വാംഖഡെയിൽ ഇന്ത്യൻ കുരുതി; വിൻഡീസ് ഫൈനലിൽ

മുംബൈ: ട്വൻറി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യയെ അടിച്ചു പരത്തി കരീബിയൻ നിര ഫൈനലിലേക്ക്. ഇന്ത്യ ഉയർത്തിയ 193 റൺസെന്ന റൺമലയിലേക്ക് ബാറ്റുവീശിയ അവർ തലങ്ങും വിലങ്ങും ഇന്ത്യൻ ബൗളർമാരെ ഇടതടവില്ലാതെ പായിച്ചു. ധോണി പരീക്ഷിച്ച ഒാരോ ബൗളർമാരും ലെൻഡിൽ സിമ്മൺസിൻെറ ബാറ്റിങ് ചൂടറിഞ്ഞു. ഒടുവിൽ അനിവാര്യമായ പരാജയത്തിലേക്ക്. ക്യാപ്റ്റൻ ധോണിയുടെ ബൗളിങ്നിര അമ്പേ പരാജയപ്പെട്ട മത്സരത്തിൽ വിൻഡീസ് ആധികാരിക ജയം സ്വന്തമാക്കി . ഇത് രണ്ടാം തവണയാണ് വിൻഡീസ് ട്വൻറി 20 ലോകകപ്പിൻെറ ഫൈനലിലെത്തുന്നത്.

ഇന്ത്യയുടെ  ലക്ഷ്യം പിന്തുടർന്നിറങ്ങിയ കരീബിയൻ നിരക്ക് വിലപ്പെട്ട രണ്ട് വിക്കറ്റുകൾ നേരത്തേ നഷ്ടമായിരുന്നു. സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ(5), മർലോൺ സാമുവൽസ് (8) എന്നിവരാണ് പുറത്തായത്. വിൻഡീസിൻെറ പ്രതീക്ഷയായ ക്രിസ് ഗെയ്ലിനെ ജസ്പ്രീത് സിങ് ബുംമ്രയാണ് ബൗൾഡാക്കിയത്. മർലോൺ സാമുവൽസ് നെഹ്റയുടെ പന്തിൽ രഹാനെക്ക് ക്യാച്ച് നൽകി മടങ്ങി. ഗെയ്ലിൻെറ വിലപ്പെട്ട വിക്കറ്റ് ലഭിച്ച മുൻതൂക്കത്തിലായിരുന്ന ഇന്ത്യക്ക് ജോൺസൺ ചാൾസും (52), സിമ്മൺസും കൂടി തടയിടുകയായിരുന്നു.

ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിനയക്കുകയായിരുന്നു. വിരാട് കോഹ്ലി (89), അജിങ്ക്യ രഹാനെ (40),  രോഹിത് ശർമ്മ (43) എന്നിവർ ചേർന്നാണ് ഇന്ത്യക്ക് മാന്യമായ സ്കോറൊരുക്കിയത്.

ശിഖർധവാന് പകരം ഇന്ത്യ അജിങ്ക്യ രഹാനെയെ ഉൾപ്പെടുത്തി. ഒാപണിറങ്ങിയ രോഹിത് ശർമ്മ- രാഹനെ സഖ്യം കരുതലോടെയാണ് കളിച്ചത്. ആദ്യ ഒാവറുകളിൽ പതിയെ തുടങ്ങിയ ഒാപണിങ് സഖ്യം മൂന്ന് ഒാവറിന് ശേഷമാണ് പതിയെ കത്തിക്കയറിയത്. സിംഗിളുകളിൽ നിന്നും ഫോറിലേക്കും സിക്സിലേക്കും രോഹിത് പന്തിനെ പറപ്പിച്ചു. ഒരു വശത്ത് രഹാനെ സിംഗിളുകളെടുത്ത് രോഹിതിന് ബാറ്റ് കൈമാറി. സ്കോർ 62ലെത്തി നിൽക്കെ രോഹിത് വീണു. സാമുവൽ ബദ്രീയാണ് രോഹിതിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. 31 പന്തിൽ നിന്നും മൂന്ന് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു രോഹിതിൻെറ ഇന്നിങ്സ്. പിന്നീട് രഹനെക്കൊപ്പം ചേർന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരാട് കോഹ്ലി ആസ്ട്രേലിയക്കെതിരായ പ്രകടനം വീണ്ടും ആവർത്തിച്ചു. രഹാനെക്കൊപ്പം ചേർന്ന് കോഹ്ലി ആസ്ര്ടേലിയക്കെതിരായ മത്സരത്തിലെ മിവക് ആവർത്തിച്ചു. സ്കോർ 128ലെത്തി നിൽക്കെ രഹാനെ സിക്സിലേക്ക് പറത്തിയ പന്ത് ഡെയ്ൻ ബ്രാവോയുടെ കയ്യിലവസാനിച്ചു. രഹാനക്ക് പിന്നാലെയെത്തിയ ക്യാപ്റ്റൻ ധോണിയെ കൂട്ടുപിടിച്ച് കോഹ്ലി സ്കോറുയർത്തുകയായിരുന്നു. അതേസമയം, വിൻഡീസ് ഫീൽഡർമാരുടെ പിഴവിൽ നിന്നും കോഹ്ലി നിരവധി തവണ  രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ യുവരാജ് സിങിന് പകരം മനീഷ് പാണ്ഡ്യ ടീമിലെത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.