??????????? ??????????? ???????? ? ?????????? ?????? ?????????????

അഫ്ഗാന്‍ വീരചരിതം

നാഗ്പുര്‍: വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഈ കാഴ്ച ഐ.സി.സിക്കൊരു ഓര്‍മപ്പെടുത്തലാണ്. ദക്ഷിണാഫ്രിക്കയെയും ഇംഗ്ളണ്ടിനെയും ശ്രീലങ്കയെയും തകര്‍ത്ത് ട്വന്‍റി20 ഗ്രൂപ് ഒന്നില്‍ ഒന്നാമന്മാരായി നില്‍ക്കുന്ന വെസ്റ്റിന്‍ഡീസിനെ ആറു റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്താന്‍ നല്‍കിയ മുന്നറിയിപ്പില്‍ രാജ്യാന്തര ക്രിക്കറ്റിലെ തലതൊട്ടപ്പന്മാര്‍ ഒന്നുകൂടി ഇരുന്ന് ചിന്തിക്കേണ്ട സമയം. ടെസ്റ്റ് പദവിക്ക് തങ്ങള്‍ അര്‍ഹരാണെന്ന ഓര്‍മപ്പെടുത്തലുമായാണ് സൂപ്പര്‍ ടെന്നിലെ അവസാന മത്സരത്തിലെ തകര്‍പ്പന്‍ ജയവുമായി അഫ്ഗാന്‍ മടങ്ങുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സില്‍ അവസാനിച്ചപ്പോള്‍ അനായാസ വിജയമായിരുന്നു വിന്‍ഡീസ് പ്രതീക്ഷിച്ചത്. എന്നാല്‍, സ്പിന്‍ ബൗളിങ്ങിലൂടെ തങ്ങളുടെ നിസ്സാര ടോട്ടല്‍ പ്രതിരോധിച്ച അഫ്ഗാന്‍ വിന്‍ഡീസിനെ എട്ടിന് 117 എന്നനിലയില്‍ തളച്ചു. അവസാന ഓവറുകളില്‍ മികച്ച ബൗളിങ്ങും കുറ്റമറ്റ ഫീല്‍ഡിങ്ങുമൊരുക്കിയായിരുന്നു അഫ്ഗാന്‍െറ ജയം. 12 പന്തില്‍ 25 റണ്‍സെന്ന നിലയിലേക്ക് കളി മാറിമറിഞ്ഞപ്പോള്‍ സമ്മര്‍ദങ്ങളില്‍ വലിഞ്ഞുമുറുകാതെ അഫ്ഗാന്‍ പോരാട്ടവീര്യം നിലനിര്‍ത്തി. രണ്ടു സിക്സര്‍ പറന്നതോടെ വിന്‍ഡീസിന് ജയപ്രതീക്ഷയായി. 20ാം ഓവര്‍ എറിയാന്‍ മുഹമ്മദ് നബിയത്തെുമ്പോള്‍ വിന്‍ഡീസിന് വേണ്ടത് 11 റണ്‍സ്. സമ്മര്‍ദങ്ങളില്‍പെടാതെ സ്പിന്നില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള അഫ്ഗാന്‍െറ തീരുമാനം ശരിയായി. തുടര്‍ച്ചയായി ഡോട്ട്ബാളുകളായതോടെ വിന്‍ഡീസ് ജയത്തില്‍നിന്ന് അകന്നുതുടങ്ങി. ഇതിനിടെ, എട്ടു പന്തില്‍ 13 റണ്‍സെടുത്ത ബ്രാത്വൈറ്റിന്‍െറ വിക്കറ്റും പോയി. ഒടുവില്‍ ടൂര്‍ണമെന്‍റിലെ കിരീട ഫേവറിറ്റുകളായ മുന്‍ ചാമ്പ്യന്മാര്‍ ആദ്യമായി വീണു.

കപ്പടിച്ചപോലെയായിരുന്നു അഫ്ഗാന്‍െറ വിജയാഘോഷം. ലോകക്രിക്കറ്റിലെ തുടക്കക്കാരുടെ വമ്പന്‍ ജയത്തിന് അഭിനന്ദനവുമായി വിന്‍ഡീസിന്‍െറ സൂപ്പര്‍താരം ക്രിസ് ഗെയ്ലും ഗ്രൗണ്ടിലിറങ്ങി. എതിര്‍ നായകന്‍ ഡാരന്‍ സമിയും സഹതാരങ്ങളും ഇന്‍സമാമുല്‍ഹഖിന്‍െറ കുട്ടികളെ അഭിനന്ദിക്കാന്‍ മറന്നില്ല. 
48 റണ്‍സ് നേടി പുറത്താവാതെ നിന്ന അഫ്ഗാന്‍ താരം നജീബുല്ല സദ്റാനാണ് കളിയിലെ താരം. മുഹമ്മദ് ഷെഹ്സാദ് (24), ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്സായ് (16) എന്നിവരും നന്നായി ബാറ്റുവീശി. വിന്‍ഡീസ് നിരയില്‍ ഡ്വെ്ന്‍ ബ്രാവോയാണ് (28) ടോപ് സ്കോറര്‍. ഓപണര്‍ ജോണ്‍സണ്‍ ചാള്‍സ് (22), ആന്ദ്രെ ഫ്ളെച്ചര്‍ (11), ദിനേഷ് രാംദിന്‍ (18) എന്നിവര്‍ രണ്ടക്കം കടന്നു. ക്രിസ് ഗെയ്ലിന് വിശ്രമം നല്‍കിയായിരുന്നു വിന്‍ഡീസ് കളത്തിലിറങ്ങിയത്. തോറ്റെങ്കിലും വിന്‍ഡീസിന്‍െറ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 

സൂപ്പര്‍ ടെന്നിലെ ആദ്യ മൂന്നിലും അവസാനം വരെ പൊരുതിയാണ് അഫ്ഗാന്‍ കീഴടങ്ങിയത്. നാലാം അങ്കത്തില്‍ ജയം സ്വന്തമാക്കിയ പോരാളികളെ അനില്‍ കുംബ്ളെ, മൈക്കല്‍ വോണ്‍, മിച്ചല്‍ ജോണ്‍സണ്‍, യൂസുഫ് പത്താന്‍, വസീം അക്രം എന്നിവരും അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.