മുംബൈ: 12 വിക്കറ്റെടുത്ത ആർ.അശ്വിൻെറ മികവിൽ ഇന്നിങ്സിനും 36 റൺസിനും ജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര (3-0) തൂത്തുവാരി. സ്കോർ: ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് 400 (ജെന്നിംഗ്സ് 112, ബട്ട്ലർ 76, മൊയീൻ അലി 50), ഒന്നാം ഇന്നിങ്സ് ഇന്ത്യ 631 (കോഹ്ലി 235, വിജയ് 136, ജയന്ത് 104). രണ്ടാം ഇന്നിങ്സ് ഇംഗ്ലണ്ട് 195 (റൂട്ട് 77, ബെയർസ്റ്റോ 51)
182/6 എന്ന നിലയിൽ അവസാന ദിനം കളി തുടങ്ങിയ ഇംഗ്ലണ്ട് 195 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തി ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ബൗളർമാരിൽ താരമായി. നേരത്തേ ഒന്നാ ം ഇന്നിങ്സിലും അശ്വിൻ ആറ് വിക്കറ്റെടുത്തിരുന്നു. ഇന്നത്തെ എല്ലാ വിക്കറ്റുകളും വീഴ്ത്തിയതും അശ്വിനാണ്. ഇംഗ്ലീഷ് തോൽവിക്ക് ആക്കം കൂട്ടി 185,189, 193, 195 സ്കോറുകളിൽ ഇംഗ്ലീഷ് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുകയായിരുന്നു. മത്സരം തുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ആരാധകരെ അദ്ഭുതപ്പെടുത്തി ഇംഗ്ലീഷ് വാലറ്റം തകർന്നു വീണു. ആദ്യ ഇന്നിംഗ്സിൽ 400 റൺസ് നേടിയ ഒരു ടീം ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങുന്നത് ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം തവണയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ ഇംഗ്ലീഷ് ബാറ്റിങ് നിരക്ക് പ്രതിരോധം മറന്നു പോയ അവസ്ഥയാണ് പരമ്പരയിൽ കാണാനായത്.
ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്ലിയുടെ 13-ാം വിജയമാണിത്. മുൻ ടെസ്റ്റ് ക്യാപ്റ്റൻമാരായ മഹേന്ദ്ര സിങ് ധോണി, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് തൊട്ടുപിന്നിലായി കോഹ്ലിയുണ്ട്. തുടർച്ചയായി 17 മത്സരങ്ങൾ തോൽക്കാതെ ഇന്ത്യ കോഹ്ലിക്ക് കീഴിൽ കുതിക്കുകയാണ്. തുടർച്ചയായ അഞ്ചാം പരമ്പര വിജയമാണ് ഇന്ത്യയുടേത്. 2014ൽ ഇംഗ്ലണ്ടിനോട് നഷ്ടപ്പെട്ട ട്രോഫി ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു. മത്സരത്തിൽ 12 വിക്കറ്റ് വീഴ്ത്തി അശ്വിനും ഇരട്ടശതകവുമായി കോഹ്ലിയും താരങ്ങളായി. അശ്വിൻെറ 24ാമത് അഞ്ച് വിക്കറ്റ് നേട്ടമാണ് മുംബൈയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.