ന്യൂഡൽഹി: അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. ലോധകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്നാണ് നടപടി. സെപ്തംബര്‍ 30ന് ചേര്‍ന്ന ബി.സി.സി.ഐ യോഗത്തില്‍ ലോധകമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബി.സി.സി.ഐയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാൽ പരമ്പര ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ന്യൂസിലാൻറ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അതേസമയം മത്സരങ്ങള്‍ റദ്ദാക്കാനോ ബി.സി.സി.ഐയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോ നിയന്ത്രണമില്ല. സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നത് മാത്രമാണ് തടഞ്ഞിട്ടുള്ളത്. ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകൾ പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്നലെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ടെസ്റ്റ് റാങ്കിങില്‍ പാകിസ്താനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തില്‍ പരമ്പര റദ്ദാക്കുകയല്ലാതെ മറ്റു വഴികള്‍ തങ്ങളുടെ മുന്നിലില്ലെന്ന് മുതിര്‍ന്ന ബി.സി.സി.ഐ അംഗം അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐയുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാെണന്നും അംഗം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.