ദുബൈ: കൈയെത്തും അകലെ വീണ്ടും കിരീടം കൈവിട്ട് പി.വി. സിന്ധു. സൂപ്പർ സീരീസ് ഫൈനൽ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയാവാനൊരുങ്ങിയ സിന്ധുവിനെ മാരത്തൺ പോരാട്ടത്തിലൂടെ കീഴടക്കി ജപ്പാെൻറ ലോക രണ്ടാം നമ്പറുകാരിയായ അകാനെ യമാഗുച്ചി ദുബൈയിലെ താരമായി. രണ്ടുദിവസം മുമ്പ് ഗ്രൂപ് റൗണ്ടിൽ തോൽപിച്ച അതേ താരത്തിനു മുന്നിലായിരുന്നു സിന്ധുവിെൻറ കീഴടങ്ങൽ. ഒന്നര മണിക്കൂർ നീണ്ട മത്സരത്തിൽ ആദ്യ ഗെയിം ജയിെച്ചങ്കിലും തുടർച്ചയായ രണ്ട് ഗെയിം കൈവിട്ടു. സ്കോർ 21-15, 12-21, 19-21.
റാങ്കിങ്ങിൽ മുന്നിലായിരുന്നെങ്കിലും മുഖാമുഖ പോരാട്ടത്തിലെ മുൻതൂക്കവുമായിറങ്ങിയ സിന്ധുവിനൊപ്പമായിരുന്നു പ്രവചനങ്ങൾ. ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ 5-2ന് ലീഡ് ചെയ്ത സിന്ധു മുൻ റെക്കോഡ് പോലെ തന്നെ ദുബൈയിലും തുടങ്ങി. ക്രോസ്ഷോട്ടും നെറ്റ്ഷോട്ടും ധാരാളം കണ്ട ഗെയിമിൽ അനായാസമായിരുന്നു സിന്ധുവിെൻറ ജയം (21-15). 23 മിനിറ്റിനുള്ളിൽ ഒന്നാം ഗെയിം തീർപ്പാക്കി. എന്നാൽ, രണ്ടാം സെറ്റിൽ പോരാട്ടവീര്യം കുറച്ചതോടെ ജപ്പാൻ താരം തിരിച്ചെത്തി.
ഒാടിക്കളിക്കാൻ മടികാണിച്ച സിന്ധുവിനെ വശംകെടുത്തി യമാഗുച്ചി അനായാസം ലീഡെടുത്ത് രണ്ടാം ഗെയിം കൈക്കലാക്കി. ഇതോടെ, കിരീടനിർണയം മൂന്നാം ഗെയിമിൽ. സിന്ധുവിനായിരുന്നു തുടക്കത്തിലേ ലീഡ് (4-0). എന്നാൽ, തിരിച്ചുവന്ന ജപ്പാൻ താരം ഒപ്പമെത്തി (5-5). പിന്നെ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. 19-19 വരെ ഇൗ കളി തുടർന്നു. കളംനിറഞ്ഞ് ഒാടിയ ഇരുവരും ലോങ് റാലികൾക്കൊടുവിൽ തളർന്ന് കോർട്ടിൽ വീഴുന്നതും പലതവണ കണ്ടു. ഒടുവിൽ, അവസാന വട്ടത്തിൽ തുടർച്ചയായി രണ്ട് പോയൻറ് നേടി യമാഗുച്ചി സൂപ്പർ സീരീസ് ഫൈനൽ കിരീടത്തിൽ മുത്തമിട്ടു.
കഴിഞ്ഞ ആഗസ്റ്റിലെ േലാക ചാമ്പ്യൻഷിപ് ഫൈനലിലേതിനു സമാനമായ തോൽവി. അന്ന് ജപ്പാെൻറ നൊസോമി ഒകുഹാരയായിരുന്നു വഴിമുടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.