ചെന്നൈ: ഇരമ്പിയാർക്കുന്ന തിരമാലകണക്കെ കുതിച്ചെത്തിയ ചെന്നൈയിന് മുന്നിൽ തരിപ്പണമായി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ജയമെന്ന വലിയ സ്വപ്നവുമായി അയൽനാട്ടിലെത്തിയ മഞ്ഞപ്പടക്ക് 3-1െൻറ നാണംകെട്ട തോൽവി. പുതിയ കോച്ച് ഓവൻ കോയലിന് കീഴിൽ രൂപവും ഭാവവും മാറിയ അയൽക്കാരെയാണ് സൗത്ത് ഇന്ത്യൻ ഡർബിയിൽ കാണാൻ കഴിഞ്ഞത്. കളിയുടെ ആദ്യപകുതിയിലായിരുന്നു ചന്തമാർന്ന മൂന്ന് ഗോളിെൻറയും പിറവി. വലതു വിങ്ങിലൂടെ ചീറ്റപ്പുലി വേഗത്തിൽ കുതിച്ചുപാഞ്ഞ ലാലിയാൻസുവാല ചാങ്തെയുടെ അതിവേഗത്തിന് മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ് പൊളിഞ്ഞുപാളീസായത്. ആന്ദ്രെ ഷെംബ്രി (4), ലാലിയാൻസുവാല ചാങ്തെ (30), നെറിജുസ് വാൽസ്കിസ് (40) എന്നിവരാണ് ചെന്നൈയിെൻറ ഗോൾവേട്ടക്കാർ. ബ്ലാസ്റ്റേഴ്സിനായി ഒഗ്ബച്ചെ (14) ആശ്വാസഗോൾ നേടി.
രണ്ടാം ജയത്തോടെ ചെന്നൈയിൻ ഒമ്പത് പോയൻറുമായി എട്ടാം സ്ഥാനത്തേക്ക് കയറി. നാലാം തോൽവിയുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതിലേക്ക് പടിയിറങ്ങി.
ചെന്നൈ റീലോഡഡ്
പരിക്കുകാരണം പുറത്തായിരുന്നു നായകൻ ബർത്ലോമിയോ ഒഗ്ബച്ചെ തിരിച്ചെത്തുകയും, മധ്യനിരയിൽ മരിയോ ആർക്വെസ്, റാഫേൽ മെസ്സി ബൗളി കൂട്ട് നിലയുറപ്പിക്കുകയും ചെയ്തതോടെ ആശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ, കിക്കോഫ് വിസിലിനു പിന്നാലെ കണ്ടത് മറ്റൊരു കാഴ്ച.
സസ്പെൻഷൻ കാരണം മൈതാനത്തിന് പുറത്തിരിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷറ്റോറിയുടെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചായിരുന്ന ഓവൻ കോയലിെൻറ ചെന്നൈയിൻ കളി. 4-2-3-1 ഫോർമേഷനിൽ നെരിജസ് വാൽസ്കിസ് നയിച്ച ആക്രമണത്തിന് ഇടതടവില്ലാതെ പന്തെത്തിച്ച് റാഫേൽ ക്രിവെല്ലരോ, ആന്ദ്രെ ഷെംബ്രി, ലാലിയാൻസുവാല ചാങ്തെ മധ്യനിര ചടുലമായി. നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിലംപരിശാക്കി ക്രിവെല്ലരോ നൽകിയ ക്രോസിൽ ഷെംബ്രി ആദ്യ ഗോൾ നേടി. കളമുണരും മുേമ്പ പിറന്ന ഗോൾ മഞ്ഞപ്പടയുടെ ആത്മവിശ്വാസങ്ങളെല്ലാം കെടുത്തുന്നതായിരുന്നു.
എന്നാൽ, 14ാം മിനിറ്റിൽ ഒഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് ആശ്വസിച്ചു. മരിയോ ആർക്വെസ് തട്ടിനൽകിയ ഫ്രീകിക്ക് ഷോട്ടിനെ ഉജ്ജ്വലമായൊരു ഡ്രൈവിലൂടെ ഒഗ്ബച്ചെ വലയിലെത്തിച്ചു. കളി ആവേശത്തിലേക്ക് നീങ്ങിയ നിമിഷം.
എന്നാൽ, പിന്നെ കണ്ട ചിത്രം വേറെയായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധവും മധ്യനിരയും പൊട്ടിയപ്പോൾ ചെന്നൈ മുന്നേറ്റം ഇരമ്പിയാർത്തു.
27ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഫ്രീകിക്കിൽ പന്തെടുക്കും മുേമ്പ ചെന്നൈ അടിച്ച് ഗോളാക്കിയത് ഏറെ തർക്കത്തിന് വഴിവെച്ചു. റഫറിമാരുടെ ചർച്ചക്ക് ശേഷം ഗോൾ പിൻവലിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, അതിെൻറ നിരാശ മിനിറ്റുകൾക്കുള്ളിൽ ചെന്നൈ മാറ്റി.
30ാം മിനിറ്റിൽ വാൽസ്കിസ് നൽകിയ ക്രോസിനെ ചാങ്തെ വലയിലെത്തിച്ചാണ് പകരം വീട്ടിയത്.
40ാം മിനിറ്റിൽ ഗോളി രഹിനേഷിെൻറ അഡ്വാൻസ് ശ്രമമാണ് ഗോളായത്. ബോക്സിന് പുറത്തുനിന്നും കുത്തിയകറ്റാനുള്ള ശ്രമത്തിനിടെ ചാങ്തെ പന്ത് ലോബ് ചെയ്ത് പോസ്റ്റിലേക്ക് വിട്ടു. ബാറിൽ തട്ടിമടങ്ങിയെങ്കിലും ഓടിയെത്തിയ വാൽസ്കിസ് സ്കോർ ചെയ്തു (3-1).
ബ്ലാസ്റ്റേഴ്സിെൻറ കളിയിൽ രണ്ടാം പകുതിയിൽ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. പ്രതിരോധം ശക്തമാക്കിയെത്തിയ ചെന്നൈയിൻ എതിരാളികളെ ഫൈനൽ തേഡ് തൊടാൻ അനുവദിക്കാതെ അകറ്റിനിർത്തി. ഒഗ്ബച്ചെക്ക് പകരം മുസ്തഫ നിങ്ങും സെയ്ത്യ സെന്നിന് പകരം സഹൽ അബ്ദുൽ സമദുമെത്തിയിട്ടും കാര്യമായ മാറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.