ഇന്ന് ഇന്ത്യ x പാകിസ്താന്‍ പോരാട്ടം

കൊല്‍ക്കത്ത: ചരിത്രം ആര്‍ക്കൊപ്പം നില്‍ക്കും? ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം സ്വന്തമാക്കിയ ഇന്ത്യക്കൊപ്പമോ ഈഡനില്‍ ഇന്ത്യക്കെതിരെ തോല്‍വിയറിയാത്ത പാകിസ്താനൊപ്പമോ?
ട്വന്‍റി20 ലോകകപ്പിലെ അതീവ നിര്‍ണായകമായ മത്സരത്തിന് ശനിയാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ബലാബലത്തിനിറങ്ങുമ്പോള്‍ ഇന്ത്യയും പാകിസ്താനും ഉറ്റുനോക്കുന്നത് ക്രിക്കറ്റിന്‍െറ ചരിത്രപുസ്തകത്തിലേക്കാണ്.
ഏകദിനമാകട്ടെ ട്വന്‍റി20 ആകട്ടെ ലോകകപ്പില്‍ ഇന്നുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താനായിട്ടില്ല. 1975ല്‍ തുടങ്ങിയ ഏകദിന ലോകകപ്പില്‍ അയല്‍ക്കാര്‍ തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയത് 1992ല്‍ ആസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലായിരുന്നു. പാകിസ്താന്‍ ചാമ്പ്യന്മാരായ ആ ടൂര്‍ണമെന്‍റില്‍ ഗ്രൂപ് മത്സരത്തില്‍ ഇന്ത്യ 43 റണ്‍സിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. 1996ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ബാംഗ്ളൂരില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും ഇന്ത്യ വിജയം ആവര്‍ത്തിച്ചു. 39 റണ്‍സ് വിജയം.
’99 ലോകകപ്പില്‍ ഇംഗ്ളണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡിലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം. ഇക്കുറി 47 റണ്‍സിന്‍െറ വിജയം. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന കപ്പില്‍ സെഞ്ചൂറിയന്‍ പാര്‍ക്കില്‍ പാകിസ്താനുമേല്‍ ഇന്ത്യ വിജയം ആഘോഷിച്ചത് ആറു വിക്കറ്റിനായിരുന്നു. ആ ടൂര്‍ണമെന്‍റില്‍ ഇന്ത്യ റണ്ണേഴ്സ് അപ്പുമായി.
2007ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന കപ്പില്‍ ഇരു ടീമുകളും സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ ഏറ്റുമുട്ടാന്‍ അവസരമുണ്ടായില്ല. ഇന്ത്യ രണ്ടാംവട്ടം ചാമ്പ്യനായ 2011 ലോകകപ്പിന്‍െറ സെമിഫൈനലില്‍ പാകിസ്താനെതിരെ മൊഹാലിയില്‍ 29 റണ്‍സിന്‍െറ വിജയത്തോടെയായിരുന്നു ഫൈനലിലത്തെിയത്.
ഏറ്റവുമൊടുവില്‍ ആസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. ഓവലില്‍ 75 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
കുട്ടിക്രിക്കറ്റിന്‍െറ തീപ്പൊരി പോരാട്ടത്തിലേക്ക് ക്രിക്കറ്റിന്‍െറ ചുവടുകള്‍ മാറിയ ട്വന്‍റി20 ലോകകപ്പിലും വിജയം ഇന്ത്യന്‍ കുത്തകയായി തുടര്‍ന്നു. 2007ലെ ആദ്യ ലോകകപ്പില്‍ രണ്ടുവട്ടമാണ് ഇന്ത്യ പാകിസ്താനെ തോല്‍പിച്ചത്. ഗ്രൂപ് മത്സരത്തില്‍ തുല്യസ്കോറില്‍ എത്തിയപ്പോള്‍ ഏര്‍പ്പെടുത്തിയ ബൗള്‍ ഒൗട്ട് സമ്പ്രദായത്തിലൂടെ ചരിത്രം ഇന്ത്യക്കൊപ്പം നിന്നു. ഫൈനലില്‍ പാകിസ്താനെ തന്നെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ ആദ്യ കിരീടത്തിന് അവകാശിയുമായി.
