കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് എടുക്കുന്നതിന് കുറ്റിക്കാട്ടിലേക്ക് പോയ പതിമൂന്നുകാരന് ബോംബ് പൊട്ടി പരിക്ക്. കണ്ണൂർ സിറ്റി ജുമാമസ്ജിദിന് സമീപം റുബീനാസിൽ റഷീദ്-റുബീന ദമ്പതികളുടെ മകനും എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് റാസക്കാണ് പരിക്ക്.
ശനിയാഴ്ച ഉച്ച ഒരു മണിക്ക് കസാനക്കോട്ട കോട്ടയിലെ പള്ളിക്കുസമീപത്തെ മൈതാനത്താണ് സംഭവം. കൈകളിലും നെഞ്ചിലും വയറ്റിലും ആണികളും കൽച്ചീളുകളും തറച്ചുകയറിയ റാസയെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോട്ടയിലെ പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞസ്ഥലത്തെ മൈതാനത്തിെൻറ വശങ്ങളിൽ വളർന്ന കുറ്റിക്കാട്ടിലാണ് ബോംബ് കിടന്നിരുന്നത്. ആരോ ഒളിപ്പിച്ചതാണെന്ന് സംശയിക്കുന്നു. റെയിൽവേയുടെ കീഴിലുള്ള പ്രദേശമാണിത്. റെയിൽവേ ലൈനിനുവേണ്ടി മണ്ണെടുത്ത സ്ഥലമാണ് മൈതാനമായി മാറിയത്. പരീക്ഷ അവധിക്ക് സ്കൂൾ പൂട്ടിയപ്പോൾ ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു റാസയും കൂട്ടുകാരും. കളിക്കുന്നതിനിടെ ബോൾ എടുക്കാൻ കുറ്റിക്കാട്ടിലേക്ക് പോയ റാസ ഉരുണ്ട വസ്തുകണ്ട് കൈയിലിരുന്ന ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ഉടനെ വലിയ സ്ഫോടനമുണ്ടാവുകയുമായിരുന്നു.
സ്ഫോടനത്തിെൻറ ശക്തിയിൽ റാസ തെറിച്ചുവീണു. റാസയുടെ കൈയിലുണ്ടായിരുന്ന ബാറ്റും തകർന്നു. ശബ്ദംകേട്ട് പള്ളിയിലും സമീപത്തെ വീടുകളിലുമുണ്ടായിരുന്നവർ എത്തി റാസയെ പള്ളിമുറ്റത്തെത്തിച്ചു. രക്തം നിലക്കാത്തതിെന തുടർന്ന് ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബോംബിൽ മാരകമായ ചില കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.