കോഹ് ലിക്കും മുരളിക്കും നൂറ്​

ഹൈദരാബാദ്: ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് കളിക്കാനത്തെിയ ബംഗ്ളാ കടുവകളെ ആദ്യ ദിവസം തന്നെ ഇന്ത്യ വരവേറ്റത് ഉജ്ജ്വലമായ രണ്ട് സെഞ്ച്വറികളോടെ. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആരംഭിച്ച ഏക ടെസ്റ്റിന്‍െറ ആദ്യ ദിനം ഓപണര്‍ മുരളി വിജയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും നേടിയ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 356 റണ്‍സെടുത്തു.

ടോസ് കനിഞ്ഞത് കോഹ്ലിയെയായിരുന്നു. ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍െറ തീരുമാനം പാളിയോ എന്ന് തോന്നിപ്പിച്ചായിരുന്നു തുടക്കം. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ളാദേശ് ഇന്ത്യയെ ഞെട്ടിച്ചു. വെറും രണ്ടു റണ്ണുമായി ലോകേഷ് രാഹുല്‍ കുറ്റി തെറിച്ചു പുറത്ത്. തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നു ലോകേഷിന്‍െറ പുറത്താകല്‍. ഓഫ് സ്റ്റംപിനു പുറത്ത് ഗുഡ് ലെങ്ത്തില്‍ പതിച്ച ബംഗ്ളാ പേസ് ബൗളര്‍ തസ്കിന്‍ അഹമ്മദിന്‍െറ പന്ത് കവര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ലോകേഷിന്‍െറ ബാറ്റില്‍നിന്ന് പാഡില്‍ പതിച്ച ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. സന്ദര്‍ശകര്‍ ആഹ്ളാദത്തിന്‍െറ കൊടുമുടി കയറിയ നിമിഷം. പക്ഷേ, അത്രയും സന്തോഷിക്കാനേ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ അവസരം നല്‍കിയുള്ളൂ.

തുടര്‍ച്ചയായി 141 കി. മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ തസ്കിന്‍ അഹമ്മദും കമറുല്‍ ഇസ്ലാമും മുരളി വിജയ്യെയും ചേതേശ്വര്‍ പൂജാരയെയും ആദ്യ ഘട്ടത്തില്‍ പരീക്ഷിച്ചെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഒന്നിന് 86 എന്ന സ്കോറില്‍ ലഞ്ചിനു പിരിഞ്ഞു. കളി പുനരാരംഭിച്ചപ്പോള്‍ ഇരുവരും കൂടുതല്‍ ശക്തമായി നിലയുറപ്പിച്ചു. അതിനിടയില്‍ മുരളി അര്‍ധ സെഞ്ച്വറിയും കടന്നു. പിന്നാലെ ചേതേശ്വര്‍ പൂജാരയും അര്‍ധ സെഞ്ച്വറി കടന്നു. 51ാമത്തെ ഓവറില്‍ പൂജാര വീണു. 177 പന്തില്‍ 83 റണ്‍സെടുത്ത പൂജാരയെ വിക്കറ്റ് കീപ്പര്‍ കൂടിയായ നായകന്‍ മുഷ്ഫിഖുര്‍ റഹിമിന്‍െറ കൈയിലത്തെിച്ച് 19കാരനായ ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്‍ മിര്‍സ സന്ദര്‍ശകര്‍ക്ക് ആശ്വാസമായി. രണ്ടാം വിക്കറ്റില്‍ 172 റണ്‍സാണ് ഇരുവരും ചേര്‍ത്തത്.

പക്ഷേ, വലിയ വെടിക്കെട്ടു വരാനിരുന്നതേയുള്ളൂ. മുരളിക്ക് കൂട്ടായത്തെിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച ഫോമിലേക്കുയര്‍ന്നു. 149 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സുമായി മുരളി ഒമ്പതാമത്തെ സെഞ്ച്വറി തികച്ചു. വൈകാതെ ഇടങ്കൈയന്‍ സ്പിന്നര്‍ തൈജുല്‍ ഇസ്ലാം വിജയിന്‍െറ കുറ്റി തെറിപ്പിച്ചു. കഴിഞ്ഞ കളിയില്‍ ട്രിപ്ള്‍ സെഞ്ച്വറി അടിച്ച മലയാളി താരം കരുണ്‍ നായരെ പുറത്തിരുത്തി ടീമിലടുത്ത അജിന്‍ക്യ രഹാനെ അര്‍ധ സെഞ്ച്വറിയും കടന്ന് സെഞ്ച്വറിയിലേക്ക് കുതിച്ച ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കി. 87ാമത്തെ ഓവറില്‍ മെഹ്ദി ഹസനെ ബൗണ്ടറിയിലേക്ക് പായിച്ച് കോഹ്ലി കരിയറിലെ 16ാമത് സെഞ്ച്വറി കുറിച്ചു.