2009ലും 2010ലും ഇന്ത്യ-പാക് പോരുണ്ടായില്ല. 2011ല്‍ ശ്രീലങ്കന്‍ മണ്ണില്‍ അയല്‍ക്കാര്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ജയം പിന്നെയും ഇന്ത്യന്‍ വരുതിയിലായി. കൊളംബോയില്‍ എട്ടു വിക്കറ്റിനായിരുന്നു ജയം. കഴിഞ്ഞ ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ളാദേശിലെ മിര്‍പുരിലും ചരിത്രം തിരുത്താന്‍ ഇന്ത്യ പാകിസ്താനെ അനുവദിച്ചില്ല. സൂപ്പര്‍ 10ല്‍ ഏഴു വിക്കറ്റിന് ഇന്ത്യ വിജയമുറപ്പിച്ചു.
വീണ്ടും ലോകകപ്പില്‍ ഏറ്റുമുട്ടലിനിറങ്ങുമ്പോള്‍ തിരുത്താനാവാത്ത ഈ ചരിത്രമാണ് ഇന്ത്യയുടെ പിന്‍ബലം. സ്വന്തം കാണികളുടെ മുന്നില്‍ കൊല്‍ക്കത്തയിലിറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യക്ക് ആത്മവിശ്വാസമേകേണ്ടതാണ്. പക്ഷേ, കളിക്കാനിറങ്ങുന്നത് ഈഡന്‍ ഗാര്‍ഡനിലാണ്. ഈ മൈതാനത്ത് ഇതുവരെ പാകിസ്താനെ തോല്‍പിക്കാന്‍ ഇന്ത്യക്കായിട്ടില്ല.
1987 ഫെബ്രുവരി 18ന് സലിം മാലികിന്‍െറ ഒറ്റയാന്‍ പോരാട്ടത്തില്‍ മൂന്നു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ച അന്നു മുതല്‍ തുടങ്ങിയതാണ് പാകിസ്താന്‍െറ ഈഡന്‍ ചരിത്രം. പിന്നീട് മൂന്നുതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം പാകിസ്താന്‍ പക്ഷത്തായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരെയും ഈഡനില്‍ പാകിസ്താന്‍ ജയം ആവര്‍ത്തിച്ചിട്ടുണ്ട്. 1993ല്‍ ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ശ്രീലങ്കക്കെതിരെ മാത്രമാണ് പാക് പട ഈഡനില്‍ തോല്‍വി രുചിച്ചത്. ഈ ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ ദിവസം ബംഗ്ളാദേശിനെ ഇതേ മൈതാനത്ത് പാകിസ്താന്‍ തുരത്തിയിരുന്നു.
ചരിത്രം ആരാവര്‍ത്തിക്കും എന്ന ആകാംക്ഷയിലായിരിക്കും ആരാധക ലോകം ഈ മത്സരത്തിലേക്ക് കണ്‍തുറക്കുക. എന്നും മൈതാനത്തിന് തീപകര്‍ന്ന ചരിത്രം മാത്രമുള്ള അയല്‍ക്കാരുടെ പോരില്‍ ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനെതിരെ നാണംകെട്ട തോല്‍വി വഴങ്ങിയെങ്കിലും കടലാസില്‍ മുന്‍തൂക്കം ആതിഥേയരായ ഇന്ത്യക്കുതന്നെ. സ്ഥിരത പുലര്‍ത്താത്ത ബാറ്റിങ് നിരയാണെങ്കിലും ഫോമിലേക്കുയരാന്‍ നിമിഷങ്ങള്‍ മാത്രം മതി ഇന്ത്യക്കെന്ന് എതിരാളികള്‍ക്കുമറിയാം. ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുടെയും പ്രിയപ്പെട്ട മൈതാനമാണ് ഈഡന്‍. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറായ 264 റണ്‍സ് രോഹിത് ശ്രീലങ്കക്കെതിരെ സ്വന്തം പേരില്‍ കുറിച്ചതും ഈ മൈതാനത്ത്.
അതേസമയം, ബംഗ്ളാദേശിനെ അടിച്ചുപരത്തി ഉജ്ജ്വല വിജയവുമായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍. ആഷസിനെക്കാള്‍ കടുത്ത മത്സരമാണിതെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അവസാന പന്തുവരെ ആവേശം ചോരാത്ത മറ്റൊരു മത്സരത്തിനുകൂടി ഈഡന്‍ സാക്ഷിയാകുമെന്നുറപ്പ്.
ബംഗ്ളാദേശിനെതിരെ നടന്ന കഴിഞ്ഞ കളിയില്‍ കാണികളുടെ പിന്തുണ പാക് ടീമിനായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.