പുണെ: ഇന്ത്യൻ മണ്ണിലെ ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒാസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തിട്ടുണ്ട് . ഡേവിഡ് വാർണറുടെ വിക്കറ്റാണ് നഷ്ടമായത്. 38 റൺസെടുത്ത് മുന്നേറുകയായിരുന്ന വാർണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. മറ്റൊരു ഒാപണിങ് താരം മാറ്റ് റെൻഷോ(36) പരിക്കേറ്റ് കളത്തിൽ നിന്നും പിൻവാങ്ങി. സ്റ്റീവൻ സ്മിത്ത്, ഷോൺ മാർഷ് എന്നിവരാണ് ക്രീസിൽ.
വാർണറും മാറ്റ് റെൻഷോയും റണ്ണിനായി ഒാടുന്നു
ഭുവന്വേഷർ കുമാറിന് പകരക്കാരനായി ജയന്ത് യാദവ് പതിനൊന്നംഗ ലിസ്റ്റിലുണ്ട്. ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആർ.അശ്വിനും രവീന്ദ്ര ജദേജയുമാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്നത്. നഥാൻ ലിയോൺ, സ്റ്റീവ് ഒ കീഫ് എന്നീ രണ്ടു സ്പിന്നർമാരെ മാത്രമാണ് ആസ്ട്രേലിയ ടീമിലുൾപെടുത്തിയത്. മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ് എന്നിവരും ഇന്ത്യയെ വിറപ്പിക്കാനായി ബൗളിങ് ഡിപ്പാർട്ട്മെൻെറിലുണ്ട്.
ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരെ പുറത്തെടുത്ത തന്ത്രങ്ങളൊന്നും മതിയാവില്ല ഒാസീസിനെ വരുതിയിൽ നിർത്താനെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് നന്നായി അറിയാം. 2014ലെ ആസ്ട്രേലിയൻ പരമ്പരക്കിടയിൽ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നാടകീയമായി ടെസ്റ്റ് കളി മതിയാക്കിയപ്പോൾ ടീമിെൻറ ഒൗദ്യോഗിക ക്യാപ്റ്റനായി ചുമതലയേറ്റശേഷം തോൽവിയറിഞ്ഞിട്ടില്ല എന്നതാണ് കോഹ്ലിയുടെ റെക്കോഡ്. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ധോണി പരിക്കുപറ്റി പുറത്തിരുന്നപ്പോൾ ആദ്യ ടെസ്റ്റിൽ താൽക്കാലികമായി ടീമിെന നയിക്കാൻ നിയോഗമുണ്ടായത് കോഹ്ലിക്കായിരുന്നു. തോൽവിയോടെയായിരുന്നു ക്യാപ്റ്റനായി തുടക്കം. മടങ്ങിയെത്തിയ ധോണി അടുത്ത ടെസ്റ്റിൽ ടീമിനെ നയിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. സമനിലയിലായ മൂന്നാം ടെസ്റ്റോടെ ധോണി ടെസ്റ്റ് ടീമിെൻറ പടിയിറങ്ങി. നാലാം ടെസ്റ്റിൽ മുഴുസമയ ക്യാപ്റ്റനായി ടീമിനെ നയിച്ചുതുടങ്ങിയ കോഹ്ലി ഒരേയൊരു തോൽവി മാത്രമേ വഴങ്ങിയിട്ടുള്ളൂ.ക്യാപ്റ്റനായ 23 കളികളിൽ 15 ജയവും രണ്ട് തോൽവികളും ആറ് സമനിലയുമാണ് കോഹ്ലിയുടെ റെക്കോഡ്.
