അവസാന ഓവറില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിവികള്‍

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ ധോണി ഏകദിനത്തില്‍ ടെസ്റ്റ് കളിച്ച രണ്ടാം മത്സരത്തില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം കിവികള്‍ക്ക് വിജയത്തിന്‍െറ ആശ്വാസം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ വാലറ്റം കാഴ്ചവെച്ച വീറുറ്റ പോരാട്ടത്തെയും വേരോടെ പിഴുതാണ് ന്യൂസിലന്‍ഡ് ആറ് റണ്‍സിന്‍െറ വിജയം മൂന്നു പന്ത് ശേഷിക്കെ ഇന്ത്യയില്‍നിന്ന് തട്ടിപ്പറിച്ചത്. ജസ്പ്രീത് ബുംറയുടെ പ്രതിരോധം  പിളര്‍ന്ന് ടിം സൗത്തിയുടെ പന്ത് വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ തുടരന്‍ പരാജയങ്ങളില്‍നിന്ന് കിവികള്‍ കരകയറുകയായിരുന്നു. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും കവച്ചുവെച്ച ഫീല്‍ഡിങ് പ്രകടനമാണ് കിവികള്‍ക്ക് വിജയമൊരുക്കിയത്. 

ജസ്പ്രീത് ബുംമ്രയുടെ പന്തിൽ ടീം സൗത്തി ബൗൾഡാകുന്നു.
 

വീണ്ടുമൊരു വിജയഗാഥ കേള്‍ക്കാന്‍ ഫിറോസ് ഷാ കോട്ലയില്‍ ഓടിക്കൂടിയ  ഇന്ത്യന്‍ ആരാധകരുടെ ആരവങ്ങള്‍ക്കുമേല്‍ ആറു റണ്‍സിന്‍െറ തോല്‍വി ചാര്‍ത്തി രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് പകരംവീട്ടി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറ സെഞ്ച്വറിയുടെ ബലത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 243 റണ്‍സിന്‍െറ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യ അമ്പതാമത്തെ ഓവറിലെ മൂന്നാം പന്തില്‍ 236 റണ്‍സില്‍ ഇടറിവീണു. രണ്ടു വിക്കറ്റ് കൈയിലിരിക്കെ ഏഴു പന്തില്‍ ജയിക്കാന്‍ 11 റണ്‍സ് എന്ന ത്രസിപ്പിക്കുന്ന മാര്‍ജിനില്‍ നില്‍ക്കെ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയാണ് കളി കിവികള്‍ വരുതിയിലാക്കിയത്. പിന്നെ ബുംറയുടെ കുറ്റി പിഴുതെടുക്കുന്നത് വെറും ചടങ്ങ് മാത്രമായിരുന്നു.

വമ്പന്‍ സ്കോറുകള്‍ അനായാസം പിന്തുടര്‍ന്നു ജയിക്കുന്ന സമീപകാല അനുഭവത്തില്‍ 243 ഇന്ത്യക്ക് അപ്രാപ്യമായ ടോട്ടല്‍ ആയിരുന്നില്ല. അതിന്‍െറ ആലസ്യത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. ഉറച്ചുനിന്നു പൊരുതാന്‍ ആരുമില്ലാതെ പോയ ഇന്ത്യന്‍നിരയില്‍ കേദാര്‍ ജാദവിന്‍െറ 41 റണ്‍സായിരുന്നു ടോപ്സ്കോര്‍ എന്നതുതന്നെ ഇന്ത്യന്‍ നിരയുടെ ആലസ്യത്തിന്‍െറ ആഴം വ്യക്തമാക്കുന്നു. 
വാലറ്റത്ത് 32 പന്തില്‍ 36 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 18 റണ്‍സുമായി ഉമേഷ് യാദവുംകൂടി പിടിച്ചുനിന്നില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ തോല്‍വി ഇതിനെക്കാള്‍ ദയനീയമായേനെ.

അമിത ആത്മവിശ്വാസത്തില്‍ ബാറ്റേന്തിയ ഇന്ത്യക്ക് സ്കോര്‍ 21ല്‍ രോഹിതിനെ (15) നഷ്ടമായി. ഓപണറുടെ റോളില്‍ അജിന്‍ക്യ രഹാനെ ഇനിയും ക്ളച്ച് പിടിച്ചില്ളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. 49 പന്തില്‍ 28 റണ്‍സ്. 13 പന്തില്‍ ഒമ്പതു റണ്‍സിന് അനാവശ്യ ഷോട്ടില്‍ കോഹ്ലി പുറത്തായത് ഇന്ത്യന്‍ ആത്മവിശ്വാസത്തിനേറ്റ കനത്ത അടിയായിരുന്നു. 

ടോം ലതാമിനെ പുറത്താകിയ കേദാർ ജാദവിൻെറ ആഹ്ലാദം
 

ക്രീസില്‍ തോണിതുഴഞ്ഞ ധോണിയാകട്ടെ 39 റണ്‍സെടുക്കാന്‍ നേരിട്ടത് 65 പന്ത്. അവസാനം ഗത്യന്തരമില്ലാതെ ടിം സൗത്തിയുടെ പന്ത് സൗത്തിയുടെ കൈയിലേക്ക് കോരിക്കൊടുത്ത് ആറാമനായി ധോണി കരക്കുകയറി. 37 പന്തില്‍ രണ്ടു വീതം സിക്സറും ബൗണ്ടറിയുമായി 41 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമേ പോരാടാനുണ്ടായിരുന്നുള്ളൂ. ആറ് ബൗളര്‍മാരുമായി കളിക്കാന്‍ തീരുമാനിച്ച ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ തന്നെയാണ് പരാജയത്തിന്‍െറ പ്രധാന കാരണം. 
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ കനത്ത തിരിച്ചടി കിട്ടിയെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍െറ സെഞ്ച്വറിയും ഓപണര്‍ ടോം ലാഥമിന്‍െറ 46 റണ്‍സുമാണ് മാന്യമായ സ്കോറിലേക്കത്തൊന്‍ സഹായിച്ചത്. 

ആദ്യ ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്‍െറ രണ്ടാം പന്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ റണ്ണെടുക്കാതെ കുറ്റിതെറിച്ച് പുറത്തായപ്പോള്‍ വീണ്ടും കിവികള്‍ തകര്‍ന്നടിയുന്നതായി തോന്നിച്ചതാണ്. പക്ഷേ, കഴിഞ്ഞ കളിയില്‍ പുറത്താകാതെ പൊരുതിയ ടോം ലാഥമിന് കൂട്ടായത്തെിയ കെയ്ന്‍ വില്യംസണ്‍ ഉത്തരവാദിത്തമേറ്റെടുത്തതോടെ ഇന്ത്യന്‍ ബൗളിങ് സമ്മര്‍ദത്തിലായി. സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് കളിയിലെ കേമന്‍.


 

Tags:    
News Summary - India vs New Zealand, 2nd ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.