ഇന്ത്യ തന്നെ പുലികൾ

കൊൽക്കത്ത: ക്രിക്കറ്റ് ലോകം കാത്തിരുന്ന ട്വൻറി 20 ലോകകപ്പിലെ ഇന്ത്യാ- പാക് പോരാട്ടത്തിൽ ജയം ഇന്ത്യക്കൊപ്പം. പാകിസ്താൻ ഉയർത്തിയ 119 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ 13 പന്തുകൾ ബാക്കിയിരിക്കെ മറികടന്നു. വിരാട് കോഹ്ലിയാണ് (55) ഇന്ത്യയുടെ വിജയനായകൻ. ക്യാപ്റ്റൻ ധോണി നിർണായകമായ 13 റൺസെടുത്ത് വിജയ നിമിഷത്തിൽ പങ്കാളിയായി. ഈഡൻ ഗാർഡനിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യജയമാണിത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് ഇന്ത്യ ഉയർത്തിപ്പിടിച്ചു. മികച്ച വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

കിവിസിനെതിരായ കളി അനുസ്മരിപ്പിക്കും വിധം രോഹിത് ശർമ്മ പെട്ടന്ന് തന്നെ പുറത്തായി. 10 റൺസെടുത്തു നിൽക്കെ മുഹമ്മദ് ആമിറാണ് രോഹിതിനെ മടക്കിയത്. ശിഖർ ധവനെ (6) സമി മടക്കുമ്പോൾ ഇന്ത്യൻ സ്കോർ 23. റെയ്ന (0) വന്നതും പോയതും ഒരുമിച്ചായിരുന്നു. പിന്നീട് വിരാട് കോഹ്ലിയും യുവരാജ് സിങ്ങും  (24) ഒത്തു ചേർന്ന് ഇന്ത്യൻ സ്കോർ പതിയെ ഉയർത്തി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം മത്സരം  ഒരു മണിക്കൂർ വൈകി തുടങ്ങിയതിനാൽ 18 ഒാവറാക്കി ചുരുക്കി. ഒാപ്പണർമാരായ ഷർജീൽ ഖാനും (17),  അഹ്മദ് ഷെഹ്സാദും (25) ക്യാപ്റ്റൻ ശാഹിദ്  അഫീദി(8), ഉമർ അക്മൽ (22) എന്നിവരാണ് പുറത്തായത്. ഷർജിലിനെ റെയ്നയുടെ പന്തിൽ  ഹാർദിക് പാണ്ഡ്യേ പുറത്താക്കുകയായിരുന്നു. ഷെഹ്സാദിനെ ബുംമ്രയാണ് മടക്കിയത്. മത്സരത്തിൽ ഇന്ത്യൻ ഫീൽഡർമാർ മികവ് പ്രകടിപ്പിച്ചു. പാകിസ്താൻ ബാറ്റിങ് ട്വൻറി നിലവാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല. ഷുഅയ്ബ് മാലിക് (26), ഉമർ അക്മൽ (22) അഹ്മദ് ശെഹ്സാദ് എന്നിവരാണ് പാക് ടീമിലെ സ്കോറർമാർ. പാക് ബാറ്റ്സ്മാൻമാരെ റൺസെടുക്കാൻ അനുവദിക്കാതെ വെള്ളം കുടിപ്പിച്ച ഇന്ത്യൻ ബൗളിങ് നിരയാണ് ഇത്രയും ചെറു സ്കോറിൽ പച്ചപ്പടയെ ഒതുക്കിയത്. മത്സരത്തിൽ പാകിസ്താൻ ട്വൻറി നിലവാരത്തിലേക്ക് ഉയർന്നില്ല. അശ്വിൻ ഒഴിച്ച് ബാക്കി എല്ലാ ബൗളർമാരും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇരു ടീമിനും വംഗനാട് ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. മുൻ താരങ്ങളും ബോളിവുഡ് നടന്മാരടക്കം മത്സരത്തിന് കൊഴുപ്പേകി ഗ്രൗണ്ടിലെത്തി. പാക് ദേശീയ ഗാനം അമന്നാഥ് അലി ആലപിച്ചപ്പോൾ ഇന്ത്യയുടേത് സൂപ്പർതാരം അമിതാഭ് ബച്ചനാണ് ആലപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, മുൻ പാക് താരങ്ങളായ ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരും ചടങ്ങിനെത്തിയിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.