തോൽവിയിലും തലയുയർത്തി അഫ്ഗാൻ

മുംബൈ: ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍മലക്കു മുന്നില്‍ പതറാതെ ബാറ്റു വീശിയ അഫ്ഗാനിസ്താന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി. തോറ്റെങ്കിലും ക്രിക്കറ്റ് ലോകത്ത് തങ്ങളുടേതായ ഇരിപ്പിടത്തിന് അധികകാലം വേണ്ടിവരില്ളെന്ന് വിളംബരം ചെയ്യുന്നതായിരുന്നു അഫ്ഗാന്‍െറ പ്രകടനം. ട്വന്‍റി20 ലോകകപ്പ്  ഗ്രൂപ് ഒന്നിലെ നിര്‍ണായകമായ മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പിച്ച് കരുത്തരായ ദക്ഷിണാഫ്രിക്ക സെമിസാധ്യതകള്‍ നിലനിര്‍ത്തി. 37 റണ്‍സിനായിരുന്നു ജയം. സ്കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ചിന് 209. അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 172ന് പുറത്ത്.
തുടര്‍ച്ചയായ രണ്ടാം മത്സരവും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തെ ദക്ഷിണാഫ്രിക്ക റണ്‍ കൂമ്പാരമാക്കുകയായിരുന്നു. എബി ഡിവില്ലിയേഴ്സ് (29 പന്തില്‍ 64), ക്വിന്‍റണ്‍ ഡി കോക്ക് (31 പന്തില്‍ 45), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളെസിസ് (27 പന്തില്‍ 41) എന്നിവരുടെ റണ്‍ താണ്ഡവത്തില്‍ അഫ്ഗാന്‍ ബൗളിങ് നിര നിഷ്പ്രഭമായി. 20 പന്തില്‍ 29 റണ്‍സെടുത്ത ജെ.പി. ഡുമിനിയും എട്ടു പന്തില്‍ 19 റണ്‍സെടുത്ത ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ സ്കോറുയര്‍ത്തുന്നതില്‍ വിജയം കണ്ടതോടെ സ്കോര്‍ 200 കടന്നു.

നൂർ അലിയെ സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ഡി കോക്ക്
 

ഡിവില്ലിയേഴ്സ് അഞ്ചു സിക്സും നാലു ഫോറും പറത്തി. റാഷിദ് ഖാന്‍ എറിഞ്ഞ 17ാമത്തെ ഓവറില്‍ നാലു സിക്സും ഒരു ഫോറും സഹിതം 29 റണ്‍സാണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്.

ക്രിക്കറ്റ് ലോകത്ത് വരാനിരിക്കുന്ന നാളുകള്‍ തങ്ങളുടേതുമായിരിക്കുമെന്ന ഓര്‍മപ്പെടുത്തലായിരുന്നു അഫ്ഗാനിസ്താന്‍െറ പ്രകടനം. എതിരാളികള്‍ മുന്നോട്ടുവെച്ച കൂറ്റന്‍ ലക്ഷ്യത്തിന് അഫ്ഗാന്‍ സംഘം അതേ നാണയത്തില്‍ മറുപടിനല്‍കി. ഇംഗ്ളണ്ട് മോഡല്‍ തുടക്കമായിരുന്നു അഫ്ഗാനിസ്താന്‍േറത്. ആക്രമണ ചുമതല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഷെഹ്സാദ് ഏറ്റെടുത്തപ്പോള്‍ സ്കോര്‍ബോര്‍ഡ് കുതിച്ചു.

ഡിവില്ലേഴ്സിൻെറ ബാറ്റിങ്
 

ദക്ഷിണാഫ്രിക്ക മറ്റൊരു ദുരന്തവക്കിലാണോയെന്ന് ആരാധകരെ തോന്നിപ്പിക്കുംവിധമായിരുന്നു ഷെഹ്സാദിന്‍െറ വെളിച്ചപ്പെടല്‍. 19 പന്തില്‍ അഞ്ചു സിക്സറുകളും മൂന്നു ഫോറുകളും നേടി 44 റണ്‍സെടുത്ത് ഷെഹ്സാദ് പുറത്താകുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ നാലോവറില്‍ 52 എന്ന നിലയിലായിരുന്നു. എന്നാല്‍, പിന്നീടത്തെിയവര്‍ക്കൊന്നും ആ മികവ് ആവര്‍ത്തിക്കാനാവാത്തതോടെ ദക്ഷിണാഫ്രിക്ക മത്സരം കൈപ്പിടിയിലാക്കി. നൂര്‍ അലി സദ്റാന്‍ (25), ഗുല്‍ബാദിന്‍ നെയ്ബ് (26), സമിഉല്ല ഷെന്‍വാരി (25) എന്നിവരും അഫ്ഗാന്‍ നിരയില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി. റബാദ, അബോട്ട്, ഇംറാന്‍ താഹിര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.