തോൽവിയിലും തലയുയർത്തി അഫ്ഗാൻ

മുംബൈ: ട്വൻറി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും അഭിമാനകരമായിരുന്നു അഫ്ഗാൻ നിരയുടെ പോരാട്ടം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 210 റൺസെന്ന കൂറ്റൻ സ്കോറിൻെറ 37 റൺസകലെ വരെ അവർ എത്തിച്ചേർന്നെങ്കിലും വിജയം അകന്നുനിന്നു. ക്രിക്കറ്റ് ലോകത്ത് പുതിയൊരു ശക്തികൾ കൂടി പിറവിയെടുക്കുന്നു എന്നതിൻെറ സൂചനകൾ നൽകിയാണ്  അഫ്ഗാൻ കളം വിട്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനികൾ ഭയമേതുമില്ലാതെ പ്രോട്ടീസ് ബൗളർമാരെ നേരിട്ടു. 19 പന്തിൽ നിന്നും 44 റൺസെടുത്ത മുഹമ്മദ് ശെഹ്സാദ് ആഫ്രിക്കൻ ബൗളിങ് നിരയെ നാലു ഭാഗത്തേക്കും പറത്തി. അഞ്ച് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ശെഹ്സാദിൻെറ ഇന്നിങ്സ്. നൂർ അലി സിദ്രാൻ(25), ഗുൽബാദിൻ നെയിബ് (26), ശമീഉല്ലാ സൻവാരി (25) എന്നിവരും ശെഹ്സാദിനു പിന്നാലെ അഫ്ഗാനായി പൊരുതി. രണ്ട് ഒാവറിൽ 33 റൺസെടുത്ത് കുഞ്ഞന്മാരെന്ന പേര് അഫ്ഗാൻ മാറ്റിയെടുത്തു.  ക്രിസ് മോറിസ് 27 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി. മോറിസ് തന്നെയാണ് കളിയിലെ താരം.

എബി ഡിവില്ലേഴ്സ് (64), കിൻറ്വൺ ഡി കോക്ക് (45), ഫാഫ് ഡു പ്ലെസിസ്(41), ജെ.പി ഡുമിനി എന്നിവരാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 29 പന്തിൽ അഞ്ച് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലേഴ്സിൻെറ ഇന്നിങ്സ്. ആദ്യ മത്സരത്തില്‍ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും ദക്ഷിണാഫ്രിക്ക ഇംഗ്ളണ്ടിനെതിരെ തോല്‍വി വഴങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.