ശ്രീശാന്ത് ഒരു പ്രതീകമാണ്. അധികാര ഹുങ്കിനു മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരുടെ പ്രതീകം. നിരപരാധികൾക്കുമേൽ അപരാധത്തിെൻറ കരിമ്പടമണിയിക്കുന്ന ഡൽഹി പൊലീസിെൻറ മനുഷ്യവേട്ടയുടെ പ്രതീകം. കൈപ്പിടിയിലൊതുങ്ങാത്തവെൻറ കരിയറിന് കൂച്ചുവിലങ്ങിടുന്ന ബി.സി.സി.െഎയുടെ അഹങ്കാരത്തിെൻറ പ്രതീകം. പരമോന്നത നീതിപീഠം കുറ്റമുക്തനാക്കിയിട്ടും ക്രിക്കറ്റ് ബോർഡിെൻറ വിലക്കു നീക്കാൻ പിന്നെയും കോടതി കയറേണ്ടിവന്ന ശ്രീശാന്തിെൻറ കരിയർ ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്- ‘ആർക്ക് കഴിയും നഷ്ടപ്പെട്ട ആ ദിനങ്ങൾ തിരിച്ചുനൽകാൻ?’ നാലു കൊല്ലം മുെമ്പാരു നാൾ ഒാർക്കുന്നില്ലേ. കൃത്യമായി പറഞ്ഞാൽ 2013 മേയ് 16. ഒത്തുകളിക്കാരനെന്ന മുദ്രചാർത്തി കരിമ്പടവും കൈവിലങ്ങുമണിയിച്ച് ഡൽഹി പൊലീസിലെ കാക്കിപ്പട മാധ്യമങ്ങൾക്കു മുന്നിൽ ശ്രീശാന്തിെന പ്രദർശിപ്പിച്ചപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയത് കേരളമാണ്. വ്യാജ ഏറ്റുമുട്ടലും കള്ളക്കേസും ദിനചര്യയാക്കിയ ഡൽഹി പൊലീസിനെ സംബന്ധിച്ചിടത്തോളം ശ്രീശാന്ത് അവർക്കൊരു ഇരയേ ആയിരുന്നില്ല. കുറച്ചുനാൾ കൊണ്ടുനടക്കാൻ ഒരാൾ. അല്ലെങ്കിൽ, കോഴവിവാദത്തിൽ ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടാൻ ഒരാൾ. ഡൽഹി പൊലീസിന് അത്രമാത്രം മതിയായിരുന്നു. അവർ അത് ആവോളം ആസ്വദിക്കുകയും ഉപയോഗിക്കുകയും ചെയ്തു. ആഡംബരത്തിനായി മക്കോക്കയും ചുമത്തിക്കൊടുത്തു. ഭീകരവാദികളെ കൊണ്ടുപോകുന്നതിന് സമാനമായി വൻ സന്നാഹത്തോടെയാണ് അവർ ശ്രീയെ കൊണ്ടുനടന്നത്.
ബി.സി.സി.െഎ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ ഹൈകോടതി വിധി അറിഞ്ഞശേഷം മടങ്ങുന്ന ശ്രീശാന്ത്
കരിയറിെൻറ ഉന്നതിയിൽ നിൽക്കുേമ്പാഴാണ് കോഴക്കേസിൽ കുടുക്കി ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ആജീവനാന്ത വിലക്കായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ സമ്മാനം. സ്റ്റേഡിയങ്ങളിൽ കയറുന്നതിനുപോലും വിലക്കേർപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിെൻറ പടിവാതിൽക്കൽപോലും ശ്രീയെ അടുപ്പിച്ചില്ല. കോടികൾ കൊയ്യുന്ന െഎ.പി.എൽ വീട്ടിലിരുന്ന് കാണേണ്ടിവന്നു. സ്കോട്ലാൻഡ് ലീഗിൽ കളിക്കാൻ കിട്ടിയ അവസരം ബി.സി.സി.െഎ ഇടപെട്ട് ഇല്ലാതാക്കി. വീണുകിടക്കുന്നവനെ അടിക്കാൻ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. മലയാളികൾപോലും വിളിച്ചു പറഞ്ഞു, ‘അവന് അങ്ങനെ തന്നെ വേണം’ എന്ന്. അതിന് കാരണവുമുണ്ടായിരുന്നു. പേരിൽ മാത്രമായിരുന്നു ശ്രീശാന്തിെൻറ ശാന്തത. കളത്തിനകത്തും പുറത്തുമുള്ള ശ്രീയുടെ ആക്രമണോത്സുകത മലയാളികൾക്ക് അത്ര രസിച്ചില്ല. അതുകൊണ്ടാണ് അവർ അവനെ അഹങ്കാരിയെന്നു വിളിച്ചത്.
നിയമ പോരാട്ടത്തിെൻറ അവശതകൾക്കിടയിൽ ശ്രീശാന്ത് സമയം കണ്ടെത്തിയത് സിനിമക്കും പാട്ടിനും വേണ്ടിയായിരുന്നു. എസ് 36 എന്നപേരിൽ മ്യൂസിക് ബാൻഡ് തുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ‘ടീം ഫൈവ്’ എന്ന ചിത്രത്തിൽ നായക വേഷത്തിലും ശ്രീയെത്തി. മ്യൂസിക് ബാൻഡിെൻറ പേരിൽ ക്രിക്കറ്റ് ടീമുണ്ടാക്കിയ ശ്രീശാന്തിനെ പ്രാദേശിക ഗ്രൗണ്ടുകളിൽ പോലും കണ്ടുതുടങ്ങി. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് ടിക്കറ്റുമായി ബി.ജെ.പി ശ്രീയെ സമീപിക്കുന്നത്. എങ്ങനെയെങ്കിലും വിലക്ക് നീക്കിയെടുക്കാമെന്ന് സ്വപ്നംകണ്ട ശ്രീ ബി.ജെ.പിയുടെ ജഴ്സിയിൽ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. ബി.ജെ.പി എം.പിയും ബി.സി.സി.െഎ പ്രസിഡൻറുമായിരുന്ന അനുരാഗ് ഠാകുറിെൻറ മനസ്സിൽ ഇടംപിടിച്ച് വിലക്ക് നീക്കാമെന്നായിരുന്നു ശ്രീശാന്തിെൻറ വ്യാമോഹം. തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ബി.ജെ.പിയും ബി.സി.സി.െഎയും ശ്രീയെ കൈവിട്ടു. പിന്നെ ആകെയുള്ള ആശ്രയം കോടതിയായിരുന്നു. അന്തിമവിജയമെന്നു പറയാനാവില്ലെങ്കിലും, കേരള ഹൈകോടതിയിൽ നിന്നുണ്ടായിരിക്കുന്നത് ശ്രീശാന്തിന് ആശ്വസിക്കാവുന്ന തീരുമാനമാണ്. 30ാം വയസ്സിലാണ് ശ്രീശാന്തിെൻറ കരിയറിന് ബി.സി.സി.െഎ കൂച്ചുവിലങ്ങിടുന്നത്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും മികവ് പുറത്തെടുക്കുന്ന പ്രായം. ശ്രീശാന്തിെൻറ ഏറ്റവും വലിയ നഷ്ടം ഇൗ നാലു വർഷങ്ങളായിരിക്കും. പോയകാലത്തിെൻറ നഷ്ടങ്ങൾ നികത്തി മലയാളത്തിെൻറ ശ്രീ മൈതാനത്ത് തിരിച്ചെത്തുമെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.