കൊല്‍ക്കത്ത: കഴിഞ്ഞ ഏപ്രില്‍ മൂന്നിന് രാത്രി ഈഡന്‍ ഗാര്‍ഡനില്‍ സംഭവിച്ചത് മറക്കാനാണ് ബെന്‍ സ്റ്റോക് ആഗ്രഹിച്ചിരുന്നത്. അതേ ഈഡനില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിന്‍െറ രാത്രി ഏറെക്കാലം സ്റ്റോക്കിന്‍െറ ഓര്‍മകളുടെ സ്റ്റോക് റൂമിലുണ്ടാവും. ഒമ്പതു മാസംമുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ കശാപ്പിനിരയായ അതേ മൈതാനത്ത് ഞായറാഴ്ച ബാറ്റുകൊണ്ടും ബാളുകൊണ്ടും ഉറഞ്ഞുതുള്ളിയ ബെന്‍ സ്റ്റോക് ഇംഗ്ളണ്ട് കൊതിച്ച വിജയം നേടിക്കൊടുക്കുകയായിരുന്നു. ഒപ്പം കഴിഞ്ഞ 30 വര്‍ഷമായി ഈഡന്‍ ഗാര്‍ഡനില്‍ ജയിച്ചിട്ടില്ളെന്ന ദുഷ്കീര്‍ത്തിയും ഇംഗ്ളീഷ് ടീം മായ്ച്ചുകളഞ്ഞു.
ഈഡനില്‍ ഒമ്പതു മാസംമുമ്പ് നാലു പന്തില്‍ ബെന്‍ സ്റ്റോക് വഴങ്ങിയത് 24 റണ്‍സ്. ഒപ്പം ഒരു ലോകകപ്പും. അവസാന ഓവര്‍ എറിയാന്‍ ബെന്‍ സ്റ്റോക് എത്തുമ്പോള്‍ ഇംഗ്ളണ്ടിന് മുന്നില്‍ പ്രധാന വെല്ലുവിളിയായിരുന്നത് കഴിഞ്ഞ 30 വര്‍ഷമായി ഈ മൈതാനത്ത് ജയിച്ചിട്ടില്ളെന്ന പേടിപ്പെടുത്തുന്ന റെക്കോഡായിരുന്നു. സംഭവിച്ചതും അതുതന്നെ. ആറു പന്തില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. നേരിടുന്നതാകട്ടെ അത്രയൊന്നും അറിയപ്പെടാത്ത കാര്‍ലോസ് ബ്രാത്വെയ്റ്റ് എന്ന ബാറ്റ്സ്മാന്‍.
ആദ്യ പന്ത് സിക്സറിന് പറത്തിയ ബ്രാത്വെയ്റ്റ് അടുത്ത മൂന്നു പന്തിലും അതാവര്‍ത്തിച്ചപ്പോള്‍ ക്രീസില്‍ തലയില്‍ കൈവെച്ചിരുന്നുപോയ സ്റ്റോകിനെ സഹകളിക്കാര്‍ ആശ്വസിപ്പിക്കുകയായിരുന്നു. ഒരു ബൗളറുടെ കരിയര്‍പോലും അവസാനിച്ചുപോകാവുന്ന ആ അവസ്ഥയെ ഓര്‍മയില്‍നിന്നുപോലും മായ്ച്ചുകളഞ്ഞ് സ്റ്റോക് തിരിച്ചുവന്നിരിക്കുന്നു.
മൂന്നാം ഏകദിനത്തില്‍ 39 പന്തില്‍ വിലപ്പെട്ട 57 റണ്‍സാണ് സ്റ്റോക് ഇംഗ്ളണ്ട് സ്കോര്‍ബോര്‍ഡിലത്തെിച്ചത്. നാല് ഫോറും രണ്ട് സിക്സറും പായിച്ച് ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരില്‍ ഏറ്റവും അക്രമകാരിയുമായി. പന്തെടുത്തിറങ്ങിയപ്പോള്‍ ഏറ്റവും അപകടകാരിയായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും തച്ചുതകര്‍ത്ത ഹര്‍ദിക് പാണ്ഡ്യയുടെയും അശ്വിന്‍െറയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി.
കളിയിലെ കേമന്‍ ബെന്‍ സ്റ്റോക്കാണെങ്കിലും ഇന്ത്യയുടെ കൈയിലായ വിജയം തട്ടിയെടുത്തതിന്‍െറ ക്രെഡിറ്റ് അവസാന ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനാണ്. അവസാന പന്തുവരെ വിജയസാധ്യത ഇരുവശത്തുമായി നിന്ന മത്സരത്തില്‍ വോക്സ് അവസാനമെറിഞ്ഞ നാലു പന്തുകള്‍ കളി തിരിച്ചു.
ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 322 റണ്‍സ്. 70 പന്തില്‍ 80 റണ്‍സുമായി ആളിക്കത്തി നിന്ന കേദാര്‍ ജാദവിനെതിരെ പന്തുമെടുത്ത് അവസാന ഓവര്‍ എറിയാനത്തെുമ്പോള്‍ ഇന്ത്യന്‍ ജയത്തിന് വേണ്ടത് ആറ് പന്തില്‍ 16 റണ്‍സ്. വോക്സിന്‍െറ ആദ്യ പന്ത് ജാദവ് എക്സ്ട്രാ കവര്‍ ബൗണ്ടറിക്കു മുകളിലൂടെ സിക്സര്‍ പറത്തി. അടുത്ത പന്ത് ഉഗ്രനൊരു ബൗണ്ടറി. ശേഷിച്ച നാലു പന്തില്‍ വേണ്ടത് വെറും ആറ് റണ്‍സ്. ജയം ഇന്ത്യക്കെന്ന് ഉറപ്പിച്ച നിമിഷം. പക്ഷേ, അടുത്ത രണ്ട് പന്തിലും ജാദവിനെ അനങ്ങാന്‍ വിട്ടില്ല വോക്സ്.
പുതിയ ബാറ്റെടുത്ത് അടുത്ത പന്തു നേരിട്ട ജാദവിന് പിഴച്ചു. ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡായി പതിച്ച പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമം ബൗണ്ടറിലൈനു മുന്നില്‍ സാം ബില്ലിങ്സിന്‍െറ കൈയില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ നിസ്സഹായനാക്കിയപ്പോള്‍ ഇംഗ്ളണ്ട് അഞ്ച് റണ്‍സിന് വിജയം നുണഞ്ഞു.ബൗളര്‍മാര്‍ പൊതിരെ തല്ലുകൊണ്ട മൂന്ന് ഏകദിനത്തിലും ഇരു ടീമുകളുടെ സ്കോറും 300 കടന്നു. അവസാന മത്സരം ജയിച്ചതിന്‍െറ മുഴുവന്‍ ക്രെഡിറ്റും ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ചൊരിയുന്നത് ബെന്‍ സ്റ്റോക്കിലാണ്.
അതേസമയം, മൂന്നാം ഏകദിനം കൈയകലത്തില്‍ നഷ്ടമായതിനെക്കുറിച്ച് വിരാട് കോഹ്ലിക്ക് നിരാശയില്ല. 173ന് അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും മത്സരത്തിലേക്ക് തിരിച്ചുകയറ്റിയ കേദാര്‍ ജാദവിന്‍െറയും (75 പന്തില്‍ 90) ഹര്‍ദിക് പാണ്ഡ്യയുടെയും (43 പന്തില്‍ 56) മികച്ച പ്രകടനത്തെക്കുറിച്ച് ക്യാപ്റ്റന് പറയാന്‍ ഏറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.