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 111 റണ്‍സുമായി കോഹ്ലിയും 45 റണ്‍സുമായി രഹാനെയും ക്രീസിലുണ്ട്. 12 ബൗണ്ടറികള്‍ കോഹ്ലി പായിച്ചപ്പോള്‍ രഹാനെ ഏഴ് പന്ത് ബൗണ്ടറി കടത്തി. അഞ്ചുവീതം സ്പെഷലിസ്റ്റ് ബൗളര്‍മാരും ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആര്‍. അശ്വിനും ജദേജക്കുമാണ് സ്പിന്‍ ഡിപ്പാര്‍ടുമെന്‍റിന്‍െറ ചുമതല. ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവരാണ് പേസ് ബൗളിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്. വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ.

കരുണ്‍ പുറത്തുതന്നെ

 കോച്ചും ക്യാപ്റ്റനും പറഞ്ഞ വാക്കു പാലിച്ചു. അജിന്‍ക്യ രഹാനെയുടെ പ്രകടനത്തിന് മുന്‍കാല പ്രാബല്യം നല്‍കിയപ്പോള്‍ ഇംഗ്ളണ്ടിനെതിരെ ഒന്നര മാസം മുമ്പ് ട്രിപ്ള്‍ സെഞ്ച്വറിയടിച്ച മലയാളി താരം കരുണ്‍ നായര്‍ ടീമിനു പുറത്തിരുന്നു. ട്രിപ്ള്‍ സെഞ്ച്വറി അടിച്ച രണ്ടാമത്തെ ഇന്ത്യക്കാരനായി റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചെങ്കിലും അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മായ്ക്കാന്‍ ഈ ഒറ്റ ട്രിപ്ള്‍ സെഞ്ച്വറി കൊണ്ട് കഴിയില്ളെന്ന് ആദ്യം കോച്ച് അനില്‍ കുംബ്ളെയും പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പറഞ്ഞിരുന്നു. അപ്പോഴേ ആദ്യ ഇലവനില്‍നിന്ന് കരുണ്‍ തെറിച്ചെന്ന് ഉറപ്പിച്ചിരുന്നു. എങ്കിലും വ്യാഴാഴ്ച ഇലവന്‍ പ്രഖ്യാപിക്കുന്നതുവരെ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്ന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ അഞ്ചാം ബാറ്റ്സ്മാന്‍െറ കാര്യത്തില്‍ തീരുമാനമായി.

ഓപണര്‍മാരുടെ റോളില്‍ ലോകേഷ് രാഹുലും വിജയ് മുരളിയും ഇളക്കമില്ളെന്നുറപ്പായിരുന്നു. മികച്ച ഫോമിലുള്ള ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കഴിഞ്ഞ് അഞ്ചാമന്‍െറ റോളില്‍ അജിന്‍ക്യ രഹാനെയത്തെന്നെ ഉറപ്പിച്ചപ്പോള്‍ കരുണ്‍ കരക്കിരുന്നു. മൂന്നാമത്തെ ടെസ്റ്റില്‍ ട്രിപ്ള്‍ സെഞ്ച്വറി നേടിയ ശേഷം തൊട്ടടുത്ത ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവന്ന ബാറ്റ്സ്മാന്‍ എന്ന അപൂര്‍വ ‘റെക്കോഡിന്’ കൂടി ഉടമയായിരിക്കുകയാണ്. ഇംഗ്ളണ്ടിനെതിരെ ചെന്നൈയില്‍ നടന്ന അഞ്ചാം ടെസ്റ്റിലായിരുന്നു കരുണ്‍ 303 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. അതിനു ശേഷം ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത് ബംഗ്ളാദേശിനെതിരെ ഹൈദരാബാദിലാണ്.

മുന്‍നിരയിലെ അഞ്ചു ബാറ്റ്സ്മാന്മാരില്‍ ആരെങ്കിലും പരിക്കുപറ്റി പുറത്തിരുന്നാല്‍ മാത്രമേ ഇനിയുള്ള ആസ്ട്രേലിയന്‍ പര്യടനത്തിലും കരുണിന് കനിവുണ്ടാകൂ. ഇല്ളെങ്കില്‍ റിസര്‍വ് ബെഞ്ചിലാവും ട്രിപ്ള്‍ സെഞ്ച്വറിക്കാരന്‍െറ ഇരിപ്പിടം. റെക്കോഡ് നേട്ടം കുറിച്ച ഒരു കളിക്കാരന്‍െറ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ മാത്രമെ ടീം മാനേജ്മെന്‍റിന്‍െറ ഈ നടപടി സഹായിക്കൂ.

Tags:    
News Summary - india bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.