ന്യൂഡല്‍ഹി: വാളോങ്ങിപ്പിടിച്ച് ഒരു വര്‍ഷത്തിലേറെ മര്യാദപഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ ഒരൊറ്റ ഉത്തരവിലൂടെ വരച്ചവരയില്‍ നിര്‍ത്തി സുപ്രീംകോടതി. ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാത്തതു സംബന്ധിച്ചായിരുന്നു കോടതിയും ബി.സി.സി.ഐയും തമ്മിലെ പോരാട്ടം. എന്നാല്‍, കേസിന്‍െറ വാദത്തിനിടെ വ്യാജ സത്യവാങ്മൂലം നല്‍കിയതിന്‍െറ പേരിലാണ് ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് അനുരാഗ് ഠാകുറിനെയും സെക്രട്ടറി അജയ് ഷിര്‍കെയെയും സുപ്രീംകോടതി പുറത്താക്കിയതും കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയതും.
ക്രിക്കറ്റ് ഭരണതലത്തിലെ ശുദ്ധികലശത്തിന് നിയോഗിച്ച ലോധ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ വിഘ്നംനില്‍ക്കുന്നവര്‍ എന്ന പരാമര്‍ശത്തോടെയാണ് സുപ്രീംകോടതി തിങ്കളാഴ്ച ഇരുവരെയും തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കിയത്. ലോധ കമ്മിറ്റി ശിപാര്‍ശ അംഗീകരിച്ച സുപ്രീംകോടതി, ഇവ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍ തന്നെ ഠാകുറിന്‍െറ നേതൃത്വത്തില്‍ ബോര്‍ഡ് തടസ്സവാദങ്ങളുമായി കോടതിയിലത്തെി. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്ന ഇന്ത്യന്‍ കായികലോകത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് സുപ്രീംകോടതി നടപടി.
ഇനി ആര് ഭരിക്കും?
പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പുറത്താക്കിയ കോടതി വൈസ് പ്രസിഡന്‍റ്, ജോയന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലുള്ളവരില്‍നിന്ന് യോഗ്യരായവര്‍ക്ക് ഇടക്കാല ചുമതല നല്‍കാനാണ് നിര്‍ദേശിച്ചത്. ലോധ കമ്മിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുതിര്‍ന്ന ഭാരവാഹിയെ പരിഗണിക്കണമെന്നാണ് അമിക്കസ് ക്യൂറിമാരായ ഫാലി എസ്. നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരോട് നിര്‍ദേശിച്ചത്. നിലവില്‍ ജോയന്‍റ് സെക്രട്ടറിയായ അമിതാഭ് ചൗധരി സെക്രട്ടറിയാവും.
എന്നാല്‍, പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആര് വരും എന്നതു സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്നു. സെന്‍ട്രല്‍ സോണ്‍ പ്രതിനിധി സി.കെ. ഖന്നയാണ് മുതിര്‍ന്ന വൈസ് പ്രസിഡന്‍റ്. എന്നാല്‍, ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന ഖന്നയെ അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്യില്ല. ഈസ്റ്റ് സോണ്‍ പ്രതിനിധി ഗൗതം റോയ്, സൗത്ത് സോണ്‍ പ്രതിനിധി ഡോ. ഗംഗ രാജു എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. കെ.സി.എ പ്രസിഡന്‍റ് ടി.സി മാത്യു, നോര്‍ത്ത് സോണില്‍നിന്നുള്ള എം.എല്‍. നെഹ്റു എന്നിവരാണ് മറ്റു രണ്ട് വൈസ് പ്രസിഡന്‍റുമാര്‍. ലോധ മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതരായ ഇവരില്‍ ആരെങ്കിലും പ്രസിഡന്‍റാവുമോയെന്നാണ് കാത്തിരിപ്പ്. സൗരവ് ഗാംഗുലിയും പരിഗണനയിലുണ്ട്. അതേസമയം, ഇടക്കാല ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്നതുവരെ സി.ഇ.ഒ രാഹുല്‍ ജൊഹ്റി ബോര്‍ഡിന്‍െറ ദൈനംദിന കാര്യങ്ങളില്‍ ചുമതല വഹിക്കും.
ക്രിക്കറ്റിന് എങ്ങനെ?
കോടതി ഉത്തരവില്‍ ഭാരവാഹികള്‍ പുറത്താക്കപ്പെട്ടെങ്കിലും ആഭ്യന്തര-രാജ്യാന്തര മത്സരങ്ങളെ ബാധിക്കില്ല. ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന പരമ്പര ഈ മാസം 15ന് തുടങ്ങാനിരിക്കെ അതിനാവശ്യമായ ഫണ്ടുകള്‍ കോടതി നേരത്തേ അനുവദിച്ചു.
അപ്പീലിനില്ല
കോടതി ഉത്തരവിനെതിരെ ബോര്‍ഡ് അപ്പീല്‍ സമര്‍പ്പിക്കാനിടയില്ല. ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷത്തിലേറെയായി നടത്തിയ നിയമപോരാട്ടത്തിലെല്ലാം ബോര്‍ഡിന് പരാജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.