ഇംഗ്ലണ്ട് സെമിയില്‍; ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പുറത്ത്

ന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുടെയും കരുത്തരായ ദക്ഷിണാഫ്രിക്കയുടെയും വഴിമുടക്കി മൂന്നാം ജയത്തോടെ ഇംഗ്ളണ്ട് ട്വന്‍റി20 ലോകകപ്പ് സെമിയില്‍. ഗ്രൂപ് ഒന്നില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ 10 റണ്‍സിന് തോല്‍പിച്ചാണ് മുന്‍ ചാമ്പ്യന്മാരായ ഇംഗ്ളണ്ട് സെമിയില്‍ കടന്നത്. വിന്‍ഡീസ് നേരത്തേ തന്നെ സെമിയിലത്തെിയിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തില്‍ 66 റണ്‍സെടുത്ത ജോസ് ബട്ലറും ഓപണര്‍ ജാസണ്‍ റോയും (39 പന്തില്‍ 42) നല്‍കിയ ടോട്ടലിനെ ഏറെ പാടുപെട്ടാണ് ഇംഗ്ളീഷുകാര്‍ പ്രതിരോധിച്ചത്. സെമിയിലേക്ക് രണ്ടു വിജയം അനിവാര്യമായ ശ്രീലങ്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഓപണര്‍മാരായ ദിനേശ് ചാണ്ഡിമല്‍ (1), ദില്‍ഷന്‍ (2), സിരിവര്‍ധനെ (7), തിരിമണ്ണെ (3) എന്നിവരുടെ വിക്കറ്റുകള്‍ മൂന്ന് ഓവറിനുള്ളില്‍ നഷ്ടമായ ലങ്കക്ക് നായകന്‍ എയ്ഞ്ചലോ മാത്യൂസാണ് പോരാട്ടവീര്യം നല്‍കിയത്. 54 പന്തില്‍ 73 റണ്‍സുമായി മാത്യൂസ് പുറത്താവാതെ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമില്ലാതെപോയി. കപുഗദേര (30), തിസാര പെരേര (20) എന്നിവരുടെ ചെറുത്തുനില്‍പിനും ലങ്കയെ രക്ഷപ്പെടുത്താനായില്ല. അവസാന രണ്ട് ഓവറില്‍ 22ഉം അവസാന ഓവറില്‍ 15ഉം റണ്‍സ് ലക്ഷ്യമിട്ട ലങ്കക്ക് നിര്‍ണായക ഘട്ടത്തില്‍ മൂന്നു വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. നാലു പേരെ പുറത്താക്കിയ ക്രിസ് ജോര്‍ദനാണ് ഇംഗ്ളണ്ട് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.