മറുവശത്ത് 20 ടെസ്റ്റിൽ നായകനായ സ്മിത്ത് 11 ടെസ്റ്റുകളിൽ ജയിച്ചപ്പോൾ അഞ്ച് ടെസ്റ്റിൽ തോൽവിയും നാല് ടെസ്റ്റുകളിൽ സമനിലയും വഴങ്ങി.രണ്ടുപേർക്കും ഏകദേശം ഒരേ പ്രായം. കോഹ്ലിക്ക് 28. സ്മിത്തിന് 27. രണ്ടുപേരും കളിച്ചത് 92 ഇന്നിങ്സ്.54 ടെസ്റ്റുകളിൽനിന്ന് കോഹ്ലിയുടെ സമ്പാദ്യം 4451 റൺസ്. ഉയർന്ന സ്േകാർ 235. ശരാശരി 51.75. 16 സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും. 50 ടെസ്റ്റുകളിലെ 92 ഇന്നിങ്സുകളിൽനിന്ന് സ്മിത്ത് നേടിയത് 4752 റൺസാണ്. ഉയർന്ന സ്കോർ 215. ശരാശരിയിൽ കോഹ് ലിയെക്കാൾ ഏറെ മുന്നിൽ. 60.15. സെഞ്ച്വറിയിലും അർധ െസഞ്ച്വറിയിലും കോഹ്ലിയെക്കാൾ മുന്നിൽ സ്മിത്ത് തന്നെ. 17 സെഞ്ച്വറി. 20 അർധ സെഞ്ച്വറി.
തുടർച്ചയായ മൂന്ന് പരമ്പരകളിൽ ഇരട്ട സെഞ്ച്വറി നേടിയ കോഹ്ലി നാലാം പരമ്പരയിലും നേട്ടം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചിലെ ‘ചതിക്കുഴികൾ’ മറികടക്കാൻ ഏറെ തയാറെടുപ്പോടെയാണ് ആസ്ട്രേലിയ വരുന്നത്. ന്യൂസിലൻഡും ഇംഗ്ലണ്ടും ഇടറിവീണപോലെ അത്ര വേഗം കീഴടങ്ങുന്നവരല്ല കങ്കാരുക്കൾ. അതുകൊണ്ടുതന്നെ മത്സരം തീ പാറുമെന്നുറപ്പാണ്.
രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും
ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രണ്ട് ബൗളർമാരെയാണ് ഒാസീസിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നേരിടേണ്ടത്. അതിവേഗത്തിൽ വിക്കറ്റുകൾ പിഴുത് റെക്കോഡിലേക്ക് കുതിക്കുന്ന ഒന്നാം റാങ്കുകാരൻ രവിചന്ദ്ര അശ്വിനിലും രണ്ടാമൻ രവീന്ദ്ര ജദേജയിലുമാണ് ഇന്ത്യൻ പ്രതീക്ഷകൾ തളിർക്കുന്നത്.
ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽനിന്ന് നയിക്കുന്ന ബാറ്റിങ്ങിൽ ഇന്ത്യക്ക് പരിഭ്രമങ്ങളില്ല. ഒാപണർ മുതൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയും അശ്വിനും ജദേജയും വരെ നീളുന്ന ബാറ്റിങ ലൈനപ്പ് ഭദ്രമാണ്. ആദ്യ പന്തു മുതൽ തിരിഞ്ഞു തുടങ്ങുമെന്ന ഉറപ്പിലാണ് തങ്ങൾ കടന്നുവരുന്നതെന്ന് സ്റ്റീവൻ സ്മിത്ത് പറയുന്നു. സ്പിന്നർ നഥാൻ ലിയോണിലാണ് ഒാസീസും പ്രതീക്ഷ വെക്കുന്നത്. പരമ്പര 3-0ത്തിനോ 4-0ത്തിനോ ജയിക്കാനായാൽ ലോക റാങ്കിങ്ങിൽ ഒന്നാമതാകാൻ ഒാസീസിനാവും. അതേസമയം, ഇന്ത്യ 3-0ത്തിനോ 3-1നോ പരമ്പര സ്വന്തമാക്കുമെന്ന് മുൻ ടെസ്റ്റ് താരം വീരേന്ദ്ര സെവാഗ് കട്ടായം പ്രവചിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.