പടിക്കല്‍ കലമുടച്ച് കിവീസ്; ഇംഗ്ലണ്ട് ഫൈനലിൽ

ന്യൂഡല്‍ഹി: കടിഞ്ഞാണ്‍ പൊട്ടിയ കുതിര കണക്കെ പാഞ്ഞുവന്ന് പടിക്കല്‍ കലമുടക്കുന്ന പതിവുരീതി കിവീസ് വീണ്ടും ആവർത്തിച്ചു. ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാതെ വന്ന കിവികളെ ഇംഗ്ലണ്ട് മലർത്തിയടിച്ചു. ഒടുവിൽ ഇംഗ്ലണ്ട് രണ്ടാം തവണയും ട്വൻറി 20 ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു.

കിവീസ് ഉയർത്തിയ 153 റൺസ് ലക്ഷ്യമിട്ട് ബാറ്റിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ജേസൺ റോയ് (78),  ജോ റൂട്ട് (27) എന്നിവർ ചേർന്നാണ് ഇംഗ്ലീഷ് സംഘത്തിന് 17.1 ഒാവറിൽ വിജയമൊരുക്കിയത്. ഒാപണിങ് ജോഡികളായ ജേസൺ റോയും അലക്സ് ഹെൽസും (16) ചേർന്ന് ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. കിവീസ് ബൗളിങ് നിരയെ അവർ നിർദാക്ഷിണ്യം നാലുഭാഗത്തേക്കും പറപ്പിച്ചു. അഞ്ച് ഒാവറിൽ തന്നെ കിവീസ് സ്കോർ 60 കടന്നിരുന്നു. 44 പന്തിൽ നിന്നും 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ജേസൺ റോയുടെ ഇന്നിങ്സ്. കിവീസ് ബൗളർ ഇഷ് സോദിയാണ് ഏറ്റവും റൺസ് വിട്ടുകൊടുത്തത്. നാല് ഒാവറിൽ 42 സോധി വിട്ടുകൊടുത്തത്. എല്ലാ ബൗളർമാരും ഇംഗ്ലീഷ്  നിരയുടെ ബാറ്റിങ് ചൂടറിഞ്ഞു.

നേരത്തേ ടോസ് നേടിയ ഇംഗ്ളണ്ട് കിവീസിനെ ബാറ്റിനയക്കുകയായിരുന്നു. കൂറ്റൻ ലക്ഷ്യത്തിലേക്ക് പോകുകയായിരുന്ന കിവി സംഘത്തെ ഇംഗ്ലീഷ് ബൗളിങ് നിര 153 റൺസിലൊതുക്കി. 13ാം ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന ഭദ്രമായ നിലയിലായിരുന്ന കിവികൾക്ക് അവസാന ഒാവറുകളിൽ വെടിക്കെട്ട് പുറത്തെടുക്കാനായില്ല. കോളിൻ മൺറോ(46), കെയ്ൻ വില്യംസൺ (32), കൊറി ആൻഡേഴ്സൺ (28) എന്നിവരാണ് ന്യൂസിലൻഡിൻെറ സ്കോറർമാർ. മൺറോ പുറത്തായതോടെയാണ് കിവിസ് ബാറ്റിങ് മുന്നേറ്റം തകർന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.