ഏഷ്യാ കപ്പ് ട്വന്‍റി 20: മഴമൂലം മത്സരം വൈകി; കളി 15 ഓവര്‍

മിര്‍പുര്‍: മത്സരത്തിനുമുമ്പേ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും സൃഷ്ടിച്ച മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് ഒന്നര മണിക്കൂര്‍ വൈകി രാത്രി ഒമ്പതിന് ആരംഭിച്ച ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്ക് ബംഗ്ളാദേശിനെതിരെ 121 റണ്‍സ് വിജയലക്ഷ്യം. 33 റണ്‍സെടുത്ത മഹ്മദുല്ലയാണ് ബംഗ്ളാദേശ് നിരയിലെ ടോപ് സ്കോറര്‍.ടോസ് നേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണി ബംഗ്ളാദേശിനെ ബാറ്റിങ്ങിനയച്ചു. സൗമ്യ സര്‍ക്കാറും തമീം ഇഖ്ബാലും  തരക്കേടില്ലാതെ തുടങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ താളം വീണ്ടെടുത്തതോടെ ബംഗ്ളാ കടുവകള്‍ പരുങ്ങി. തമീം ഇഖ്ബാലിനെ (13) ബുംറ എല്‍.ബിയില്‍ കുരുക്കിയപ്പോള്‍ സൗമ്യ സര്‍ക്കാറിനെ (14) നെഹ്റ പാണ്ഡ്യയുടെ കൈകളിലത്തെിച്ചു. 

സാബിര്‍ റഹ്മാനും (21) ശാക്കിബുല്‍ ഹസനും പിന്നീട് 9.1 ഓവറില്‍ സ്കോര്‍ 64ല്‍ എത്തിച്ചു. സ്കോര്‍ 75ല്‍ എത്തുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ബംഗ്ളാദേശ് പരുങ്ങലിലായി. എന്നാല്‍, പ്രതിസന്ധിഘട്ടത്തില്‍ അതിവേഗ ഇന്നിങ്സിലൂടെ സ്കോറുയര്‍ത്തിയ മുഹമ്മദുല്ല രക്ഷകനായി. 
13 പന്തില്‍നിന്ന് രണ്ടുവീതം ഫോറും സിക്സും സഹിതം 33 റണ്‍സെടുത്ത മുഹമ്മദുല്ലയുടെ കരുത്തില്‍ ബംഗ്ളാദേശ് പൊരുതാവുന്ന സ്കോര്‍ പടുത്തുയര്‍ത്തി.
ഇന്ത്യന്‍നിരയില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറ മൂന്നോവറില്‍ 13 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴത്തി. നെഹ്റയും ജദേജയും ഓരോ വിക്കറ്റ് വീഴ്ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.