ധാക്ക: ഏഷ്യാ കപ്പ് ട്വൻറി20യിൽ ഇന്ത്യ ഫൈനലിൽ കടന്നു. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയർത്തിയ 139 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ 19.2 ഓവറിൽ മറികടക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി വിരാട് കോഹ് ലി അർധസെഞ്ച്വറി (47 പന്തിൽ 56) നേടി പുറത്താകാതെ നിന്നു. യുവരാജ് സിങ് 18 പന്തിൽ 35 റൺസെടുത്ത് പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇനി യു.എ.ഇക്കെതിരായ മത്സരമാണ് ഫൈനലിന് മുമ്പ് ബാക്കിയുള്ളത്.

139 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 16 റൺസെടുക്കുന്നതിനിടെ രണ്ട് ഓപണർമാരെയും നഷ്ടപ്പെട്ടു. രോഹിത് 15ഉം ശിഖർ ധവാൻ ഒരു റൺസുമെടുത്ത് പുറത്തായി. പിന്നീട് ഒത്തുചേർന്ന വിരാട് കോഹ് ലിയും സുരേഷ് റെയ്നയുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 26 പന്തിൽ 25 റൺസെടുത്ത റെയ്നയെ ശനാകയുടെ പന്തിൽ കുശശേഖര പിടിച്ചാണ് പുറത്തായത്. കൂറ്റനടിക്ക് മുതിർന്ന റെയ്നയെ രണ്ട് തവണ കൈയിൽ നിന്ന് വഴുതിയ ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് കുലശേഖര പിടിച്ചത്.
 

ഇതിന് ശേഷം കോഹ് ലിക്കൊപ്പം ചേർന്ന യുവരാജ് തുടക്കത്തിൽ പതറിയെങ്കിലും കൂറ്റനടികളിലൂടെ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മൂന്നു വീതം ഫോറും സിക്സറുമടങ്ങുന്നതാണ് യുവിയുടെ ഇന്നിങ്സ്. ലങ്കക്കുവേണ്ടി കുലശേഖര രണ്ടും തിസാര പെരേര, രംഗന ഹെറാത്ത്, ശനാക എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് ഫലം കാണുകയും ചെയ്തു.

തുടക്കം മുതൽ തന്നെ ലങ്കയുടെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചു. ലങ്കക്കുവേണ്ടി 32 പന്തിൽ 30 റൺസ് സ്കോർ ചെയ്ത കപുഗേദരയാണ് ടോപ്സ്കോറർ. സിരിവർദനെ 22ഉം ടി.എം ദിൽഷൻ 18ഉം റൺസ് നേടി. അവസാന സമയത്ത് തിസാര പെരേരയും നുവാൻ കുലശേഖരയും നേടിയ റൺസാണ് ലങ്കയെ സഹായിച്ചത്. പെരേര ആറ് പന്തിൽ 17ഉം കുലശേഖര ഒമ്പത് പന്തിൽ 13ഉം റൺസെടുത്തു. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി. ആശിഷ് നെഹ്റ ഒരു വിക്കറ്റ് നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.