ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്

റാഞ്ചി: സ്വന്തം നാടാണ്. ചുറ്റും നാട്ടുകാര്‍. അവര്‍ക്കു മുന്നില്‍ ഇതുവരെ തോറ്റിട്ടില്ല. പരമ്പരയിലെ നാലാം ഏകദിനത്തിന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ച ടോസിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കണക്കുകളില്‍ കളി ഇന്ത്യന്‍ വരുതിയിലാണ്. പോരാത്തതിന് നാലാം നമ്പറിലിറങ്ങി ഫോം തിരിച്ചുപിടിച്ചതിന്‍െറ ആത്മവിശ്വാസവും.

ഇന്ന് ജയിച്ചാല്‍ പരമ്പര നേരത്തേ സ്വന്തമാക്കാമെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു കളികളുടെ പരമ്പരയില്‍ 2-1ന് ധോണിയും കൂട്ടരുമാണ് മുന്നില്‍.
ആദ്യ ഏകദിനം അനായാസം ജയിച്ച ടീം രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സകലെ ഇടറിവീണപ്പോള്‍ ഏറെ പഴികേട്ടത് ക്യാപ്റ്റന്‍ ധോണിയായിരുന്നു. അതിവേഗത്തില്‍ റണ്ണെടുക്കാന്‍ മിടുക്കനായ ധോണി 39 റണ്‍സെടുക്കാന്‍ 65 പന്തുകള്‍ ചെലവിട്ടപ്പോള്‍ ഏറ്റ എല്ലാ വിമര്‍ശങ്ങളെയും ബാറ്റിങ് ഓര്‍ഡറില്‍ ഒരുപടി കൂടി മുകളില്‍ കയറി നാലാം നമ്പറില്‍ ധോണി തകര്‍ത്തുവിടുകയായിരുന്നു. 91 പന്തില്‍ മൂന്നു സിക്സറും ആറു ബൗണ്ടറിയുമായി ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ധോണി സിക്സറുകളുടെ കാര്യത്തിലും റെക്കോഡ് തിരുത്തി.

463 ഏകദിനങ്ങളില്‍നിന്ന് 195 സിക്സറുകള്‍ പറത്തിയ സചിന്‍ ടെണ്ടുല്‍കറുടെ റെക്കോഡാണ് 281ാമത്തെ മത്സരത്തില്‍ മൂന്നാമത്തെ സിക്സറില്‍ ധോണി തിരുത്തിയത്. ഏകദിനത്തില്‍ 9000 റണ്‍സും തികച്ച ധോണി സചിന്‍, ഗാംഗുലി, ദ്രാവിഡ്, അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കു പിന്നാലെ അഞ്ചാമതത്തെി. ശരാശരിയുടെ കാര്യത്തില്‍ ഇവരെയൊക്കെ കടത്തിവെട്ടുകയും ചെയ്തു. 50നു മുകളില്‍ ശരാശരിയില്‍ 9000 റണ്‍സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യക്കാരനുമായി.

ഈ ഫോമിനൊപ്പം ടീമിന്‍െറ വിശ്വസ്തനായ കോഹ്ലിയുടെ അപാര ഫോമുംകൂടിയാകുമ്പോള്‍ കളിയില്‍ ഇന്ത്യക്കുതന്നെ മുന്‍തൂക്കം. ഓപണിങ്ങില്‍ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും തിളങ്ങാത്തത് ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും മധ്യനിരയില്‍ ധോണിയുടെ വിശ്വാസം കാക്കാന്‍ യുവനിര ധാരാളം. ആറു സ്പെഷലിസ്റ്റ് ബൗളര്‍മാരുമായി കളിക്കാന്‍ ധോണിക്ക് ആത്മവിശ്വാസം പകരുന്നത് ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനമാണ്. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് തയാറാവില്ളെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നല്‍കുന്ന സൂചന.

അതേസമയം, വേണ്ടത്ര ശോഭിക്കാത്ത മധ്യനിരയാണ് ന്യൂസിലന്‍ഡിന്‍െറ ഉറക്കം കെടുത്തുന്നത്. ടീമിലെ വിശ്വസ്തനായ റോസ് ടെയ്ലര്‍ക്ക് ഇനിയും ഫോം കണ്ടത്തൊനായില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാകട്ടെ, സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടുമില്ല. വമ്പന്‍ അടിക്കാരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വേഗത്തില്‍ പുറത്താകുന്നു. ആകെ ആശ്വാസം ഓപണര്‍ ടോം ലഥാമിന്‍െറ ഫോമും വാലറ്റത്തിന്‍െറ ചെറുത്തുനില്‍പുമാണ്.

 

Tags:    
News Summary - india new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.