ബി.സി.സി.ഐക്ക് സുതാര്യതയില്ലെന്ന് സുപ്രീംകോടതി

 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ(ബി.സി.സി.ഐ) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബി.സി.സി.ഐയുടെ നടത്തിപ്പ് സുതാര്യതയില്ലാത്തതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബി.സി.സി.ഐക്ക് ഉത്തരവാദിത്തമില്ളെന്നും അഴിച്ചുപണി അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ബി.സി.സി.ഐയുടെ വിഷയത്തില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബി.സി.സി.ഐയുടെ ഘടന, മൂല്യങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് ബി.സി.സി.ഐ പരാജയമാണെന്നും കോടതി പറഞ്ഞു. പൊതുകാര്യമാണ് നടത്തുന്നതെന്ന് പറയുകയും എന്നാല്‍, സ്വകാര്യ സ്ഥാപനംപോലെ നടത്തുകയുമാണ്. നിങ്ങള്‍ക്ക് പൊതുവ്യക്തിത്വമാണ് ആവശ്യമെങ്കില്‍ സ്വകാര്യത ഉപേക്ഷിക്കണം -കോടതി പറഞ്ഞു.

ബി.സി.സി.ഐ ഘടനയെ ഉടച്ചുവാര്‍ക്കുന്ന ജ. ആര്‍.എം. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ കോടതി പിന്തുണക്കുകയും ചെയ്തു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ബി.സി.സി.ഐയെ സുതാര്യമാക്കുന്നതിന് പര്യാപ്തമാണ്. കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ ബി.സി.സി.ഐയുടെ വിശ്വാസ്യത വര്‍ധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
നേരത്തേ ടി.വി സംപ്രേഷണം, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ വോട്ടവകാശം തുടങ്ങി നിരവധി കാര്യങ്ങളില്‍ ലോധ കമ്മിറ്റി ശ്രദ്ധേയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കിയാല്‍ ബി.സി.സി.ഐക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് അധികൃതരുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.