ഏഷ്യാ കപ്പിൽ പാകിസ്താന് ആശ്വാസ ജയം

മിർപൂർ: ഏഷ്യാ കപ്പ് ട്വൻറി20 ടൂർണമെൻറിലെ അപ്രധാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ പാകിസ്താന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പാകിസ്താൻ 19.2 ഓവറിൽ മറികടക്കുകയായിരുന്നു. ടൂർണമെൻറിൽ ഇതുവരെ അശ്രദ്ധമായി കളിച്ച ഇരുടീമിലെ ബാറ്റ്സ്മാൻമാരും ഇന്നത്തെ മത്സരത്തിൽ തിളങ്ങുകയായിരുന്നു. സ്കോർ ശ്രീലങ്ക 20 ഓവറിൽ നാലിന് 150; പാകിസ്താൻ 19 ഓവറിൽ നാലിന് 151.

മികച്ച ടോട്ടൽ പിന്തുടർന്ന് ഇറങ്ങിയ പാകിസ്താന് വേണ്ടി ഉമർ അക്മലാണ് കൂടുതൽ റൺസ് നേടിയത്. ഉമർ 37 പന്തിൽ 48 റൺസ് നേടി പുറത്തായി. സർഫറാസ് അഹ്മദ് (27 പന്തിൽ 38), ഷർജീൽ ഖാൻ (24 പന്തിൽ 31) എന്നിവരും മികച്ച കളി പുറത്തെടുത്തു. മുഹമ്മദ് ഹഫീസ് 14 റൺസെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ഷുഐബ് മാലിക് 13 റൺസെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ മികച്ച ബൗളിങ് നിരയുള്ള പാകിസ്താനെ ഓപണർമാരായ ദിൽഷനും ദിനേശ് ചാണ്ടിമാലും ചേർന്ന് നേരിടുകയായിരുന്നു. ലങ്കൻ ടീമിലെ മറ്റാരും രണ്ടക്കം കടന്നില്ല. ദിൽഷൻ 56 പന്തിൽ 75 റൺസെടുത്ത് പുറത്താകാതെ നിന്നു. ചണ്ടിമാൽ 49 പന്തിൽ 58 റൺസെടുത്തു. ദിൽഷൻ പത്ത് ഫോറും ഒരു സിക്സറും നേടിയപ്പോൾ ചാണ്ടിമാൽ ഏഴ് ഫോറും ഒരു സിക്സറും നേടി. പാകിസ്താന് വേണ്ടി മുഹമ്മദ് ഇർഫാൻ രണ്ട് വിക്കറ്റ് നേടി.

ഞായറാഴ്ചയാണ് ഏഷ്യാ കപ്പിൻെറ ഫൈനൽ നടക്കുന്നത്. ഇന്ത്യയും ബംഗ്ലദേശും കലാശപ്പോരിൽ ഏറ്റുമുട്ടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.