ഇന്ദോറില്‍ സെഞ്ച്വറി ഡേ

ഇന്ദോര്‍: ഗ്രീന്‍പാര്‍ക്കിലും ഈഡന്‍ ഗാര്‍ഡനിലും കാഴ്ചവെച്ച കളിമികവ് ഇന്ദോറിലും ആവര്‍ത്തിച്ച ഇന്ത്യ, സ്വന്തം മണ്ണില്‍ തുടരന്‍ വിജയം തേടിയുള്ള ജൈത്രയാത്രക്കിടെ കുറിച്ചിട്ടത് നാലാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും കോഹ്ലിയുടെ പേരില്‍ പുതിയ റെക്കോഡുകളും. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്‍െറ രണ്ടം ദിനത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സുമായി ഇന്ത്യ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലന്‍ഡ് വിക്കറ്റൊന്നും നഷ്ടമാവാതെ 28 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (17), ടോം ലതാം (6) എന്നിവരാണ് ക്രീസില്‍.

366 പന്തുകളില്‍നിന്ന് 211 റണ്‍സ് അടിച്ചെടുത്ത നായകന്‍ കോഹ്ലിയുടെയും 381 പന്തുകളെ നേരിട്ട് 188 റണ്‍സ് നേടിയ രഹാനെയുടെയും പ്രകടനമാണ് ഇന്ത്യയെ മികച്ച ടോട്ടലില്‍ എത്തിച്ചത്. സചിന്‍-ലക്ഷ്മണ്‍ കൂട്ടുകെട്ടില്‍ പിറന്ന 353 റണ്‍സ് മറികടന്ന് ഇരുവരും 365 റണ്‍സ്  പടുത്തുയര്‍ത്തിയതോടെ റെക്കോഡ് പുസ്തകത്തില്‍ ഇന്ത്യയുടെ നാലാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായി സ്ഥാനം പിടിച്ചു. ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച നാലാമത്തെ കൂട്ടുകെട്ട് എന്ന നേട്ടവും കോഹ്ലി-രഹാനെ സഖ്യം സ്വന്തമാക്കി. ഡബ്ള്‍ സെഞ്ച്വറി തികക്കുന്ന ആദ്യത്തെ ക്യാപ്റ്റനെന്ന നേട്ടത്തിനൊപ്പം ഒരേവര്‍ഷം രണ്ടു ഡബ്ളുകള്‍  സ്വന്തമാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരനുമായി.

മികച്ച സ്കോറുമായി രണ്ടാം ദിനം ഗ്രൗണ്ടിലിറങ്ങിയ ആതിഥേയര്‍ ഞായറാഴ്ചയും കിവീസ് ബൗളര്‍മാര്‍ക്കുമേല്‍ സമഗ്രാധിപത്യം തീര്‍ത്തു. ബോള്‍ട്ടും ഹെന്‍റിയും സാന്‍ററും പട്ടേലും മാറിമാറിയത്തെിയിട്ടും ബാറ്റിലെ പ്രഹരശേഷിക്ക് അല്‍പംപോലും ശമനമുണ്ടാക്കാനായില്ല. കരുതലോടെ കളിച്ചും ആക്രമിച്ചു മുന്നേറിയും ഇരുവരും മനോഹരമായ ക്രിക്കറ്റ് കാഴ്ചവെച്ചപ്പോള്‍ ആയുധങ്ങള്‍ മാറിമാറി പരീക്ഷിക്കുന്ന തിരക്കിലായിരുന്നു വില്യംസണും കിവീസും. ഹെന്‍റി എറിഞ്ഞ 142ാമത്തെ ഓവറില്‍ ഡീപ് സ്ക്വയറിനും ലെഗ്ഓണിനുമിടല്‍ പന്ത് മനോഹരമായി തൊടുത്തുവിട്ട് നേടിയ രണ്ടു റണ്‍സിലൂടെയാണ് ക്യാപ്റ്റന്‍സിയില്‍ ഡബ്ള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ബോള്‍ട്ടിന്‍െറ 102ാമത്തെ ഓവറിലാണ് ടെസ്റ്റിലെ തന്‍െറ എട്ടാമത്തെ സെഞ്ച്വറി കണ്ടത്തെി രഹാനെയും ഇന്ദോറിലെ ഗാലറിയെ ആവേശത്തിലാക്കിയത്. പിന്നീട് കിട്ടുന്ന അവസരങ്ങളിലെല്ലാം ആക്രമണം തുടര്‍ക്കഥയാക്കിയ ഇരുവരും പന്ത് ബൗണ്ടറിയിലത്തെിക്കാനുള്ള ശ്രമത്തിലായിരുന്നു.

പട്ടേലിനെ പലതവണ ബൗണ്ടറി കടത്തിവിട്ട കോഹ്ലി പട്ടേലിന്‍െറ പന്തില്‍തന്നെ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് മടങ്ങിയത്.  366 പന്തുകളില്‍നിന്നായി 15 ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ നേടിയ 211 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ കോഹ്ലി കൂട്ടിച്ചേര്‍ത്തത്. പകരക്കാരനായി എത്തിയ ശര്‍മക്കും ആക്രമണത്തിലായിരുന്നു ശ്രദ്ധ. മറ്റൊരു ഡബ്ളിനായി ഗാലറി മുഴക്കിയ ആരവത്തിനൊപ്പം ബോള്‍ട്ടിന്‍െറ പന്ത് ഉയര്‍ത്തിയടിക്കാനുള്ള രഹാനെയുടെ ശ്രമം, മനോഹരമായ ഡൈവിങ്ങിലൂടെ വാട്ട്ലിങ് കൈപ്പിടിയിലൊതുക്കി. 22 റണ്‍സ് അകലെ ഡബ്ള്‍ സെഞ്ച്വറി നഷ്ടമാക്കി  രഹാനെ പിന്‍വാങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 500 പിന്നിട്ടിരുന്നു. ഇതിനിടെ കിവീസ് ബൗളര്‍മാരെ ശരിക്കും പ്രഹരിച്ച ശര്‍മ പുറത്താകാതെ നേടിയത് 63 പന്തുകളില്‍നിന്ന് 51 റണ്‍സ്. ഇന്നിങ്സ് ടോട്ടല്‍ സുരക്ഷിതമാക്കിയ ഇന്ത്യ വൈകാതെ ഡിക്ളയര്‍ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.