കൊല്‍ക്കത്ത: ചരിത്രം തിരുത്താനുള്ളതാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടില്ളെന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയോട് തോറ്റിട്ടില്ളെന്ന ചരിത്രമുപയോഗിച്ചായിരുന്നു ഷാഹിദ് അഫ്രീദിയും ഇംറാന്‍ ഖാനും തിരിച്ചടിച്ചത്. പക്ഷേ, എം.എസ്. ധോണിയും വിരാട് കോഹ്ലിയും ചരിത്രം തിരുത്തിച്ചു. ക്രിക്കറ്റിന്‍െറ പൂന്തോട്ടത്തില്‍ വി.വി.ഐ.പി നിരയെ സാക്ഷിയാക്കി ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയം. ചിരവൈരികളായ പാകിസ്താനെ 13 പന്ത് ശേഷിക്കെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് പരിഹാരക്രിയ ചെയ്തു. മഴമൂലം ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച കളി 18 ഓവറാക്കി ചുരുക്കിയിരുന്നു. നനഞ്ഞ പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ഫീല്‍ഡിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനവും തെറ്റിയില്ല.
അശ്വിന്‍െറയും രവീന്ദ്ര ജദേജയുടെയും കുത്തിത്തിരിഞ്ഞത്തെിയ പന്തുകള്‍ക്കു മുന്നില്‍ തപ്പിത്തടഞ്ഞ പാകിസ്താന്‍ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ഓപണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ (17), അഹ്മദ് ഷെഹ്സാദ് (25) എന്നിവര്‍ നല്‍കിയ തുടക്കത്തില്‍, ഉമര്‍ അക്മലും (22) ശുഐബ് മാലികും (26) തങ്ങളുടെ സംഭാവനയും നല്‍കി.
Congratulations Team India for the amazing victory. #IndvsPak
— Narendra Modi (@narendramodi) March 19, 2016
മറുപടി ബാറ്റിങ്ങില്‍ പതറിപ്പോയ ഇന്ത്യയെ വിരാട് കോഹ്ലിയാണ് വിജയതീരമണിയിച്ചത്. 37 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സറും പറത്തിയ കോഹ്ലി 55 റണ്‍സെടുത്ത് വിജയശില്‍പിയായി. യുവരാജ് സിങ് (24), എം.എസ്. ധോണി (13 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും നിര്‍ണായകമായി. ഓപണര്‍മാരായ രോഹിത് ശര്‍മയും (10) ശിഖര്‍ ധവാനും (6) സുരേഷ് റെയ്നയും (0) പുറത്തായപ്പോള്‍ മൂന്നിന് 23 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു ഇന്ത്യ. ഇവിടന്നാണ് കോഹ്ലി-യുവി കൂട്ടുകെട്ട് വിജയപ്രതീക്ഷ നല്‍കിയത്.നെഹ്റയും അശ്വിനും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ കരുതലോടെയാണ് പാകിസ്താന്‍ നേരിട്ടത്. ആദ്യ ഓവറില്‍ മൂന്നു റണ്‍സ് മാത്രമാണ് വഴങ്ങിയത്. ആദ്യ ബൗണ്ടറിക്കായി മൂന്ന് ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ആറ് ഓവറില്‍ 30 റണ്‍സായിരുന്നു പാകിസ്താന്‍െറ സമ്പാദ്യം.
എട്ടാം ഓവറില്‍ സുരേഷ് റെയ്നയത്തെിയാണ് പാകിസ്താന്‍െറ ഓപണിങ് കൂട്ട് പിളര്‍ത്തിയത്. ഷര്‍ജീല്‍ ഖാനെ, ബൗണ്ടറി ലൈനില്‍നിന്ന് മുന്നോട്ടുകുതിച്ച ഹാര്‍ദിക് പാണ്ഡ്യ ഉജ്ജ്വല ഡൈവിങ്ങിലൂടെ പുറത്താക്കി. അധികം വൈകും മുമ്പ് ആദ്യ മത്സരത്തിലെ പാക് ഹീറോ ഷെഹ്സാദും മടങ്ങി. ബുംറയുടെ പന്തില്‍ ജദേജ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബംഗ്ളാദേശിനെതിരെ ഓള്‍റൗണ്ട് മികവില്‍ വിജയം സമ്മാനിച്ച ഷാഹിദ് അഫ്രീദിക്കും ഇന്നലെ തിളങ്ങാനായില്ല. പ്രമോഷന്‍ നേടി മുന്നോട്ടത്തെിയ നായകനെ പാണ്ഡ്യ കോഹ്ലിയുടെ കൈയിലത്തെിച്ചു മടക്കിയപ്പോള്‍ എട്ടു റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. നാലാം വിക്കറ്റില്‍ ഒന്നിച്ച ഉമര്‍ അക്മലും (22) ശുഐബ് മാലികും (26) ചേര്‍ന്നാണ് പാക് സ്കോര്‍ 100 കടത്തിയത്. ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയില്ളെങ്കിലും അശ്വിന്‍െറ ഓവറുകള്‍ റണ്‍സ് നിയന്ത്രിച്ചു.
പാകിസ്താനു വേണ്ടി മുഹമ്മദ് സമി രണ്ടു വിക്കറ്റ് വീഴ്ത്തി. ആമിര്‍, വഹാബ് റിയാസ് എന്നിവര്‍ക്കാണ് ഓരോ വിക്കറ്റ്. ഗാലറിയില്‍ ത്രിവര്‍ണപതാകയുമായി ആത്മവിശ്വാസം പകരാനത്തെിയ സചിന്‍ ടെണ്ടുല്‍കറും സുനില്‍ ഗവാസ്കറും ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളുടെയും ബോളിവുഡ്-രാഷ്ട്രീയ താരനിരയുടെയും സാന്നിധ്യത്തിലായിരുന്നു ഇന്ത്യ-പാക് പോരാട്ടം. പാകിസ്താന് പ്രോത്സാഹനവുമായി ഇംറാന്‍ ഖാനും വസീം അക്രവുമെല്ലാം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.